ന്യൂദല്‍ഹി: തമിഴ്‌നാട് നിയമസഭയില്‍ സഭാംഗമായ സ്ത്രീയുടെ സാരി വലിച്ചൂരി അപമാനിച്ചവരാണ് ഡിഎംകെക്കാരെന്ന് ചരിത്രം ഓര്‍മ്മിപ്പിച്ച് നിര്‍മ്മലാ സീതാരാമന്റെ തീപ്പൊരി പ്രസംഗം. ജയലളിതയെ നിയമസഭയില്‍ ഡിഎംകെക്കാര്‍ അപമാനിച്ച സംഭവമാണ് കേന്ദ്രധനമന്ത്രി വിശദീകരിച്ചത്. നാലായിരം വര്‍ഷം നീളുന്ന തമിഴ് സിവിലൈസേഷനെപ്പറ്റി ഡിഎംകെ അംഗം വാചാലനായപ്പോള്‍ ആ സംസ്‌ക്കാരത്തെ അപമാനിച്ചുകൊണ്ട് ഡിഎംകെ തമിഴ്‌നാട്ടില്‍ നടത്തിയ സ്ത്രീവിരുദ്ധതകള്‍ നിര്‍മ്മലാ സീതാരാമന്‍ അക്കമിട്ടു നിരത്തി ലോക്‌സഭയില്‍ മറുപടി നല്‍കി.
‘നാലായിരം വര്‍ഷത്തെ സംസ്‌ക്കാരത്തെപ്പറ്റിയും കലാചാരത്തെപ്പറ്റിയും വനിതകള്‍ക്ക് ബസില്‍ സൗജന്യ യാത്ര നടപ്പാക്കിയതിനെപ്പറ്റിയുമൊക്കെയാണ് ഡിഎംകെ അംഗം വാചാലമാകുന്നത്. എന്നാല്‍ വേറൊന്ന് ഓര്‍മ്മിപ്പിക്കാം. 1989 മാര്‍ച്ചില്‍ നിയമസഭയില്‍ ജയലളിതയുടെ സാരി വലിച്ചൂരിയവരാണ് ഡിഎംകെക്കാര്‍. നടന്ന സംഭവമാണിത്. അതാണോ നിങ്ങള്‍ പറയുന്ന നാഗരികത. 28 ദുരഭിമാനക്കൊലകളാണ് തമിഴ്‌നാട്ടില്‍ നടന്നത്. അതാണോ നിങ്ങള്‍ പറയുന്ന ദ്രാവിഡ മാതൃക?. ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ 2023 ഡിസംബറില്‍ നടന്ന സംഭവത്തില്‍ ഡിഎംകെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തു. ഡിഎംകെ അവകാശപ്പെടുന്ന നാഗരികത അതാണോ. ട്രിച്ചിയില്‍ 9 വയസ്സു പ്രായമായ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ എന്തു നടപടി ഡിഎംകെ സര്‍ക്കാര്‍ എടുത്തു. കഴിഞ്ഞ വര്‍ഷം തഞ്ചാവൂരില്‍ 22 വയസ്സായ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരായായിട്ട് സര്‍ക്കാര്‍ എന്തു ചെയ്തു. തമിഴ്‌നാട്ടിലെ ക്രമസമാധാന നില ഏറെ പരിതാപകരമാണ്. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കുടിച്ച് 68 പേരാണ് കൊല്ലപ്പെട്ടത്. ഒരു നടപടിയും എടുത്തില്ല. തമിഴ്‌നാട്ടിലെങ്ങും ലഹരി വ്യാപിച്ചിരിക്കുകയാണ്. മക്കള്‍ അമ്മമാരെ കൊല്ലുന്ന സ്ഥിതിയാണുള്ളത്. യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് തമിഴ്‌നാട്ടിലുള്ളത്’, നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ നടപ്പാക്കിയ സഹസ്രകോടികളുടെ വികസന പദ്ധതികളെപ്പറ്റിയും കേന്ദ്രധനമന്ത്രി എണ്ണിയെണ്ണിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക