വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. അച്ഛന്റെ സഹോദരന് അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ ബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പോലീസ് അഫാനുമായി തെളിവെടുപ്പ് നടത്തിയത്. യാതൊരു കുറ്റബോധവും ഇല്ലാതെയാണ് കൊലപാതകം വിവരിച്ചത്.
ചുള്ളാളത്തെ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലാണ് പ്രതി അഫാനെ തെളിവെടുപ്പിനായി ആദ്യമെത്തിച്ചത്. ലത്തീഫിനെയും ഭാര്യ സാജിദ ബീവിയെയും കൊലപ്പെടുത്തിയത് അഫാന് വിവരിച്ചു. 80,000 രൂപ ലത്തീഫില്‍ നിന്നും കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. അച്ഛന്റെ അമ്മയുടെ സ്വര്‍ണം വാങ്ങുന്നതിനും തടസം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ലത്തീഫിനെ വകവരുത്താന്‍ കാരണമെന്ന് അഫാന് പോലീസിനോട് പറഞ്ഞു.
കൊലപാതകശേഷം മൃതദേഹത്തിന് അരികിലിരുന്ന് സിഗരറ്റ് വലിച്ചു. ആക്രമണം തടസപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാന്‍ മുളകുപൊടിയും വാങ്ങിവച്ചിരുന്നു. അമ്മയെ കഴുത്തു ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛന്റെ അമ്മയെ കൊന്നു. അതിനു ശേഷമാണ് ലത്തീഫിന്റെ വീട്ടിലെത്തിയത്.
അഫാനെ കണ്ട് ഷാഹിദ അടുക്കളയിലേക്ക് പോയി. ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലത്തീഫീന്റെ തലയില്‍ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന ഷാഹിദയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ ഷാഹിദയെ പിന്നാലെ ചെന്ന് തലയ്ക്കടിച്ചതും അഫാന് വിവരിച്ചു.
ലത്തീഫിന്റെ മൊബൈലും കാറിന്റെ താക്കോലും 50 മീറ്റര്‍ അപ്പുറം കാട്ടിലേക്ക് എറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഈ മൊബൈല്‍ ഫോണ്‍ അഫാന്റെ സാന്നിധ്യത്തില്‍ പോലീസ് കണ്ടെത്തി. വീട്ടിലെത്തിച്ചുള്ള പരിശോധനയിലാണ് മുളകുപൊടി പൊതിഞ്ഞത് കണ്ടെത്തിയത്. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുളകുപൊടിയുമുണ്ടായിരുന്നത്. കൊലപാതകം തടസപ്പെടുത്താന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ കണ്ണിലേക്കെറിയാനായിരുന്നു മുളകുപൊടിയെന്ന് അഫാന് പറഞ്ഞു.
ആയുധം, എലിവിഷം, മുളകുപൊടി, ശീതളപാനീയം, സിഗരറ്റ് എന്നിവ വാങ്ങിയ കടകളിലും കൊണ്ടുപോയി തെളിവെടുത്തു. കിളിമാനൂര്‍ എസ്എച്ച്ഒ ജയനാണ് തെളിവെടുപ്പ് നടത്തിയത്. നാളെ അഫാനെ കോടതിയില്‍ ഹാജരാക്കും. അതിനുശേഷമാകും സുഹൃത്ത് ഫര്‍സാനയെയും അനിയന് അഹ്സാനെയും കൊലപ്പെടുത്തിയ കേസില്‍ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയില്‍ വാങ്ങുക.
അതേസമയം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. അഞ്ച് കൊലപാതകങ്ങളെക്കുറിച്ചും ഇവരെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: