പത്തനംതിട്ട: പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഊരാളുങ്കലിന് തീറെഴുതുന്നതിന്റെ ഭാഗമായി കരാറുകാര്‍ക്ക് മേല്‍ പുതിയ നിയമ വ്യവസ്ഥകളുമായി സര്‍ക്കാര്‍. ടെണ്ടര്‍ നടപടി പരിഷ്കരണം എന്ന പേരില്‍ ഈ മാസം മൂന്നിന് പ്രഖ്യാപിച്ച നിയമപ്രകാരം (ജി.ഒ നമ്പര്‍ എം.എസ് 19/ 2025) ടെണ്ടര്‍ ലഭിച്ചു കഴിയുന്നതു മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും കരാറുകാരന് ചെയ്യണം. യൂട്ടിലിറ്റി, ഷിഫ്റ്റിങ് സംബന്ധിച്ച കാര്യങ്ങളാണ് ഇതില്‍ ഏറെ വിചിത്രം. നിര്‍മാണ മേഖലയില്‍ തടസമായി നില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍, ലൈനുകള്‍, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈനുകള്, ടെലഫോണ്‍ പോസ്റ്റുകള്‍, കേബിളുകള്‍ എന്നിവയെല്ലാം അതത് വകുപ്പുകളെ ഉപയോഗിച്ച് മാറ്റുന്ന ജോലികള്‍ കരാറുകാരന് മേല്‍ നിക്ഷിപ്തമാണ്. സര്‍ക്കാരോ വ്യക്തികളോ കൈയേറിയ ഭൂമി പോലും ഒഴിപ്പിച്ചെടുക്കാന്‍ കരാറുകാരനാണ് ബാധ്യത.
ഇതുവരെ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് വൈദ്യുതി പോസ്റ്റുകള്‍ അടക്കമുള്ളവ മാറ്റി തടസങ്ങള്‍ ഒഴിവാക്കേണ്ട ചുമതല സര്‍ക്കാരിനായിരുന്നു. ഇത്തരം തടസങ്ങള്‍ ഉള്ളപ്പോള്‍ അത് പരിഹരിക്കുന്നതുവരെ നിര്‍മാണ കാലാവധി നീട്ടുമായിരുന്നു. ഇനി അതുണ്ടാവില്ല. മാത്രമല്ല, കാലാവധിക്കുള്ളില്‍ പണികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഉത്തരവാദിത്തം കരാറുകാരന്റെ തലയിലാകും. ടെര്‍മിനേഷന്‍, കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ ശിക്ഷാനടപടികളാണ് വ്യവസ്ഥയിലുള്ളത്.
എസ്റ്റിമേറ്റില്‍ പണം വകയിരുത്തിയിട്ടില്ലെങ്കില്‍ റിവൈസ് എസ്റ്റിമേറ്റ് പാസാക്കി എടുക്കാന്‍ കരാറുകാരന് തന്നെ മുന്നിട്ടിറങ്ങണം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. പണം അപര്യാപ്തമാണെങ്കില്‍ നഷ്ടം സഹിക്കണം. കഠിന വ്യവസ്ഥകള്‍ വന്നതോടെ പുതിയ പദ്ധതികളില്‍ നിന്നും മാറിനില്ക്കാന് നിര്‍ബന്ധിതരായിരിക്കുകയാണ് കരാറുകാര്‍. വമ്പന്‍ കമ്പനികള്‍ക്ക് സര്‍ക്കാരിന് നേരിട്ട് കരാര്‍ നല്കാന് ഇത് വഴിയൊരുക്കും.
വന്‍കിട റോഡ് നിര്‍മാണ പദ്ധതികള്‍ അടക്കമുള്ളവയില്‍ നിന്നും സര്‍ക്കാര്‍ കരാറുകാരെ ഒഴിവാക്കി പകരം ഊരാളുങ്കലിനെ പോലുള്ള കുത്തകകള്‍ക്ക് നിര്‍മാണമേഖല കൈമാറുക എന്നതാണ് ലക്ഷ്യം. ഊരാളുങ്കലിനെ പോലുള്ള കമ്പനികള്‍ ഇത്തരം പണികള്‍ ഏറ്റെടുത്ത് നിലവിലുള്ള കരാറുകാര്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കാനാണ് സാധ്യത. സര്‍ക്കാരിനും സാധാരണ കരാറുകാര്‍ക്കും ഇടയിലുള്ള ഏജന്‍സിയായി ഊരാളുങ്കലിനെ പോലുള്ളവര്‍ മാറും. വന്‍ തുകയ്ക്ക് നേരിട്ട് കരാര്‍ എടുക്കാനും അധിക ചെലവില്ലാതെ സമയബന്ധിതമായി ഉപകരാറുകാരെ ഉപയോഗിച്ച് പദ്ധതി പൂര്‍ത്തീകരിക്കാനും ഇതുമൂലം സാധിക്കും. പണവും പ്രസക്തിയും ഊരാളുങ്കലിന് സ്വന്തമാകുമ്പോള്‍ നഷ്ടം സഹിക്കേണ്ടി വരിക കരാറുകാരായിരിക്കും.
സര്‍ക്കാര്‍ ഉത്തരവിന് മുന്നോടിയായി കഴിഞ്ഞമാസം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ മരാമത്ത് മാന്വലും കരാര്‍ വ്യവസ്ഥകളും പരിഷ്കരിക്കുന്നതിനായി സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഒപ്പം കരാറുകാരുമായി മരാമത്ത് എന്‍ജിനീയര്‍മാര്‍ മാരത്തോണ്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ദോഷമല്ലാത്ത വ്യവസ്ഥകള്‍ കരാറുകാര്‍ അംഗീകരിച്ചതുമാണ്. എന്നാല്‍ ഒരിക്കല്‍ പോലും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: