ബിക്കാനീര്‍(രാജസ്ഥാന്): ഭാരതീയ റെയില്‍വെ മസ്ദൂര്‍ സംഘ് 21-ാമത് ത്രൈവാര്‍ഷിക സമ്മേളനം രാജസ്ഥാനിലെ ബിക്കാനീറില്‍ സമാപിച്ചു. കേന്ദ്ര റെയില്‍വെ സഹമന്ത്രി രവ്നീത് സിങ് ബിട്ടു ഉദ്ഘാടനം ചെയ്തു. റെയില്‍വെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഒരു പദ്ധതിയും സര്‍ക്കാരിനില്ലെന്നും അത്തരത്തിലുള്ള പ്രചരണം പ്രതിപക്ഷ കക്ഷികള്‍ തെറ്റായി പ്രചരിപ്പിക്കുന്നതാണെന്നും രവ്നീത് സിങ് ബിട്ടു പറഞ്ഞു. തൊഴിലാളികളോടുള്ള ഭാരതീയ റെയില്‍വേ മസ്ദൂര്‍ സംഘിന്റെ അചഞ്ചലമായ പ്രതിബദ്ധതയും കാഴ്ചപ്പാടും, രാഷ്ട്രത്തോടുള്ള അഗാധമായ സമര്‍പ്പണത്തെയും അദ്ദേഹം അഭിനന്ദിച്ചു.
കേന്ദ്രമന്ത്രി അര്ജ്ജുന് റാം മേഘവാള്‍, ഡിവിഷണല്‍ റെയില്‍വെ ബിക്കാനീര്‍ മാനേജര്‍ ഡോ. ആഷിസ് കുമാര്‍ എന്നിവര്‍ വിശിഷ്ടാഥിതികളായി. വിവിധ റെയില്‍വെ സോണുകളില്‍ നിന്നും 1000 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിമ്തെ, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്, പശ്ചിമ-ഉത്തര ക്ഷേത്രീയ സംഘടന സെക്രട്ടറി സി.വി. രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഭാരവാഹികളായി പവന്‍കുമാര്‍ (പ്രസിഡന്റ്്, ദക്ഷിണ പൂര്‍വ്വ റെയില്‍വെ), സന്തോഷ് കുമാര്‍ പട്ടേല്‍ (സെക്രട്ടറി ജനറല്‍, ദക്ഷിണ പൂര്‍വ്വ മധ്യ റെയില്‍വെ) എന്നിവരെ തെരഞ്ഞെടുത്തു. ദക്ഷിണ റെയില്‍വേയില്‍ നിന്ന് എസ്. ശരവണരാജിനെ സംഘടനാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: