ഡോ. കെ. കെ. എന്‍. കുറുപ്പ്
(കോഴിക്കോട് സര്‍വകലാശാല മുന്‍ വിസി, ചരിത്ര ഗവേഷകന്‍)
സ്വന്തം മകന് ചോറ് വിളമ്പിക്കൊടുക്കുന്ന അമ്മ മകന്റെ കൈയിലെ കഠാര മുനയെ ഉള്ളുലയുന്ന ഭയത്തോടെ നോക്കിക്കാണേണ്ട അവസ്ഥയിലെത്തി നില്‍ക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്. മദ്യം, കഞ്ചാവ്, എംഡിഎംഎ പോലുള്ളവയുടെ രാസലഹരിക്ക് അടിമപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ പിന്നീട് വിവിധ സംഘങ്ങളായി തിരിഞ്ഞ് ആയുധങ്ങളുമായെത്തി പരസ്പരം സംഘര്‍ഷങ്ങളുണ്ടാക്കുന്നതും പതിവ് വാര്‍ത്തകള്‍. ഇളം പ്രായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ വരെ കൊടും കുറ്റവാളികളുടെ ലിസ്റ്റില്‍ ഇടംപിടിക്കുന്നതും സമൂഹം ഭയപ്പാടോടെ നോക്കിക്കാണുന്നു. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ കുട്ടികള്‍ക്ക് ജീവിത നൈപുണ്യത്തോടൊപ്പം അക്കാദമിക കഴിവുകളും ആവശ്യമാണ്.
ഞാന്‍ ആര്?
ഞാന്‍ ആരെന്ന ആത്യന്തിക ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട വിധത്തിലുള്ള ഭൗതിക – ആത്മീയ വിദ്യാഭ്യാസരീതി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നമുക്ക് സ്വാഗതം ചെയ്യാം. കാറല്‍ മാര്‍ക്‌സ് അടക്കമുള്ള ലോകത്തിലെ ചിന്തകന്മാര്‍ അവസാനഘട്ടത്തില്‍ ആത്മീയതയുടെ ചിന്താതലങ്ങളില്‍ വ്യാപരിക്കപ്പെട്ടിരുന്നുവെന്ന് അവരുടെ അവസാനകാല എഴുത്തുകള്‍ വ്യക്തമാക്കുന്നു.
യുക്തിവാദിയും ചിന്തകനുമായിരുന്ന പണ്ഡിറ്റ്—ജവഹര്‍ലാല്‍ നെഹ്‌റു ത്രിവേണി സംഗമത്തില്‍ അസ്തമയ സൂര്യനു നേരെ ജലതര്‍പ്പണം ചെയ്തതായി കെ.എം. മുന്‍ഷി വ്യക്തമാക്കുമ്പോള്‍ അത് അനന്തമായ ആത്മീയതയുടെ ബഹിര്‍സ്ഫുരണമാണെന്നുവേണം കരുതാന്‍. ഇതുപോലൊരു അവസ്ഥയിലേക്കെത്തുമ്പോഴേക്കും നമ്മുടെ യുവതലമുറ വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞിരിക്കുമെന്നത് ഒരദ്ധ്യാപകന്‍ കൂടിയായ ഞാന്‍ ഭയപ്പെടുന്നു.
പോക്‌സോയിലേക്ക് സ്വയം നയിക്കപ്പെടുമെന്ന ഭയംപോലുമില്ലാതെ പെരുമാറുന്ന യുവാക്കളും എന്തിന് ചില അദ്ധ്യാപകര്‍ വരെ നീതിന്യായ കോടതികള്‍ക്ക് അനന്തമായ അദ്ധ്വാനഭാരം നല്‍കുന്നു, മാറ്റം അനിവാര്യം.
കുട്ടികളില്‍ മനസ്സമാധാനത്തോടെയുള്ള മാനസിക വ്യക്തത, ശാരീരിക വിശ്രമം, ശ്രദ്ധ, വൈകാരിക സ്ഥിരത തുടങ്ങിയ സദ്ഗുണങ്ങള്‍ പരിപോഷിപ്പിക്കാന്‍ ജീവനകലയുടെ ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി രൂപകല്‍പന നിര്‍വ്വഹിച്ച ഉത്കര്‍ഷയോഗ, മേധായോഗ’പോലുള്ള പരിശീലനങ്ങള്‍ക്ക് സാധിക്കുമെന്ന് നിരവധി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിവിധതലങ്ങളിലൂടെയുള്ള ശാക്തീകരണവും സാങ്കേതിക വിദ്യകള്‍ പഠിപ്പിച്ചും നടത്തുന്ന ഇത്തരം ആര്‍ട്ട് ഓഫ് ലിവിങ് പരിശീലനം ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യവുമായി ലാഭേച്ഛയില്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ ശ്രീശ്രീ രവിശങ്കറോട് അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ഈ പരിശീലങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെങ്കില്‍ ലഹരിമുക്ത കേരളം പദ്ധതിക്ക് കൂടുതല്‍ ഗുണം ചെയ്യും, തീര്‍ച്ച.
കതിരില്‍ വളം വെക്കുന്നതിനും മുന്‍പേ ഞാറ്റടിയില്‍ വളമിടാന്‍ ഇത്തരം പ്രസ്ഥാനങ്ങളുടെ ഭൗതിക – ആത്മീയ വിദ്യാഭ്യാസ രീതിക്കാവുമെങ്കില്‍ ആ നന്മയെ നമുക്ക് സ്വാഗതം ചെയ്യാം. ആത്മീയതയിലൂന്നിയ വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം. നാളെയുടെ പ്രതീകങ്ങളായ നമ്മുടെ വരുംതലമുറയിലെ കുരുന്നുകളെ നേര്‍വഴി തിരിച്ചു നടത്താന്‍ നമുക്കണിചേരാം.. കൈകോര്‍ക്കാം ലഹരിവിമുക്ത കേരളത്തിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: