പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഇന്നലെ പൊങ്കാല അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍
ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അനന്തപുരിയിലെ അതിവിശിഷ്ടവും ആശ്ചര്യകരവുമായ ഒരു ചടങ്ങാണ് ആറ്റുകാല്‍ ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം. കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ കാപ്പുകെട്ടല്‍ ചടങ്ങോടെ ആണ് 10 ദിവസം നീളുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ആരംഭം.
കൊടിയേറ്റിനു പകരമായ ചടങ്ങാണിത്. കാപ്പുകെട്ടലോടെ കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വരുന്നു എന്നാണ് സങ്കല്പം. ആറ്റുകാലമ്മയുടെ ഉടവാളില്‍ പഞ്ചലോഹ നിര്‍മ്മിതമായ കാപ്പ് ബന്ധിക്കുകയും ഒപ്പം മേല്‍ശാന്തിയുടെ വലതു കൈയില്‍ തന്ത്രിയും ഒരു കാപ്പ് കെട്ടിക്കൊടുക്കുന്നു. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതിനൊപ്പം തോറ്റം പാട്ടും ആരംഭിക്കുന്നു. ക്ഷേത്രത്തിനു മുന്‍വശത്തു നിര്‍മ്മിക്കുന്ന ഓലപ്പുരയില്‍ ഇരുന്നാണ് ആശാന്മാര്‍ പാടുന്നത്. ചിലപ്പതികാരത്തിലെ വീരനായിക, കണ്ണകിയുടെ ചരിതമാണ് തോറ്റം പാട്ടിലൂടെ അവതരിപ്പിക്കുന്നത്. മാലപ്പുറം പാട്ടെന്നാണ് ഇതറിയപ്പെടുന്നത്.
ഒരു കാലഘട്ടത്തിലെ ചരിത്രവും സംസ്‌കാരവും അനുസ്മരിക്കപ്പെടുകയാണിവിടെ. പരമ സാധ്വിയായ കണ്ണകി, ഭര്‍ത്താവ് കോവലന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു ജീവിച്ച സതീരത്‌നമാണ്. കുത്തഴിഞ്ഞ ജീവിതം നയിച്ച് സകല സമ്പത്തും നഷ്ടപ്പെടുത്തിയ ഭര്‍ത്താവിനെ ഒരു നോട്ടംകൊണ്ടുപോലും നോവിക്കാതെ തന്റെ ഹൃദയത്തില്‍ വച്ചു പൂജിച്ചവള്‍. നര്‍ത്തകി മാധവിയാല്‍ നിഷ്‌ക്കാസിതനായ ഭര്‍ത്താവിനെ ശാന്ത സ്വരൂപിണിയും വാത്സല്യനിധിയുമായ കണ്ണകി സര്‍വാത്മനാ സ്വീകരിക്കുന്നു. ശിഷ്ടകാലം സമാധാന ജീവിതം കാംക്ഷിച്ച്് ഇരുവരും മധുരാപുരിയില്‍ എത്തുന്നു. പുതിയൊരു ജീവിതത്തിന് ശുഭാരംഭം കുറിക്കാമെന്ന പ്രതീക്ഷയോടെ കണ്ണകി അവശേഷിച്ചതന്റെ രണ്ടു ചിലമ്പുകളില്‍ ഒന്ന് വില്‍ക്കുവാന്‍ കോവലന്റെ കൈയില്‍ കൊടുത്തുവിടുന്നു. എന്നാല്‍ വിധി പിന്നെയും അവളെ നിഷ്‌കരുണം വേട്ടയാടുന്നു. രാജപത്‌നിയുടെ ചിലമ്പു മോഷ്ടിച്ചെന്ന കുറ്റമാരോപിച്ച്, പാണ്ഡ്യരാജന്റെ കോപത്തിനിരയായി കോവലന്‍ വധിക്കപ്പെടുന്നു. തന്റെ പതിയെ സത്യമറിയാതെ വധിച്ച പാണ്ഡ്യരാജാവിനെ രാജസദസ്സിലെത്തി കണ്ണകി ധൈര്യസമേതം ചോദ്യം ചെയ്യുന്നു. അതുവരെ സൗമ്യയും ശാന്തയുമായിരുന്ന അവളുടെ സംഹാരാത്മക രൂപമാണ് രാജസദസ്സില്‍ അന്ന് അനാവരണം ചെയ്യപ്പെട്ടത്.
കണ്ണകയില്‍ അന്തര്‍ലീനമായി കിടന്ന ദേവീശക്തിയുണരുകയും ദുര്‍ബ്ബലയായെത്തിയവള്‍ ശക്തിദുര്‍ഗ്ഗയായി പരിണമിക്കുന്നതും കണ്ട് പാണ്ഡ്യരാജസദസ്സ് ഭയചകിതമായിത്തീര്‍ന്നു. അവളുടെ കണ്ണീര്‍ ഘനീഭവിച്ച് അഗ്‌നിയായി. ആ അഗ്നിയില്‍ ധര്‍മ്മച്യുതി സംഭവിച്ച പാണ്ഡ്യരാജനും കൂട്ടാളികളും മധുരാപുരിയും ദഹിച്ചു ചാമ്പലായി. കോപം അടങ്ങാതെ കണ്ണകി ധര്‍മ്മം വിളയുന്ന ചേര രാജ്യത്തിലേക്ക് പ്രയാണമാരംഭിച്ചു. ആറ്റുകാലിള്‍ എത്തിയ അവള്‍ക്ക് ആശ്വാസമേകാന്‍ ദുഃഖാര്‍ത്തരായ സ്ത്രീകള്‍ മണ്‍കലങ്ങളില്‍ പൊങ്കാലയിട്ടു നല്‍കി. അതിന്റെ തുടര്‍ച്ചയായാണ് ആറ്റുകാലില്‍ പൊങ്കാല ആചരിക്കുന്നത് എന്നാണ് ഐതിഹ്യം.
ചേരരാജ്യത്ത് എത്തിയ കണ്ണകിയെ രാജാവ് ചേരന്‍ ചെങ്കുട്ടവന്‍ ഹാര്‍ദ്ദമായി സ്വീകരിക്കുകയും അവള്‍ക്കായി ക്ഷേത്രം പണിതു കൊടുക്കുകയും ചെയ്തു. കണ്ണകി അവിടെ വസിച്ച് ഒടുവില്‍ കൊടുങ്ങല്ലൂരമ്മയില്‍ വിലയം പ്രാപിച്ചു എന്നാണ് വിശ്വാസം.
ദാരികാസുരന്റ ക്രൂരത അനുഭവിച്ചവര്‍, അസുരവധം ചെയ്ത ദേവിയെ പൊങ്കാലയിട്ടു പ്രീതിപ്പെടുത്തിയതിന്റെ തുടര്‍ച്ചയാണെന്ന മറ്റൊരു ഐതിഹ്യവുമുണ്ട്.
ആറ്റുകാല്‍ ക്ഷേത്രോല്‍പ്പത്തി സംബന്ധിച്ചും ഒരു ഐതിഹ്യം പ്രചുപ്രചാരത്തിലുണ്ട്. അത് ഇങ്ങനെ:
മുല്ലവീട്ടില്‍ കാരണവര്‍ സ്‌നാനത്തിനായി ഒരിക്കല്‍ കിള്ളിയാറില്‍ എത്തിയപ്പോള്‍, ദേവി ബാലികയുടെ രൂപത്തില്‍ അദ്ദേഹത്തിന്റെ അടുത്തെത്തി തന്നെ ഈ ആറു കടത്തി തരണമെന്ന് ആവശ്യപ്പെട്ടു. ബാലികയെ പുഴകടത്തിയ കാരണവര്‍ തന്റെ ഗൃഹത്തിലേക്കു ക്ഷണിച്ചെങ്കിലും ക്ഷണനേരത്തില്‍ ബാലിക അപ്രത്യക്ഷയായി. കാരണവര്‍ക്ക് അന്നു രാത്രി സ്വപ്നത്തില്‍ ദേവിയുടെ അരുളപ്പാടുണ്ടായി. ബാലികയായി വന്നതു ദേവിയാണെന്നും, അവിടെ അടുത്തുള്ള കാവില്‍ മൂന്നു സുവര്‍ണ്ണരേഖകള്‍ കാണുന്നിടത്തു ഒരു ക്ഷേത്രം പണിത് തന്നെ കുടിയിരുത്തണമെന്നും അരുളപ്പാടിലൂടെ ദേവി വ്യക്തമാക്കി. ഭക്തിയും ആകാംക്ഷയും തിങ്ങിയ മനസ്സോടെ പിറ്റേന്നു പുലര്‍ച്ചേ കാരണവര്‍ കാവിലെത്തി. ജഗദീശ്വരിയുടെ അരുളപ്പാടുപോലെ മൂന്നു സുവര്‍ണ്ണ വരകള്‍ അവിടെ കണ്ടു. അതേ സ്ഥാനത്തു ക്ഷേത്രം പണിതു ദേവിയെ കുടിയിരുത്തി. ആ ക്ഷേത്രമാണ് ഇന്നു കാണുന്ന ആറ്റുകാല്‍ അംബാക്ഷേത്രം. പൊങ്കാലനിവേദ്യം ആണ് ദേവിയുടെ ഇഷ്ട വഴിപാട്. പൗര്‍ണമിയും പൂരം നക്ഷത്രവും ചേര്‍ന്നു വരുന്ന ഒന്‍പതാം ഉത്സവനാളിലാണ് ആറ്റുകാല്‍ പൊങ്കാല. നവദിന വ്രതചര്യയോടെ സ്ത്രീജനങ്ങള്‍ പുത്തന്‍ മണ്‍കലങ്ങളുമായി ആറ്റുകാലമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തുന്നു. വെള്ളച്ചോറ്, പായസം, മണ്ഡപ്പുറ്റ്, തെരളി അങ്ങനെ നൈവേദ്യങ്ങള്‍ പലതും മനസ്സര്‍പ്പിച്ചു പൊങ്കാലക്കലങ്ങളില്‍ പാകപ്പെടുത്തുന്നു.
പത്താം ദിനമായ ഉത്രം നാളില്‍ പൊലിപ്പാട്ടു പാടി കാപ്പഴിക്കുന്നതോടെ കൊടുങ്ങല്ലൂരമ്മ തട്ടകത്തിലേക്കു മടങ്ങുന്നു എന്നാണ്. അതോടെ ആറ്റുകാല്‍ ഉത്സവത്തിനും സമാപനമാകും.
സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. സ്ത്രീജനങ്ങള്‍ മാത്രം ഭാഗഭാക്കാകുന്ന ലോകത്തിലെ അപൂര്‍വ ചടങ്ങെന്ന നിലയില്‍ ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ പുണ്യഭൂമിയില്‍ ഏവരെയും സ്വാഗതം ചെയ്യുന്നത്. സൂര്യതാപം വകവെക്കാതെ, പ്രാര്‍ത്ഥനാ നിര്‍ഭര മനമോടെ, ജ്വലിക്കുന്ന അടുപ്പില്‍ പൊങ്കാലയൊരുക്കുന്ന മങ്കമാരുടെ നിശ്ചയദാര്‍ഢ്യം ഒന്നു വേറെതന്നെയാണ്. മുപ്പത്തിമുക്കോടി ദേവതമാരും ഈ മഹോത്സവത്തില്‍ പങ്കുചേരാന്‍ എത്തുമെന്നാണ് ഭക്തജന വിശ്വാസം. ഇന്ദ്രിയങ്ങളുടെ അധിഷ്ഠാത്രിയും അഭീഷ്ടവരദായിനിയും സദ്യഃപ്രസാദിനിയുമായ ആറ്റുകാല്‍ അമ്മയുടെ ചൈതന്യം ഭക്തസഹസ്രങ്ങളില്‍ അനുഗ്രഹ വര്‍ഷമാകട്ടേ. അമ്മേ ശരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക