തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന് നടക്കും. ക്ഷേത്ര പരിസരത്തു നിന്നും പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ റോഡിനിരുവശത്തും പൊങ്കാല അടുപ്പുകള്‍കൊണ്ട് നിറഞ്ഞു. രണ്ടു ദിവസമായി നഗരത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ദേവീസ്തുതികളുമായി ആയിരങ്ങള്‍ തൊഴുതിറങ്ങുന്ന ക്ഷേത്രം ഭക്തിമയവാരിധിയായി. രാവിലെ 9.45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. കണ്ണകീ ചരിതത്തില്‍ പാണ്ഡ്യ രാജാവിനെ വധിച്ച ശേഷം വിജയശ്രീലാളിതയായി വരുന്ന ദേവിയുടെ ഭാഗം തോറ്റം പാട്ടുകാര്‍ അവതരിപ്പിച്ചു കഴിഞ്ഞയുടനെ തന്ത്രി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തി വി. മുരളീധരന് നമ്പൂതിരിക്ക് കൈമാറും. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പില്‍ തീ പകര്‍ന്ന ശേഷം അതേ ദീപം സഹ മേല്‍ശാന്തിക്കും കൈമാറും. സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും. പൊങ്കാലയുടെ വിളംബര സൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങുന്നതോടെ ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളില്‍ അഗ്നി ജ്വലിക്കും. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം.
പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും 400 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഉച്ചയോടെ നഗരം പൂര്‍വ്വ സ്ഥിതിയിലാകും. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരുടെ ചൂരല്‍കുത്ത് നടക്കും. 11ന് മണക്കാട് ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്ത് പുറപ്പെടും. അടുത്ത ദിവസം രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിച്ച് ഒമ്പതോടെ ക്ഷേത്രത്തിലെത്തും. വെള്ളിയാഴ്ച രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 1ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
പൊങ്കാല അര്‍പ്പിക്കാന്‍ ഇന്നലെത്തന്നെ ലക്ഷക്കണക്കിന് ഭക്തര്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെത്തി. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിന്റെ 10 കിലോ മീറ്ററിലേറെ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിറയും. കഴിഞ്ഞ വര്‍ഷം 30 ലക്ഷത്തിലേറെ വനിതകളാണ് പൊങ്കാല അര്‍പ്പിക്കാനെത്തിയത്. ഈ വര്‍ഷം കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
പൊങ്കാല അര്‍പ്പിക്കാനെത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസിയും റെയില്‍വേയും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊങ്കാല കഴിഞ്ഞ് തിരിച്ചുപോകേണ്ട ഭക്തര്‍ക്ക് ദക്ഷിണ റെയില്‍വേ ഇന്ന് എറണാകുളത്തേക്ക് സ്പെഷല്‍ ട്രെയിന്‍ (06078) ഓടിക്കും. പകല്‍ 2.15ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40ന് എറണാകുളത്തെത്തും. കെഎസ്ആര്‍ടിസി 700 സ്പെഷല്‍ സര്‍വീസുകള്‍ നടത്തും. ഇന്ന് തിരുവനന്തപുരം ജില്ലയ്ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഭക്തര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. സേവാഭാരതിയുടെ നേതൃത്വത്തില്‍ അലോപ്പതി, ഹോമിയോ, ആയുര്‍വേദ വിഭാഗങ്ങളിലായി 75 ഡോക്ടര്‍മാരും 110 നഴ്സുമാരും 110 മറ്റ് ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്ന വിപുലമായ ആരോഗ്യസജ്ജീകരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. 60 ആംബുലന്‍സുകളുടെ സൗജന്യ സേവനവും തയാറാക്കിയിട്ടുണ്ട്.
ആശമാര്‍ പൊങ്കാല അര്‍പ്പിക്കും
സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ സമരം നടത്തുന്ന ആശമാര്‍ 100 കലത്തില്‍ പൊങ്കാല അര്‍പ്പിക്കും. പൊങ്കാലയ്ക്കുള്ള സാധനങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: