ന‍്യൂദൽഹി: തായ്‌ലൻഡ്, മ‍്യാൻമാർ അതിർത്തിയിൽ തൊഴിൽ തട്ടിപ്പിന് ഇരയായി കുടുങ്ങിയ ഇന്ത‍്യൻ പൗരന്മാരെ തിരിച്ചെത്തിച്ച് കേന്ദ്രസർക്കാർ. 283 പേരെയാണ് വ‍്യോമസേനയുടെ വിമാനത്തിൽ തിരിച്ചെത്തിച്ചത്. മ‍്യാൻമാറിലെയും തായ്‌ലൻഡിലെയും എംബസികളുടെ നേതൃത്വത്തിലാണ് ഇവരെ രക്ഷിച്ച് നാട്ടിലെത്തിച്ചത്.
ജോലി വാഗ്ദാനം നൽകി പൗരന്മാരെ തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, മ‍്യാൻമാർ എന്നിവിടങ്ങളിലെ സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട കോൾ സെന്‍ററുകളിലേക്ക് കൈമാറുകയായിരുന്നു. ഇത്തരത്തിൽ കുടുങ്ങിയ 543 ഇന്ത‍്യക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇതിൽ 283 പേരെയാണ് തിരിച്ചെത്തിച്ചത്. ബാക്കിയുള്ള പൗരന്മാരെ ചൊവ്വാഴ്ച തായ്ലൻഡിലെ മേ സോട്ടിൽ നിന്നുമുള്ള വിമാനത്തിൽ തിരികെ കൊണ്ടുവരും.
തൊഴിലിന്റെ പേരിൽ മനുഷ്യക്കടത്ത് വർദ്ധിച്ചുവരുന്ന പ്രവണത നിലനിൽക്കുന്നതിനാൽ വ‍്യാജ ഏജൻസികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് വിദേശകാര‍്യമന്ത്രാലയം അറിയിച്ചു. വിദേശ എംബസികൾ വഴി വിദേശ തൊഴിലുടമകളുടെ യോഗ്യതാപത്രങ്ങൾ പരിശോധിക്കാനും ജോലി വാഗ്ദാനം സ്വീകരിക്കുന്നതിന് മുമ്പ് റിക്രൂട്ടിംഗ് ഏജന്റുമാരുടെയും കമ്പനികളുടെയും ചരിത്രം പരിശോധിക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദേശിച്ച് വിദേശകാര്യമന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക