വാഷിങ്ടൺ : തുർക്ക്മെനിസ്ഥാനിലെ പാകിസ്ഥാൻ അംബാസഡർക്ക് ലോസ് ഏഞ്ചൽസിൽ പ്രവേശനം നിഷേധിച്ച് അമേരിക്ക. അവധിക്കാലം ആഘോഷിക്കാൻ എത്തിയ നയതന്ത്ര ഉദ്യോഗസ്ഥനായ അഹ്‌സാൻ വാഗനെയാണ് അമേരിക്ക വിമാനത്താവളത്തിൽ വച്ച് തന്നെ തിരികെ അയച്ചത്. ഈ സംഭവം പാകിസ്ഥാന് നല്ല രീതിയിൽ നാണക്കേടായിട്ടുണ്ട്.
വിമാനത്താവളത്തിലെത്തിയ വാഗനെ അമേരിക്കൻ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയാണ് എല്ലാ രേഖകളും പരിശോധിച്ചത്.യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ മാറ്റിനിർത്തി വിസ, പാസ്‌പോർട്ട് തുടങ്ങിയവ ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ പേപ്പറുകൾ ഉദ്യോഗസ്ഥരെ കാണിച്ചു. പക്ഷേ അപ്പോഴും അയാൾക്ക് ലോസ് ഏഞ്ചൽസ് നഗരത്തിൽ പ്രവേശിക്കാൻ അനുവാദം നൽകിയില്ല.
തുടർന്ന് അദ്ദേഹത്തോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. പിന്നീട് ഈ വിവരം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ അമേരിക്ക അറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ലോസ് ഏഞ്ചൽസിലെ കോൺസുലേറ്റിനോട് മുഴുവൻ വിഷയവും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. കൂടാതെ അംബാസഡർ അഹ്സനെ ഇസ്ലാമാബാദിലേക്ക് വിളിപ്പിച്ച് മുഴുവൻ വിഷയവും കേൾക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേ സമയം അഹ്‌സാൻ വാഗനെ തിരിച്ചയച്ചതിലൂടെ അമേരിക്ക പാകിസ്ഥാന് ശക്തമായ സന്ദേശം നൽകിയതായി വിദഗ്ധർ കരുതുന്നു. പ്രസിഡന്റ് ട്രംപ് ഭരണകൂടത്തിന് പാകിസ്ഥാനോടുള്ള അതൃപ്തിയെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചർച്ചകൾ നടന്നിരുന്നു. ഇതിനെ ശരിവയ്‌ക്കുന്ന നടപടിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദറും വിദേശകാര്യ സെക്രട്ടറി അംന ബലോച്ചും ഈ വിഷയം വിശദമായി അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: