ന്യൂദൽഹി : രാജ്യത്ത് നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാന്റെ മനോഭാവത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വീണ്ടും ശക്തമായി മറുപടി നൽകി. പാകിസ്ഥാൻ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾ ശക്തമായി നിരസിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കിയത്.
പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നങ്ങൾക്കും പരാജയങ്ങൾക്കും മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടുന്നതിനുപകരം, അയൽരാജ്യം സ്വയം നോക്കണമെന്ന് ഇന്ത്യ പറഞ്ഞു. കൂടാതെ ആഗോള ഭീകരതയുടെ കേന്ദ്രം എവിടെയാണെന്ന് ലോകം മുഴുവൻ അറിയാം. പാകിസ്ഥാൻ ആഭ്യന്തര പ്രശ്‌നങ്ങൾക്കും പരാജയങ്ങൾക്കും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം കാര്യം നോക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഷഫ്ഖത്ത് അലി ഖാൻ അടുത്തിടെ ബലൂചിസ്ഥാനിൽ നടന്ന ട്രെയിൻ ഹൈജാക്കിംഗ് സംഭവത്തിൽ, തീവ്രവാദികൾ അഫ്ഗാനിസ്ഥാനിൽ ഇരിക്കുന്ന അവരുടെ യജമാനന്മാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പറഞ്ഞിരുന്നു.
ബലൂച് ലിബറേഷൻ ആർമിയുടെ (ബിഎൽഎ) പ്രവർത്തനങ്ങൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന നയം പാകിസ്ഥാൻ മുമ്പ് മാറ്റിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ പാകിസ്ഥാനെതിരെയുള്ള ഭീകരതയെ പിന്തുണയ്‌ക്കുന്നതിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്നും വക്താവ് ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു ജയ്സ്വാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: