കൊച്ചി: അങ്കമാലി മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡിന്റെ 40 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുന്നു. വിദേശത്തേയ്ക്ക് ആര്‍ബിഐയുടെ അനുമതിയില്ലാതെയും വിദേശ നാണ്യ മാനേജ്മെന്റ് നിയമം(ഫെമ) ലംഘിച്ചും കോടികള്‍ കടത്തുകയും അവിടെ നിക്ഷേപിക്കുകയും ചെയ്തുവെന്ന കേസിലാണ് സ്വത്ത് കണ്ടുകെട്ടാന്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടര്‍ എന്‍. കെ. മോഷ ഉത്തരവിട്ടിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് അരിപ്പൊടിയും കറിപ്പൊടിയും മസാലകളും അടുക്കള ഉപകരണങ്ങളും കയറ്റി അയയ്ക്കുന്ന കമ്പനിയാണിത്. ഇവയുടെ മൂല്യം കുറച്ചുകാട്ടി വിദേശത്തേക്ക് അയക്കുകയും അവിടെയുള്ള കമ്പനി വഴി ഇത് വിപണിയില്‍ എത്തിക്കുകയും ചെയ്തുവെന്നും ഇ ഡിയുടെ സ്വത്ത് കണ്ടുകെട്ടിയുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.
എംഡി ജോസഫ് മൂലന്, ഡയറക്ടര്‍മാരായ സാജു മൂലന് ദേവസി, ജോയി മൂലന് ദേവസി, ആനി ജോസ് മൂലന്, ട്രീസ കാര്‍മല്‍ ജോയി, സിനി സാജു എന്നിവരാണ് കമ്പനിയുടെ ഉടമസ്ഥര്‍.
ഇവരുടെ പേരില്‍ അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂര്‍ ചാലക്കുടി എന്നീ സബ് രജിസ്ട്രാര്‍ ഒാഫീസുകളുടെ പരിധിയില്‍ വരുന്ന വസ്തുവകകളാണ് കണ്ടുകെട്ടുന്നത്. കമ്പനി രജിസ്ട്രാര്‍, ആര്‍ബിഐ എന്നിവയുടെ അനുമതിയില്ലാതെ വിദേശ നാണ്യ ചട്ടം മാനേജ്മെന്റ് ലംഘിച്ചതിനാണ് നടപടിയെന്നും ഉത്തരവിലുണ്ട്. രണ്ട് വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി.
ജിദ്ദയിലെ സ്പൈസ് സിറ്റിട്രേഡിങ് കമ്പനിയുടെ 20250 ഓഹരികള്‍ വാങ്ങാനായിട്ടാണ് ഇവര്‍ 40 കോടി കടത്തിയതെന്നും ഉത്തരവിലുണ്ട്. ഈ ഇടപാട് നിയമവിരുദ്ധവുമാണ്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ വാര്‍ത്ത നല്കിയ സമയത്ത് വാര്‍ത്ത അസത്യവും മൂലന്സിനെ കളങ്കപ്പെടുത്താനും മറ്റുമാണെന്ന് ആരോപിച്ച് ജന്മഭൂമിക്കെതിരെ ചില ഓണ്‍ലൈനുകളില്‍ വാര്‍ത്ത നല്‍കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: