ന്യൂദല്‍ഹി: റഷ്യ-ഉക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും നന്ദി പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതിനെ തുടര്‍ന്നായിരുന്നു പുടിന്റെ നന്ദി പ്രകടനം. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ലൂല ഡസില്‍വയ്‌ക്കും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിനും പുടിന്‍ നന്ദി പറഞ്ഞു.
വെടിര്‍ത്തലിന് തയ്യാറായ ഉക്രൈനിന്റെ നടപടിയെ സ്വീകരിച്ച പുടിന്‍ വെടിനിര്‍ത്തല്‍ ദീര്‍ഘകാല സമാധാനത്തിലേക്ക് വഴിതുറന്നേക്കാമെന്നും അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തല്‍ ധാരണ അംഗീകരിക്കുന്നതായും എന്നാല്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരേണ്ടതുണ്ടെന്നും പുടിന്‍ പറഞ്ഞു. ഒരുമാസത്തെ വെടിനിര്‍ത്തല്‍ ധാരണയാണ് നിലവില്‍ വന്നിരിക്കുന്നത്. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് നിരന്തരം ഇടപെട്ട ലോക നേതാക്കളില്‍ പ്രധാനിയാണ് പ്രധാനമന്ത്രി മോദി. കഴിഞ്ഞ ജൂലൈയില്‍ റഷ്യയിലേക്കും ആഗസ്തില്‍ ഉക്രൈനിലേക്കും സന്ദര്‍ശനം നടത്തി സമാധാനത്തിന് ഇരു രാഷ്‌ട്രങ്ങളെയും മോദി പ്രേരിപ്പിച്ചിരുന്നു. സമാധാനത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നോട്ട് വെച്ച വഴിയിലേക്ക് ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക