ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അനധികൃത മദ്രസകൾക്കെതിരെയുള്ള നിയമനടപടികൾ തുടരുന്നു. കഴിഞ്ഞ ദിവസം നേപ്പാൾ അതിർത്തിയിലെ ഖതിമ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന അനധികൃത മദ്രസകൾ ഉദം സിംഗ് നഗർ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക സ്ക്വാഡ് സീൽ ചെയ്തു. സർക്കാരിന്റെ നിർദ്ദേശപ്രകാരം ജില്ലാ മജിസ്ട്രേറ്റ് അനധികൃത മദ്രസകളും പള്ളികളും പൂട്ടാനായി ഒരു സംഘം രൂപീകരിച്ചതായാണ് വിവരം.
ഉത്തരാഖണ്ഡിൽ ഇതുവരെ ആകെ 52 അനധികൃത മദ്രസകൾ സീൽ ചെയ്തു. അനധികൃത കയ്യേറ്റത്തിനെതിരെ ഉത്തരാഖണ്ഡ് സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നത്. മുസ്ലീം സംഘടനകളുടെ എതിർപ്പ് അവഗണിച്ചും നടപടി തുടരുകയാണ്. ഡെറാഡൂൺ, ഉദം സിംഗ് നഗർ ജില്ലകളിലെ അനധികൃത മദ്രസകൾ അടച്ചുപൂട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
ഖതിമയിൽ അടുത്തിടെ 11 നിയമവിരുദ്ധ മദ്രസകൾ ഭരണകൂടം തിരിച്ചറിഞ്ഞതായും മൂന്ന് രജിസ്റ്റർ ചെയ്ത മദ്രസകൾ സ്ഥിരീകരിച്ചതായും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് ഉപാധ്യായ പറഞ്ഞു. ഇതിൽ 9 എണ്ണം ഇന്നലെ പൂട്ടി സീൽ ചെയ്തു. നേപ്പാൾ അതിർത്തിയിൽ അനധികൃത മദ്രസകൾ നിലനിൽക്കുന്നുണ്ടെന്ന വിവരം ഉത്തരാഖണ്ഡ് പോലീസ് ഇന്റലിജൻസ് വിഭാഗവും ഗൗരവമായി എടുത്തിരുന്നു.
അതേ സമയം ഡെറാഡൂൺ ജില്ലാ ഭരണകൂടം വീണ്ടും കർശന നടപടി സ്വീകരിക്കുകയും ജില്ലയിലെ 12 അനധികൃത മദ്രസകൾ കൂടി സീൽ ചെയ്യുകയും ചെയ്തു. വികാസ് നഗർ എസ്ഡിഎം വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് സംഘം ഇന്നലെ പർഗാന പ്രദേശത്തെ 12 അനധികൃത മദ്രസകൾ പൂട്ടി സീൽ ചെയ്തു. മുദ്രവെക്കൽ പ്രവർത്തനം നടത്തുന്നതിനിടെ, മുസ്ലീം സംഘടനയിലെ അംഗങ്ങളും ഭരണ സംഘവുമായി തർക്കവുമുണ്ടായി. രജിസ്ട്രേഷൻ ഇല്ലാതെയാണ് ഈ നിയമവിരുദ്ധ മദ്രസകൾ പ്രവർത്തിച്ചിരുന്നതെന്നും പോലീസ് ഭരണകൂടം നടത്തിയ സംയുക്ത സർവേയിലാണ് ഇവയെ തിരിച്ചറിഞ്ഞതെന്നും പ്രതിഷേധക്കാരെ ബോധിപ്പിച്ചു.
അതേ സമയം ഈ മദ്രസകളിൽ കുട്ടികളോട് നല്ല രീതിയിൽ പെരുമാറുന്നില്ലെന്ന് പരാതികൾ ലഭിച്ചിരുന്നതായി ഉത്തരാഖണ്ഡ് ശിശു പരിഷ്കരണ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ഗീത ഖന്ന സർക്കാരിന് റിപ്പോർട്ട് അയച്ചു. കൂടാതെ നിയമവിരുദ്ധ മദ്രസകൾക്കെതിരെ പരിശോധനയ്‌ക്ക് ശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും വ്യക്തമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത മദ്രസകൾക്കെതിരെ നിലവിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ഉത്തരാഖണ്ഡിൽ 500-ലധികം അനധികൃത മദ്രസകളുണ്ടെന്ന് സർക്കാർ നടത്തിയ സർവേ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മദ്രസകൾ അടച്ചുപൂട്ടുന്ന പ്രക്രിയയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: