നാഗ്പൂർ : മുഗളന്മാരല്ല മറിച്ച് രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ച വിപ്ലവകാരികളാണ് മഹാന്മാരെന്ന് ബാബ രാംദേവ്. നാഗ്പൂരിലെ മിഹാനിലുള്ള പതഞ്ജലിയുടെ മെഗാ ഫുഡ് കം ഹെർബൽ പാർക്കിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്ര പുസ്തകങ്ങളിൽ നിന്ന് ഇന്ത്യൻ സംസ്കാരം മനഃപൂർവ്വം ഇല്ലാതാക്കി. മുഗളന്മാരുടെ ചരിത്രം സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നമ്മൾ പഠിച്ചു. നമ്മുടെ സമ്പന്നമായ ഇന്ത്യൻ സംസ്കാരം വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിഞ്ഞില്ല. മുഗളൻമാരുടെ കഥകൾക്ക് പകരം സനാതന ധർമ്മം പാഠ്യപദ്ധതിയിൽ പഠിപ്പിക്കണമായിരുന്നു. വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിക്കണമായിരുന്നുവെന്നും ബാബ രാംദേവ് പറഞ്ഞു.
ഇതിനു പുറമെ തെറ്റായ വിദ്യാഭ്യാസ സമ്പ്രദായം മാറ്റേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നു. ഇപ്പോൾ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ സംഭാവന നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഞായറാഴ്ച നടന്ന ചടങ്ങ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ, ഈ പ്ലാന്റ് ഏഷ്യയിലെ ഏറ്റവും വലിയ ഓറഞ്ച് സംസ്കരണ പ്ലാന്റാണെന്ന് അവകാശപ്പെട്ടു.
വിദർഭയിലെ കർഷക ആത്മഹത്യകളുടെ പ്രതിസന്ധി മറികടക്കാൻ, നാഗ്പൂരിൽ ‘പതഞ്ജലി’യുടെ ഒരു ‘മെഗാ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്’ സ്ഥാപിക്കാൻ 10 വർഷം മുമ്പ് ബാബ രാംദേവിനോട് അഭ്യർത്ഥിച്ചിരുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ വലിയ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതിലൂടെ വിദർഭയിലെ കർഷകർ അഭിവൃദ്ധിക്കായി പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം വിദർഭയിലെ കർഷകർക്ക് പതഞ്ജലി കേന്ദ്രം ഒരു അനുഗ്രഹമാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങളിൽ, ഓറഞ്ച് ഉൾപ്പെടെയുള്ള എല്ലാ പഴങ്ങളുടെയും സംസ്കരണം ആരംഭിക്കും. വിദർഭയിൽ ഒരു മെഗാ ഫുഡ് പാർക്കും ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ, പതഞ്ജലി വഴി എല്ലാവർക്കും വളരെക്കാലം ഓറഞ്ച് സൂക്ഷിക്കാൻ കഴിയും. ഇത് വിള പാഴാക്കൽ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക