കൊച്ചി: കളമശ്ശേരി പോളി ടെക്നിക് കോളേജിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളെ സംരക്ഷിച്ച് എസ്എഫ്ഐ. അറസ്റ്റിലായ അഭിരാജ് ഒരു സിഗരറ്റ് പോലും വലിക്കാത്തയാളാണെന്നും കെഎസ്യുവിന്റെ പദ്ധതിയാണോയെന്ന് സംശയമുണ്ടെന്നും എസ്എഫ്ഐ കളമശ്ശേരി ഏരിയ പ്രസിഡന്റ് ദേവരാജ്. പോലീസ് അഭിരാജിനെ ഭീഷണിപ്പെടുത്തി കേസെടുക്കുകയാണ് ചെയ്തതെന്ന് ദേവരാജ് പറഞ്ഞു.
അഭിരാജിന്റെ കയ്യില്‍ നിന്നോ ഷര്‍ട്ടില്‍ നിന്നോ ബാഗില്‍ നിന്നോ ലഹരി പിടിച്ചിട്ടില്ലെന്നും പിടിക്കപ്പെട്ടപ്പോള്‍ തന്നെ താനിത് ഉപയോഗിക്കുന്നില്ലെന്ന് അഭിരാജ് പറഞ്ഞിട്ടുണ്ടെന്നും ദേവരാജ് വ്യക്തമാക്കി. കെഎസ്യുവിന്റെ ആദിലും അനന്തുവും ഒളിവിലാണെന്നും ഇവരെ പോലീസ് അന്വേഷിക്കുന്നില്ലെന്നും ദേവരാജ് പറഞ്ഞു. അഭിരാജിനെ കുടുക്കിയതാണെന്ന സംശയമുണ്ടെന്നും ദേവരാജ് കൂട്ടിച്ചേര്‍ത്തു.
ആദിലിന്റെയും ആകാശിന്റെയും മുറിയില്‍ നിന്നാണ് രണ്ട് കിലോയ്ക്ക് മുകളില്‍ കഞ്ചാവ് കിട്ടിയത്. ആദില്‍ ഇന്നലെ രാത്രി ക്യാംപസിലുണ്ടായിരുന്നു. റെയ്ഡ് നടന്ന പശ്ചാത്തലത്തില്‍ ആദില്‍ ഹോസ്റ്റലില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കെഎസ്യുവിന്റെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി കഴിഞ്ഞ വര്‍ഷം മത്സരിച്ചയാളാണ് ആദില്‍. രണ്ട് കിലോ കഞ്ചാവ് പിടിച്ച കേസില്‍ ആകാശിനെ അറസ്റ്റ് ചെയ്തു. ആദിലും അനന്തുവെന്ന മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ആകാശ് മൊഴി നല്‍കിയിട്ടുണ്ട്. അനന്തുവും ക്യാംപസില്‍ സജീവമായ കെഎസ്യു പ്രവര്‍ത്തകനാണ് – ദേവരാജ് പറയുന്നു.
എന്നാൽ എസ്എഫ്ഐയുടെ അവകാശവാദങ്ങളെല്ലാം പോലീസ് തള്ളി. കഞ്ചാവുമായി കയ്യോടെ പിടികൂടിയ കേസാണിത്. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. പരിശോധനയുടെ വീഡിയോ കൈയിലുണ്ട്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. കേസിൽ പൂർവവിദ്യാർത്ഥികൾക്കും പങ്കുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: