കൊൽക്കത്ത: അഭ്യൂഹങ്ങളും ആശങ്കകളും നിലനിൽക്കുന്ന തന്ത്രപ്രധാനമായ ഭാരത- നേപ്പാൾ, ഭാരത-ഭൂട്ടാൻ അതിർത്തിമേഖലകളിൽ കഴിഞ്ഞ രണ്ടുദിവസം ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദ ബോസ് നടത്തിയ സന്ദർശനവും കൂടിക്കാഴ്ചകളും വിവരശേഖരണവും ദേശീയതലത്തിൽ ശ്രദ്ധപിടിച്ചുപറ്റി.
ഭൂട്ടാൻ അതിർത്തിയിൽ അലിയ്‌പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം, നേപ്പാൾ അതിർത്തിയിലെ പാണിറ്റാങ്കി, ഗോർസിംഗ് ബസ്ടി ഗ്രാമങ്ങൾ എന്നിവിടങ്ങളിലായിരുന്നു അമാർഗ്രാം (എന്റെ ഗ്രാമം) ദൗത്യത്തിന്റെ ഭാഗമായി ഗവർണറുടെ ഏറെ മുന്നൊരുക്കങ്ങളോടുകൂടിയ പര്യടനം.
ഇരു അതിർത്തികളിലും ഗവർണർ അതിർത്തികാക്കുന്ന കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളും ഗ്രാമവാസികളും ജനപ്രതിനിധികളും വിദ്യാർത്ഥികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി വിശദമായ കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി. നിർണായക വിവരങ്ങൾ ശേഖരിച്ചു.
സശസ്ത്ര സീമാ ബലിന്റെ (SSB) സിലിഗുരി ഫ്രണ്ടിയർ ഹെഡ്ക്വാർട്ടേഴ്സിന് കീഴിൽ ഇന്ത്യ-നെപാൾ അതിർത്തിയിൽ വിന്യസിച്ച 41-ാമത്തെ ബറ്റാലിയന്റെ (രാണി ഡാംഗ) പ്രവർത്തന മേഖലകളായ പാണിറ്റാങ്കി, ഗോർസിംഗ് ബസ്ടി, ഭൂട്ടാൻ അതിർത്തിയിൽ അലിയ്‌പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ഗവർണറുടെ സന്ദർശനം.
മയക്കുമരുന്ന്, ആയുധങ്ങൾ, വ്യാജ കറൻസി, വന്യജീവി ഉൽപ്പന്നങ്ങൾ എന്നിവയുടെ കള്ളക്കടത്തും മനുഷ്യക്കടത്തും തീവ്രവാദപ്രവർത്തനങ്ങളും തടയുന്നതിന് അതിർത്തിഗ്രാമങ്ങളിൽ സായുധസേന, സർക്കാർ സംവിധാനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവ നടത്തുന്ന പ്രവർത്തനങ്ങളും ജനക്ഷേമപദ്ധതികളും നിരീക്ഷിക്കുകയായിരുന്നു പ്രധാന സന്ദർശനോദ്ദേശ്യം.
പൂർവഭാരതത്തിലെ നിർണായക അതിർത്തി മേഖലയായ സിലിഗുരി ഇടനാഴിയിൽ സശസ്ത്ര സീമാ ബലിന്റെ നേതൃത്വത്തിൽ നടക്കുന്ന സുരക്ഷാ- ജാഗ്രതാ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.
ഇടതുപക്ഷ തീവ്രവാദത്തിന്റെയും വിഘടനപ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രമായിരുന്ന നക്സൽബാരിയും കാമ്താപൂർ വിമോചന സംഘടന (KLO) യുമൊക്കെയുൾപ്പെട്ട അതിർത്തിഗ്രാമങ്ങളിൽ രാജ്യസുരക്ഷയും സമാധാനപൂർണമായ ജനജീവിതവും ഉറപ്പുവരുത്തുന്നതിൽ അവർ നൽകിവരുന്ന നിർണായക സംഭാവനകളെ ഗവർണർ പ്രശംസിച്ചു.
കിഴക്കൻ നേപ്പാളിലേക്കുള്ള പ്രവേശന കവാടമായി അറിയപ്പെടുന്ന പാണിറ്റാങ്കി അതിർത്തി ഔട്ട്‌പോസ്റ്റിന് കീഴിലെ പഴയ മേച്ചി പാലം, ചെക്ക്പോസ്റ്റ്, ഗോർസിംഗ് ബസ്ടി അതിർത്തി ഔട്ട്‌പോസ്റ്റ്, അലിയ്‌പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം എന്നിവിടങ്ങളിൽ അദ്ദേഹം ഉദ്യോഗസ്ഥരും ജനങ്ങളുമായി സംവദിച്ചു. ഗോർസിംഗ് ബസ്ടി അതിർത്തി ഔട്ട്‌പോസ്റ്റിൽ പ്രതീകാത്മകമായി അദ്ദേഹം വൃക്ഷത്തൈ നട്ടു.
വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധന പ്രവർത്തനങ്ങൾ, ശരദാ വിദ്യാമന്ദിർ വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങൾ, നൃത്ത നൃത്യങ്ങൾ, സാന്താളി, രാജ്ബൻഷി, നേപ്പാളി നാടോടി നൃത്തങ്ങൾ, വനോൽപ്പന്നപ്രദർശനം, എസ്.എസ്.ബി ജാസ് ബാൻഡിന്റെ സംഗീതവിരുന്ന് തുടങ്ങിയവ കൊണ്ട് വര്ണാഭമായിരുന്നു സ്വീകരണം.
കലാപ്രതിഭകളെയും മികവുതെളിയിച്ച ഉദ്യോഗസ്ഥരെയും രാജ്ഭവന്റെ ഗവർണേഴ്‌സ് എക്സലൻസ് പുരസ്കാരങ്ങൾ നൽകി ഗവർണർ അനുമോദിച്ചു. പ്രോട്ടോകോൾ മറികടന്ന് ഉദ്യോഗസ്ഥർ, സൈനികർ, ഗ്രാമീണർ, വിദ്യാർത്ഥികൾ എന്നിവർക്കൊപ്പമിരുന്ന് ഗവർണർ ഭക്ഷണം കഴിച്ചതും വിസ്മയമുണർത്തി.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമായ “ചിക്കൻ നെക്ക്” മേഖലയിൽ കുറഞ്ഞകാലയളവിൽ നൂറുകണക്കിനാളുകളെ പിടികൂടുകയും അതിക്രമങ്ങൾ തടയുകയും ചെയ്ത അതിർത്തി ഔട്ട്‌പോസ്റ്റിലെ സേനാംഗങ്ങളെ ഗവർണർ അഭിനന്ദിച്ചു.
ഗവർണറുടെ അമാർഗ്രാം പദ്ധതിയുൾപ്പെട്ട ടോട്ടോപാരാ ആദിവാസി ഗ്രാമത്തിൽ അതിർത്തി പ്രദേശവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ഉപജീവന മാർഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ സംബന്ധിച്ച് ഗവർണർ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും പരിശീലന പരിപാടികൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുകയും ചെയ്തു.
ദുർഗമ പ്രദേശങ്ങളിലെ ഗോത്രവർഗ ജനതയുടെ ജീവിതോന്നതിക്കായി എസ് എസ് ബി ചെയ്യുന്ന പ്രവർത്തനങ്ങൾ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്ന് സന്ദർശനശേഷം ഗവർണർ ആനന്ദബോസ് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണ്ണറുടെ സന്ദർശനം അതിർത്തി മേഖലയിലെ വികസനത്തിന് പുതിയ ദിശയും പ്രചോദനവും ഉണർവുമേകിയെന്ന് ബംഗാൾ, ദേശീയ മാധ്യമങ്ങൾ വിലയിരുത്തി.
ആദ്യ രണ്ടു വർഷങ്ങളിൽ അക്രമങ്ങൾക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപാടെടുത്ത ഗവർണർ അതിർത്തികളിൽ വർധിച്ചുവരുന്ന വിധ്വംസകപ്രവത്തനങ്ങൾക്കും സർവകലാശാലകളെ കലാപശാലകളാക്കുന്ന അരാജകവാദികൾക്കുമെതിരെയാണ് ശ്രദ്ധയൂന്നുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: