Editorial

ഗവര്‍ണറുടെ കരങ്ങള്‍ക്ക് ശക്തി പകരാം

Published by

കാമ്പസുകള്‍ ലഹരി വിമുക്തമാക്കാന്‍ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് അത്യന്തം സ്വാഗതാര്‍ഹമാണ്. ‘ലഹരിയോട് സന്ധിയില്ല’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണത്തിന് ഗവര്‍ണര്‍ നേതൃത്വം നല്‍കുകയും, കേരള- ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്യും. കാമ്പസിലെ ലഹരി ഉപയോഗത്തെ അതിശക്തമായി നേരിടണമെന്നും, നിരന്തരം പരിശോധനകള്‍ നടത്തണമെന്നും, ആവശ്യമെങ്കില്‍ ഇതിന് പോലീസിന്റെ സഹായം തേടണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ്. മാസത്തിലൊരു ദിവസം ലഹരി വിമുക്ത ദിനമായി ആചരിക്കാനും, വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും, ഇതില്‍ ഗവര്‍ണര്‍ പങ്കെടുക്കാനും തീരുമാനിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. കാമ്പസുകളില്‍ ലഹരി ഉപയോഗം പരിശോധിക്കാന്‍ ഡ്രോണ്‍- നിര്‍മ്മിതബുദ്ധി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും, ലഹരി വിരുദ്ധ ക്യാമ്പയിന് കേന്ദ്രത്തിന്റെയും സന്നദ്ധ സംഘടനകളുടെയും പണം ലഭ്യമാക്കാമെന്നും യോഗത്തില്‍ അറിയിപ്പുണ്ടായി.

യോഗത്തില്‍ സംസ്ഥാനത്തെ 12 വിസിമാരും, സംസ്കൃത സര്‍വകലാശാലയുടെയും എംജി സര്‍വ്വകലാശാലയുടെയും വിസിമാരെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍മാരും പങ്കെടുത്തത് നല്ല തുടക്കമാണ്. കാര്‍ഷിക സര്‍വകലാശാലയില്‍ ഹോസ്റ്റലില്‍ ഉള്‍പ്പെടെ ലഹരി ഉപയോഗം കണ്ടെത്താന്‍ രാത്രിയിലടക്കം വിസി, ഡീന്‍, വാര്‍ഡന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരന്തര പരിശോധനയുണ്ടെന്ന് വിസി ഡോ. ബി. അശോക് യോഗത്തെ അറിയിച്ചു. മറ്റ് സര്‍വകലാശാലകളിലും ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. ഇത് നടപ്പായാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. നടപടികള്‍ ഏകോപിപ്പിക്കാന്‍ കാഴ്ചപ്പാടും കാര്യപ്രാപ്തിയുമുള്ള വിസി ഡോ. മോഹനന്‍ കുന്നുമ്മലിനെ നിയോഗിച്ചത് ഫലപ്രദമാകുമെന്ന് ഉറച്ചു വിശ്വസിക്കാം. മറ്റു വിസിമാര്‍ ഇതിനോട് പൂര്‍ണ്ണമായും സഹകരിക്കേണ്ടതുണ്ട്.

വിദ്യാര്‍ത്ഥികളില്‍ രണ്ട് ശതമാനം മാത്രമാണ് ലഹരി ഉപയോഗിക്കുന്നതെന്നും, ഇവരെ കണ്ടെത്തി ചികിത്സ നല്‍കി പുനരധിവസിപ്പിക്കണമെന്നും വിസിമാരുടെ യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നത് നല്ലതു തന്നെ. പക്ഷേ ലഹരി ഉപയോഗത്തെ സംബന്ധിക്കുന്ന ഈ കണക്ക് ശരിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാമ്പസുകള്‍ അരാജകത്വത്തിലേക്കും അക്രമങ്ങളിലേക്കും കൂപ്പുകുത്തിയിരിക്കുന്നതിന്റെ പ്രധാന കാരണം ലഹരി ഉപയോഗം തന്നെയാണ്. സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ക്യാമ്പസിലെ പ്രബല വിദ്യാര്‍ത്ഥി സംഘടന ഇതിന് അനുകൂലവുമാണ്. സ്വാതന്ത്ര്യത്തിന്റെയും വിപ്ലവത്തിന്റെയുമൊക്കെ പേരു പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഒപ്പം കൂട്ടാന്‍ ഇതല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ല. ഈ അവസ്ഥയ്‌ക്കാണ് മാറ്റം വരേണ്ടത്. ലഹരി ഉപയോഗം കണ്ടെത്താന്‍ പരിശോധന നടക്കുമ്പോള്‍ ആദ്യം എതിര്‍ക്കുന്നത് ഇക്കൂട്ടരായിരിക്കും.

കേരളത്തില്‍ ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തുക്കള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നതല്ല. മറ്റിടങ്ങളില്‍ നിന്ന് പല മാര്‍ഗ്ഗങ്ങളിലൂടെ കടത്തിക്കൊണ്ടു വരുന്നതാണ്. ഇതിന് തടയിടാന്‍ പോലീസിനും എക്‌സൈസിനും കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. സര്‍ക്കാരിനും ഇക്കാര്യത്തില്‍ താല്പര്യമില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ലഹരി കടത്തിന്റെ ഗുണഭോക്താക്കളില്‍ സര്‍ക്കാരുമായി ചേര്‍ന്നു നില്‍ക്കുന്നവരുണ്ട്. മത തീവ്രവാദ സംഘടനകളുടെ വരുമാന സ്രോതസ്സുകളില്‍ മയക്കുമരുന്ന് കടത്തും ഉള്‍പ്പെടും. പിടികൂടിയാല്‍ത്തന്നെ പുറത്തിറങ്ങാനുള്ള സ്വാധീനം ഇവര്‍ക്കുണ്ട്. സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവായിരുന്നയാളിന്റെ മകന്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട് ജയിലിലായതും, ഇയാളുടെ കൂട്ടാളികളുടെ പേരുകള്‍ പുറത്തുവന്നതും പല സംശയങ്ങള്‍ക്കും വഴി വയ്‌ക്കുകയുണ്ടായി.

സമൂഹത്തെ ലഹരി മുക്തമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരാണ് ഏറ്റെടുക്കേണ്ടത്. ഇക്കാര്യത്തിലുള്ള അനാസ്ഥയാണ് ഗവര്‍ണറെ പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതനാക്കിയത്. കാമ്പസുകള്‍ ലഹരിമുക്തമാവേണ്ടത് സമൂഹത്തിന്റെയും ആവശ്യമാണ്. ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് നാളെ സമൂഹത്തെ നയിക്കേണ്ടത്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. സമൂഹനന്മയ്‌ക്കു വേണ്ടി ഗവര്‍ണറുടെ കരങ്ങള്‍ക്ക് ശക്തി പകരാനുള്ള ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക