തിരുവനന്തപുരം: പൊങ്കാല ദിനത്തില്‍ ആശാവർക്കർമാരുടെ സമരപ്പന്തലിലെത്തി കേന്ദ്രമന്ത്രി സുരേഷ്ഗോപി. ‘എല്ലാം കേന്ദ്രസർക്കാർ ഇങ്ങോട്ട് കൊടുക്കണം. കൊടുക്കാനുള്ളത് കൊടുത്തു.ഇനി കിട്ടാനുള്ളതിന്റെ കണക്ക് തരാൻ പറഞ്ഞിട്ട് തരുന്നുമില്ല. ആശമാരെ നിയമിക്കുന്നതും പറഞ്ഞയക്കും തങ്ങളാണെന്നാണ് സർക്കാറിന്റെ വാദം’. ഇത് എവിടുത്തെ ന്യായമാണെന്നും സുരേഷ് ഗോപി ചോദിച്ചു.
ലോക നന്മയ്‌ക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് പൊങ്കാലയെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുഷ്ടലാക്കോടെ യുവത്വത്തെയും അതിലൂടെ ഭാരതത്തെയും നശിപ്പിക്കാനുള്ള ഉദ്ദേശത്തെ കത്തിച്ചുകളയാനുള്ള പ്രാർത്ഥനയായിരിക്കണം പൊങ്കാലയെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിൽ പൊങ്കാലയിട്ട ആശാപ്രവർത്തകരെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ലോക നന്മയ്‌ക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് പൊങ്കാല. നമുക്കൊരുപാട് അഹിതം സംഭവിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിൽ മാത്രമല്ല, മിക്കവാറും സംസ്ഥാനങ്ങൾ ഉണ്ട്. പഞ്ചാബിനെയാണ് ആദ്യം രക്ഷപ്പെടുത്തി എടുക്കേണ്ടത്. ഈ അപകടം ഏതുവഴിക്കാണ് വരുന്നതെന്ന് അറിഞ്ഞൂടേയെന്നും സുരേഷ്ഗോപി ചോദിച്ചു.
ഇന്നത്തെ കണക്ക് ഏതാണ്ട് 70 മില്യൺ പൊങ്കാല ഇടുന്നുവെന്നാണ്. എല്ലാ ജില്ലയിലും പൊങ്കാലയിടാനായി ഒരു അടുപ്പെങ്കിലും കാണും. എത്ര കോടിയായിരുന്നു മഹാകുംഭമേളയിൽ വന്നത്. ദിവ്യ സ്നാനത്തിന് വേണ്ടിയാണ് വന്നത്. അവർക്ക് 60 ദിവസം തികഞ്ഞില്ലെന്നാണ് പറയുന്നത്. അറുപതോ, എഴുപതോ കോടി വന്നാല്‍ ഒരുദിവസം 1000 രൂപവെച്ച് ചെലവാക്കാതിരിക്കാന്‍ പറ്റുമോ’ എന്നാണ് സുരേഷ് ഗോപി ചോദിക്കുന്നത്.
അവിടെ തുഴച്ചിൽ നടത്തുന്നവർ 30 കോടിയാണ് സമ്പാദിച്ചത്. ഇതൊക്കെ ഏത് സർക്കാരിന് കൊടുക്കാൻ കഴിയും? അങ്ങനെയൊരു ഭക്തസമൂഹം വന്ന് അവിടത്തെ ജിഡിപി ഉയർത്തിയിട്ടുണ്ടെങ്കിൽ, അത് രാജ്യത്തിന്റെ ജിഡിപിയിലേക്കാണ് എത്തിച്ചേരുന്നത്. രാജ്യത്തെ വിവിധ മതക്കാര്‍, ആചാരക്കാര്‍ അവരെല്ലാം ആ ചോറുണ്ണാന്‍ പോവുകയാണ്. അതിനെ നിന്ദിക്കുന്നവരുടെ ഡിഎന്‍എയിലെങ്കിലും ഇത്തിരി ലജ്ജവേണം. ഇതൊക്കെയും പ്രാർത്ഥനയാണ്. പൊങ്കാലയും പ്രാർത്ഥനയാണ്. – കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: