എല്ലാ വര്‍ഷവും മാര്‍ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ച്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി, അന്താരാഷ്ട്ര കിഡ്നി ഫൗണ്ടേഷന് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യാപ്തിയും, എങ്ങനെ പ്രതിരോധിക്കാം, നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ‘ നിങ്ങളുടെ വൃക്കകള്‍ ശരിയാണോ? നേരത്തേ കണ്ടെത്തുക, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ തീം. വൃക്കകളുടെ പ്രവര്‍ത്തനത്തിലെ ചെറിയ പരാജയം ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ബാധിക്കും. ശരീരത്തിലെ ആസിഡ് ബേസ്ബാലന്‍സും, വാട്ടര്‍ ബാലന്‍സും നിയന്ത്രിക്കുക, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുക, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുക തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന ജോലി. ലേകത്ത് ഏകദേശം 850 ദശലക്ഷം പേരാണ് വൃക്കരോഗം ബാധിതര്‍.
വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍
* മൂത്രത്തിന്റെ അളവ് കുറയുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രത്തിന് കടുത്ത നിറം, മൂത്രം പോകാതിരിക്കുക, ദീര്‍ഘനേരം മൂത്രമൊഴിക്കാതിരിക്കുക
*അകാരണമായ ക്ഷീണം, മൂത്രത്തില്‍ രക്തത്തിന്റെ അംശം
* മുഖത്തും പാദങ്ങളിലും കൈകളിലും കാണപ്പെടുന്ന നീര്
* ത്വക് രോഗവും ചൊറിച്ചിലും
* മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, വേദന ഉണ്ടാവുക എന്നിവ വൃക്കരോഗത്താലുണ്ടാകുന്ന അണുബാധയുടെ ലക്ഷണമാകാം
* ഭക്ഷണത്തോട് താത്പര്യം കുറയുക, രുചി അനുഭവപ്പെടാതിരിക്കുക.
* പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ വൃക്കരോഗത്തിലേക്ക് നയിക്കാം.
ആരംഭ ഘട്ടത്തില്‍ പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാറില്ലെന്നത് രോഗനിര്‍ണയം വൈകാന്‍ കാരണമാകുന്നു. സ്ഥായിയായ വൃക്കരോഗത്തിന് ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ സങ്കീര്‍ണ്ണവും ചെലവേറിയതുമായ ചികിത്സാ രീതികള്‍ ആവശ്യമായി വരുന്നു.
രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുക, രോഗ നിര്‍ണയത്തിന് രക്ത-മൂത്ര പരിശോധനകള്‍ നടത്തുക എന്നതാണ് പ്രാഥമിക പ്രതിരോധ മാര്‍ഗ്ഗം. വൃക്കരോഗം ബാധിച്ചാല്‍ അമിതമായി ആശങ്കപ്പെടാതെ പരിശോധനകള്‍ നടത്തി രോഗം മൂര്‍ച്ഛിക്കാതെ തടയണം. വര്‍ദ്ധിച്ചു വരുന്ന പ്രമേഹം വൃക്ക രോഗത്തിന് കാരണമാകുന്നു. ആഹാരരീതികളില്‍ വന്ന മാറ്റം കൊണ്ട് മറ്റു തരത്തിലുളള വൃക്കരോഗങ്ങളും ഉണ്ടാകുന്നു, വൃക്കയിലെ കല്ലുകള്‍ ഇതിന് ഉദാഹരണമാണ്.
പ്രമേഹരോഗത്തിനുളള സാധ്യതകള്‍ ഒഴിവാക്കിയും, മിതമായി വ്യയാമം ചെയ്തും(യോഗ), ആഹാര രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയും, ആരോഗ്യകരമായ ജീവിതചര്യകള്‍ പാലിച്ചും വൃക്കരോഗം വരുന്നത് തടയാനാകും. വിവിധ വൈദ്യ ശാസ്ത്ര ശാഖകളില്‍ ശരിയായ ചികിത്സകളും ലഭ്യമാണ്.
(ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: