ജി. അരവിന്ദന്‍ അദ്ദേഹം സിനിമയെ കലയായി കൊട്ടിഘോഷിച്ച കലാകാരനായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. കാഞ്ചന സീത എന്ന ചിത്രത്തില്‍ സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോയതോടെ അലയുന്ന രാമനെ ചിത്രീകരിക്കുന്നിടത്ത് മരങ്ങള്‍ കാറ്റില്‍ ഇളകുന്ന കുറേ രംഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. പ്രകൃതിയെ തന്നെ സീതയായും, സീതയെ ചൊല്ലി ദുഃഖിക്കുന്നതായും, സിനിമയിലൂടെ അരവിന്ദന്‍ കോറിയിട്ടു. അത് എന്തിനെന്നു മനസ്സിലാകാത്തവരാണേറേയും. അത് പ്രകൃതിയുടെ ദുഃഖ പ്രകടനമെന്ന് കലാത്മകമായി സിനിമയെ ആസ്വദിക്കുന്ന പ്രേക്ഷകനു മനസ്സിലാകുന്നു. ഇങ്ങനെയായിരുന്നു ജി. അരവിന്ദന്‍.
എസ്തപ്പാന്‍ എന്ന മത്സ്യത്തൊഴിലാളി കടലോരത്തിലൂടെ അലയുന്ന വിചിത്രസ്വഭാവമുള്ള ആളാണ്. കല്ലുകൊണ്ട് പലഹാരങ്ങള്‍ ഉണ്ടാക്കുക, അസുഖം ബാധിച്ച് മരണത്തോട് മല്ലടിക്കുന്ന കുട്ടിയെ തടവുമ്പോള്‍ സുഖപ്പെടുക തുടങ്ങി പലതരത്തിലുള്ള അത്ഭുത വൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ട് അയാള്‍. ഒരു നിഗൂഢ കഥാപാത്രമായാണ് അയാളെ ആ കരയിലെ കുട്ടികളും സ്ത്രീകളും സാധാരണക്കാരും കാണുന്നത്. ചിലര്‍ക്ക് എസ്തപ്പാന്‍ ഒരു മാലാഖയെപ്പോലെയാണ്. എന്നാല്‍ മറ്റു ചിലര്‍ക്ക് അയാളൊരു കള്ളനും ദുര്‍നടപ്പുകാരനുമൊക്കെയാണ്. നമ്മള്‍ എത്ര നന്മയുള്ളവനായാലും ജീവിതം നമുക്കും നല്‍കുന്നത് ഇതൊക്കെ തന്നെയാവും. ചിലര്‍ നമ്മെ വെറുതെ കല്ലെറിയും, ചിലര്‍ കാര്യമൊന്നുമില്ലെങ്കിലും പൂച്ചെണ്ടുകള്‍ നല്‍കും. അത്ര മഹത്തായ ഒരു സന്ദേശം ജി. അരവിന്ദന്‍ എസ്തപ്പാന്‍ എന്ന സിനിമയിലൂടെ പകരുന്നു.
ജി. അരവിന്ദനിലെ കലാകാരനെ, അദ്ദേഹത്തിന്റെ കലാത്മക സിനിമയെ മനസ്സിലാക്കാന്‍ അല്‍പം പ്രയാസമെന്ന് ചില സിനിമകള്‍ കാണുമ്പോള്‍ സാധാരണക്കാരന് തോന്നാം. പലപ്പോഴും തിരക്കഥ എന്ന ചട്ടക്കൂട് പോലും ഇല്ലാതെ, സിനിമയെ പ്രകൃതിയായി, പ്രകൃതത്തോട് ചേര്‍ന്ന് നടക്കുന്ന സിനിമയായി കൃതി ചെയ്ത അരവിന്ദന്‍, ചുരുങ്ങിയ കാലം കൊണ്ട് ലോക സിനിമ ആദരിക്കുന്ന വ്യക്തിയായി വളര്‍ന്നു. ്പ്രതിഭയുടെ പ്രവര്‍ത്തനം കൊണ്ടാണതെന്ന് നാം തിരിച്ചറിയണം.
യഥാര്‍ത്ഥത്തില്‍ സിനിമയുടെ ലോകം മറ്റൊരു തലമാണ്. സിനിമകളെ നമുക്ക് വിവിധ രീതിയില്‍ ആസ്വദിക്കാം. അതിതീവ്ര വയലന്‍സ് മുതല്‍, ശുദ്ധ സാത്വിക ചിത്രീകരണങ്ങള്‍ വരെ നമുക്ക് കാണുകയും ആസ്വദിക്കുകയും ചെയ്യാം. അതില്‍ യാഥാര്‍ത്ഥ്യങ്ങളും, പ്രണയവും, ഭാവനാത്മകതയും, ശബ്ദവും സംഗീതവും എല്ലാം അതത് ഭാഗങ്ങള്‍ നിര്‍വഹിക്കുന്നു. വര്‍ണമില്ലായ്മയും നിശ്ശബ്ദത പോലും അതില്‍ ആസ്വാദ്യത നല്‍കുന്നു. എവിടെയാണ് ഒരു സിനിമ നമ്മില്‍ ഉടക്കുന്നതെന്നു നിര്‍വചിക്കുക പ്രയാസം. അതുകൊണ്ട് തന്നെ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സൃഷ്ടി പൊതുജനം സ്വീകരിക്കുമോ എന്നുറപ്പിച്ച് പറയാനാവില്ല. ജനം സ്വീകരിച്ചാല്‍ സ്വീകരിച്ചു, ഇല്ലെങ്കില്‍ ഇല്ല!
അതുകൊണ്ടാവണം, സിനിമയിലെ പരീക്ഷണങ്ങള്‍ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് ഹരമായി തുടരുന്നത്. ബാഹുബലി ഒക്കെ അസംഭവ്യങ്ങളാണെങ്കിലും ജനം സ്വീകരിക്കുന്നു. സംഭവ കഥകള്‍ ജനം പലപ്പോഴും തിരസ്‌കരിക്കുകയും ചെയ്യുന്നു. സിനിമ വിജയിക്കുന്നത് ജനങ്ങള്‍ കാണുമ്പോഴാണ് എന്ന് കരുതുന്നിടത്തുനിന്നാണ് സമാന്തര സിനിമകളുടെ അസ്തിത്വമെന്ന, ജനം കണ്ടില്ലെങ്കിലും ഞാന്‍ പറയാനുള്ളത് പറയും എന്ന വ്യതിരിക്തത രംഗത്ത് വരുന്നത്.
ഒരു അടിസ്ഥാനവുമില്ലാത്ത സങ്കല്‍പ ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന പാശ്ചാത്യ സിനിമകള്‍ പലപ്പോഴും ജനം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അതേസമയം കലാമൂല്യങ്ങള്‍ നിറഞ്ഞ പൗരസ്ത്യ സിനിമകള്‍, പ്രത്യേകിച്ച് ഭാരതീയ ആസ്വാദന തലങ്ങളിലെ സിനിമകള്‍ ഓസ്‌കര്‍ പോലുള്ള അവാര്‍ഡുകളില്‍ എത്തിപ്പെടുന്നില്ല. ഗുണമേന്മയേക്കാള്‍, പാശ്ചാത്യവും പൗരസ്ത്യവുമായ ആസ്വാദന തലങ്ങളുടെ വ്യത്യാസമാണിതിന് കാരണം എന്ന് വേണമെങ്കില്‍ പറയാം.
ഉദാഹരണത്തിന് എംടി – ഭരതന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ വൈശാലി സിനിമയിലെ അവസാന രംഗങ്ങളില്‍ പെയ്യുന്ന മഴ തീയേറ്ററില്‍ യഥാര്‍ത്ഥത്തില്‍ അനുവാചകന്റെ ഹൃദയത്തില്‍ പെയ്യുന്ന കുളിരായി സിനിമയില്‍ അവതരിപ്പിക്കപ്പെട്ടു. അത് ആ സിനിമയുടെ അത്ഭുതകരമായ ഒരു സാഫല്യമായിരുന്നു. എന്നാല്‍ ലോക സിനിമയില്‍ എത്രയിടങ്ങളില്‍ അത് അംഗീകരിക്കപ്പെട്ടു? ലോക സിനിമയില്‍ അംഗീകരിച്ചില്ല എന്നതുകൊണ്ട് നമ്മുടെയിടയിലും വൈശാലിയിലെ ഈ മനോഹാരിത അംഗീകരിക്കപ്പെട്ടില്ല എന്നതല്ലേ സത്യം? അടുത്തകാലത്തു വന്ന ഭ്രമയുഗം എന്ന പരീക്ഷണം, അതിലെ നായക നടന്റെ അഭിനയത്തിനൊപ്പം നില്‍ക്കും വിധം വെല്ലുവിളിച്ച് നിലകൊണ്ട ഉപനായകന്മാരുടെ അഭിനയത്തികവിനെ നമുക്ക് എവിടൊക്കെ അംഗീകരിക്കാന്‍ സാധിച്ചു?
അതുകൊണ്ടാണ്, അത്തരം ചിന്തകള്‍ ഉള്ളവരുണ്ട് എന്നതിനാലാണ്, തമ്പ് ഫിലിം സൊസൈറ്റി – അഥവാ അരവിന്ദനോര്‍മ്മകളുടെ തമ്പ് എന്ന ഫിലിം സൊസൈറ്റി കോട്ടയത്ത് ഉടലെടുത്തത്. 1991 മാര്‍ച്ച് 15 ന് അന്തരിച്ച ജി. അരവിന്ദന്‍, നമുക്ക് കാണിച്ചുതന്ന വഴികള്‍ ഇന്ന് മറന്നു തുടങ്ങിയിരിക്കുന്നു. അദ്ദേഹം പ്രകൃതിയോട് ഇണങ്ങിനിന്ന സിനിമകള്‍ നല്‍കിയത് നാം തിരിച്ചറിയാന്‍ വൈകി. അരവിന്ദന്‍ വെട്ടിത്തുറന്നു വച്ച സാഹിത്യമല്ല സിനിമ എന്ന വീക്ഷണം അനാഥമാക്കപ്പെട്ടു. സാത്വിക വിചാരങ്ങളുടെ കലയെ ഉണര്‍ത്തിയെടുക്കുക എന്ന തത്വചിന്ത കൈമോശം വന്നിരുന്നു. രാജാ രവിവര്‍മ്മ വരച്ചിട്ട ശ്രീരാമ ലക്ഷ്മണ രൂപങ്ങളോടുള്ള വിപ്രതിപത്തിയെ കാഞ്ചന സീതയിലെ ഗോത്ര രാമനെയും ലക്ഷ്മണനെയും സീതയെയും അവതരിപ്പിച്ച് നമുക്ക് കാട്ടിത്തന്നത്.
തമ്പ്- അഥവാ അരവിന്ദനോര്‍മ്മകളുടെ തമ്പ് എന്ന ഫിലിം സൊസൈറ്റി 2021 ലാണ് രൂപം കൊള്ളുന്നത്. അവരുടെ ഫിലിം ഫെസ്റ്റിവലാണ്, കോട്ടയത്ത് മാര്‍ച്ച് 14,15 ,16 തീയതികളില്‍ നടക്കുന്ന അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍.
ഹ്രസ്വ ചലച്ചിത്രങ്ങള്‍ അഥവാ ഷോര്‍ട്ട് ഫിലിമുകള്‍, അന്തര്‍ദ്ദേശീയ ചലച്ചിത്ര ലോകത്ത് നവ തലമുറയില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണല്ലോ. വിശ്വ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൃസ്വ ചലച്ചിത്രങ്ങളെ സമാന്തര സിനിമകളായി ഉപയോഗിച്ചിരുന്നു. 1997 ല്‍ ക്രിസ്റ്റഫര്‍ നോളന്‍ തയ്യാറാക്കിയ ഡൂഡില്‍ ബഗ് എന്ന ഷോര്‍ട്ട് ഫിലിം അദ്ദേഹത്തിന്റെ കാലത്തെ ഫിലിം മേഖലയിലെ നിരവധി പേരെ നടുക്കിയിരുന്നു. പുതുതലമുറയില്‍പ്പെട്ട നിരവധി പ്രതിഭാശാലികളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരിടമാണ് ഇന്ന് ഷോര്‍ട്ട് ഫിലിമുകള്‍.
ജി.അരവിന്ദന്‍ സമാന്തര സിനിമകളുടെ സൃഷ്ടിയില്‍ പുതിയൊരു ചലനം സൃഷ്ടിച്ച് തന്റേതായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു. പരിമിതമായ സാഹചര്യങ്ങളില്‍ തിരക്കഥ പോലും ഇല്ലാതെ, അദ്ദേഹം രൂപം നല്‍കിയ സിനിമകള്‍ ഇന്നും ചിന്തനീയങ്ങളാണ്. അതുല്യ പ്രതിഭയ്‌ക്ക് മികച്ച സൃഷ്ടി നടത്തുന്നതിന് വലിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാവണമെന്നില്ല എന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു. അത് നവമുകുളമായിരുന്നു. സര്‍ഗ്ഗശേഷിയുടെ സാത്വികതയെ അദ്ദേഹം ഉണര്‍ത്തി. ഈയൊരു നവചിന്തയെ മറന്നു കളയുന്ന നവീന കാലഘട്ടത്തെ, ഒന്ന് പിടിച്ചുലച്ച് ഉത്തരാധുനികതയുടെ, സര്‍ റിയലിസത്തെ, ആത്മസത്തയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുക എന്ന ലക്ഷ്യവും ‘അരവിന്ദം 2025’ എന്ന പേരില്‍ ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്നു. അതിനു ലഭിച്ചു കൊണ്ടിരുന്ന ഊഷ്മള പ്രതികരണം പലപ്പോഴും അത്ഭുതപ്പെടുത്തി.
മത്സരത്തിന് വന്നെത്തിയ സിനിമകള്‍ പലതും അവതരണം കൊണ്ടും നിര്‍മ്മാണ മികവുകൊണ്ടും ജൂറിയെ അതിശയിപ്പിച്ചു . ഒരു മുഴുനീള ചലച്ചിത്രത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നതിലേറെ സന്ദേശങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിക്കുന്നതില്‍ ഷോര്‍ട്ട് ഫിലിമിസ്റ്റുകള്‍ കാണിച്ച കയ്യടക്കം ശ്രദ്ധേയമായിരുന്നു. വന്നെത്തിയ സിനിമകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനെട്ട് ഹ്രസ്വ ചലച്ചിത്രങ്ങളുടെയും പ്രത്യേക പരാമര്‍ശമുള്ള ചിത്രങ്ങളുടെയും പനോരമ പ്രദര്‍ശനവും നടക്കും. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ക്കും വിജയികള്‍ക്കുമുള്ള പുരസ്‌കാര വിതരണവും കോട്ടയം സിഎംഎസ് കോളേജ് മൂവി തീയറ്ററിലും ഗ്രേറ്റ് ഹാളിലുമായി നടക്കും.
ഫിലിം ഫെസ്റ്റിവല്‍ എന്നാല്‍ ചില സിനിമകള്‍ക്ക് അംഗീകാരം നേടുന്നതിനുള്ള കുറുക്കുവഴികളാണെന്ന ആരോപണം നില നില്‍ക്കുന്ന കാലത്താണ്, പണമോ സ്വാധീനമോ ആശയ പക്ഷപാതമോ ഉപയോഗിച്ച്, നിര്‍ദ്ദിഷ്ട സിനിമയെ വിജയിപ്പിച്ചെടുക്കാം എന്ന കുബുദ്ധിജീവികളുടെ സാധ്യതകള്‍ക്കിടയിലാണ്, പലതവണ വിലയിരുത്തിക്കൊണ്ട്, കലയെ കലയായി മാത്രം നിരീക്ഷിച്ച് , തികച്ചും ഗവേഷണ ബുദ്ധിയോടെ പ്രവര്‍ത്തിച്ച ജൂറി, നല്ല സിനിമകള്‍ മാത്രം തെരഞ്ഞെടുത്തത്. അതുകൊണ്ടു തന്നെ അരവിന്ദ സിനിമകളുടെ സ്വതന്ത്ര താളം, ഈ സിനിമകള്‍ക്കും, സിനിമാ പ്രദര്‍ശനങ്ങള്‍ക്കും ശക്തി പകരുന്നുണ്ട്. അതാണ്, ഇത്തരം കലാത്മക ചിത്രോത്സവങ്ങളുടെ കാലിക പ്രസക്തി.
മികവ് തെളിയിച്ച കലാകാരന്മാരുടെ സംവദിക്കുന്ന വേദികള്‍, ജി.അരവിന്ദനെ അനുസ്മരിക്കുന്ന പരിപാടി, ജി. അരവിന്ദന്‍ സിനിമാപ്രദര്‍ശനം, സംവാദം, പുരസ്‌കാര വിതരണം, ഓരോ സിനിമയെപ്പറ്റിയും പിന്നണി പ്രവര്‍ത്തകരും ആസ്വാദകരും തമ്മില്‍ സംവാദം എന്നിവ നടക്കും. ഭാരതത്തിന്റെ നാനാ കോണുകളില്‍ നിന്നെത്തിയ സിനിമകളെ ആറ്റിക്കുറുക്കി വിലയിരുത്തിയാണ് ഹ്രസ്വ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. നവസിനിമകള്‍ക്ക് ഒരു ആമുഖം നമുക്കിവിടെ ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: