പി.എന്‍. ഈശ്വരന്‍
രാഷ്‌ട്രീയ സ്വയംസേവക സംഘം മുന്‍ പ്രചാരകനായ അഡ്വ. കെ. മാധവനുണ്ണി ഓര്‍മയായതോടെ സംഘത്തിന്റെ സംഭവ ബഹുലമായ ഒരു കാലഘട്ടത്തിനാണ് അന്ത്യമായിരിക്കുന്നത്.
1940 മാര്‍ച്ച് 30 ന് തൃശൂര്‍ അഡ്വ. കെ.കെ. ഉണ്ണിയുടേയും കുളപ്പുര വടശ്ശേരി അമ്മുക്കുട്ടി അമ്മയുടേയും മകനായി ജനിച്ച മാധവനുണ്ണിക്ക് മൂന്ന് സഹോദരങ്ങളും ഏഴ് സഹോദരിമാരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ ആര്‍എസ്എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരുന്നു. അറുപതുകളുടെ അവസാനത്തില്‍ ആര്‍എസ്എസ് പ്രചാരകനായി. താലൂക്ക് പ്രചാരകനായും ജില്ലാ പ്രചാരകനായും കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ചു. അന്നേ നന്നായി പാട്ട് പാടുമായിരുന്നു. അതുകൊണ്ട് സംഘത്തിന്റെ പല പരിപാടികളിലും ശിബിരങ്ങളിലും വ്യക്തിഗീതവും ഗണഗീതവും പാടുമായിരുന്നു. പല ശിബിരങ്ങളിലും പ്രാതസ്മരണ ചൊല്ലിക്കൊടുക്കുന്ന ചുമതല മാധവനുണ്ണിക്കായിരുന്നു. കോട്ടയം ജില്ലയിലെ പല ഭാഗത്തും ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചത് മാധവനുണ്ണിയാണ്.
അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പ്രചാരക ജീവിതത്തില്‍നിന്ന് പിന്മാറി. എല്‍എല്‍ബിക്ക് ചേര്‍ന്നു. എല്‍എല്‍ബി പാസായതിനു ശേഷം അച്ഛന്‍ അഡ്വ. ഉണ്ണിയോടൊപ്പം പ്രാക്ടീസ് ആരംഭിച്ചു. 1980 കളില്‍ അദ്ദേഹം ആര്‍എസ്എസ് തൃശൂര്‍ ജില്ല കാര്യവാഹ് ആയും എറണാകുളം വിഭാഗ് കാര്യവാഹ് ആയും പ്രവര്‍ത്തിച്ചു.
തൃശൂരില്‍ സത്യസായി സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് അഡ്വ. ഉണ്ണിയായിരുന്നു. മാധവനുണ്ണിയും സായിഭക്തനും പ്രവര്‍ത്തകനും ആയിരുന്നു. അവരുടെ വീട്ടില്‍ തന്നെയാണ് സായി സമിതിയുടെ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മാധവനുണ്ണിയുടെ വീട് എല്ലാ സംഘ അധികാരികളുടേയും താമസ കേന്ദ്രം കൂടിയായിരുന്നു. പൂജനീയ ഗുരുജി അവിടെ താമസിച്ചിട്ടുണ്ട്. പി. പരമേശ്വര്‍ജി തൃശൂരില്‍ വരുമ്പോഴെല്ലാം മാധവനുണ്ണിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പരമേശ്വര്‍ജിയുടെ പ്രേരണയില്‍ അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ല സെക്രട്ടറിയായും സംസ്ഥാന നേതൃത്വത്തിലും പ്രവര്‍ത്തിച്ചു.
പരമേശ്വര്‍ജിയില്‍നിന്ന് ഗീത പ്രചാരണത്തിനുള്ള ആഹ്വാനം ഉണ്ടായപ്പോള്‍ വിപുലമായ ഗീതാ സംഗമം തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ സംഘടിപ്പിച്ചു. മാധവനുണ്ണിയായിരുന്നു മുഖ്യ സംഘാടകന്‍.
ആര്‍എസ്എസ് ഏറ്റെടുത്ത പേരാമംഗലം സ്‌കൂള്‍ ഭരണസമിതിയംഗമായും ദീര്‍ഘകാലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തൃശൂര്‍ വിവേകോദയം സ്‌കൂള്‍ ട്രസ്റ്റിന്റേയും അംഗമായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥയും ഗായികയും മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ സഹോദരിയുമായ നര്‍മ്മദ ഉണ്ണിയാണ് ഭാര്യ. മകന്‍ അഭിറാം ഉണ്ണി തൃശൂര്‍ ധനലക്ഷ്മി ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.
തൃശൂര്‍ കാര്യാലയത്തില്‍ നടന്നിരുന്ന പ്രൗഢ ശാഖയിലെ ഒരിക്കലും മുടങ്ങാത്ത അംഗമായിരുന്നു മാധവനുണ്ണി. ആരോഗ്യപരമായി തീരെ അവശനായിരുന്നിട്ടും പ്രൗഢ ശാഖയില്‍ എത്തുമായിരുന്നു.
തൃശൂര്‍ മഹാനഗരത്തിലെ പ്രവര്‍ത്തകര്‍ക്കെല്ലാം അത് വലിയൊരു പ്രചോദനമായിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന നിര്‍മലമനസ്‌കനായ സ്വയംസേവകനെയാണ് മാധവനുണ്ണിയുടെ വേര്‍പാടോടെ സംഘത്തിന് നഷ്ടമായിരിക്കുന്നത്.
(ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: