തിരുവനന്തപുരം: മൃഗശാലയിലെ മ്ലാവ് വര്‍ഗത്തില്‍ പെടുന്ന മാന്‍ (സാമ്പാര്‍ ഡിയര്‍) പേവിഷബാധയേറ്റ് മരിച്ചതിനെ തുടര്‍ന്ന് മൃഗശാലയിലുള്ള മറ്റു മൃഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ ആരംഭിച്ചു. മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ.നികേഷ് കിരണിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ടീം മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവന്‍ മൃഗങ്ങള്‍ക്കും ഇന്നലെ മുതല്‍ ആന്റിറാബീസ് വാക്‌സിന്‍ നല്‍കി തുടങ്ങി.
മ്ലാവിനോട് അടുത്ത് ഇടപഴകിയ 17 ജീവനക്കാര്‍ക്ക് ഇന്നലെ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് എക്‌സ്‌പോഷര്‍ ആന്റി റാബീസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. മറ്റ് ജീവനക്കാര്‍ക്ക് പ്രൊഫൈലാക്ടിക് വാക്‌സിന്‍ നല്‍കും. തിങ്കളാഴ്ച നടത്തിയ പോസ്റ്റ് മോര്‍ട്ടം പരിശോധനയ്‌ക്കു ശേഷം സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസ്, പാലോട് നടത്തിയ വിശദ പരിശോധനയിലാണ് മരിച്ച മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൃഗശാല ഡയറക്ടര്‍ പി. എസ്. മഞ്ജുളാദേവി വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് മൃഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ബയോസെക്യൂരിറ്റി മേഖല ആയതിനാല്‍ മ്യൂസിയം പരിധിയ്‌ക്കുള്ളിലുള്ള തെരുവ് നായകളെ പിടികൂടി മാറ്റി പാര്‍പ്പിക്കാന്‍ നഗരസഭയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ സമീപത്തെ നായ്‌ക്കളെ പിടികൂടി വാക്‌സിന്‍ നല്‍കി. പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കീരികള്‍, മരപ്പട്ടികള്‍ തുടങ്ങിയ മൃഗങ്ങള്‍ വഴിയാകാം മൃഗശാലയ്‌ക്കുള്ളിലെ മൃഗങ്ങള്‍ക്ക് പേവിഷ ബാധ ഉണ്ടായതെന്നാണ് അനുമാനം. മ്ലാവുകള്‍ ‘ഡെഡ് എന്റ് ഹോസ്റ്റ്’ ആയതിനാല്‍ ഇവയില്‍ നിന്ന് മറ്റ് മൃഗങ്ങളിലേക്ക് പേവിഷബാധ പകരാന്‍ സാധ്യത കുറവായതിനാലും എല്ലാ മൃഗങ്ങള്‍ക്കും വാര്‍ഷിക പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുക്കാറുള്ളതിനാലും നിലവില്‍ മ്ലാവ് ഒഴികെയുള്ള മറ്റ് മൃഗങ്ങള്‍ക്ക് കുത്തിവയ്‌പ്പ് എടുക്കേണ്ട സാഹചര്യമില്ലെന്ന് മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: