പട്‌ന: അയ്യായിരം മീറ്റര്‍ നടത്തത്തില്‍ പുതിയ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിതിന്‍ ഗുപ്ത. 17കാരനായ നിതിന്‍ 19:24.48 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പുതിയ സമയം കുറിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് അയ്യായിരം മീറ്ററില്‍ ഒരു ഭാരത താരം 20 മിനിറ്റില്‍ താഴെ സമയത്തില്‍ ഫിനിഷ് ചെയ്യുന്നത് എന്ന അപൂര്‍വ്വത കൂടി ഈ നേട്ടത്തിനുണ്ട്. ഇന്നലെ പാടലിപുത്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ 20-ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സിലാണ് നിതിന്റെ അതുല്യ പ്രകടനം.
കഴിഞ്ഞ ഡിസംബറില്‍ നിതിന്‍ തന്നെ സ്ഥാപിച്ച റിക്കാര്‍ഡാണ് ഇന്നലെ തിരുത്തിയത്. അന്ന് 20:01.64 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ജൂണില്‍ ബിലാസ്പുരില്‍ നടന്ന മത്സരത്തില്‍ പുതിയ മീറ്റ് റിക്കാര്‍ഡ് നിതിന്‍ സ്ഥാപിച്ചിരുന്നു.
തുഷാര്‍ പന്‍വാര്‍ (21:08.29) വെള്ളിയും റിതുല്‍ പരിഹാര്‍ (21:14.97) വെങ്കലവും നേടി.
അതുല്യ പ്രകടനത്തിലൂടെ നിതിന്‍ വരുന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത കരസ്ഥമാക്കി. ഇതോടെ ഇനി ഈ കൗമാരതാരത്തിന്റെ മികവ് അന്തര്‍ദേശീയ വേദികളിലും പ്രകടമാകും.
18 വയസില്‍ താഴെയുളള ലോക താരങ്ങളില്‍ അയ്യായിരം മീറ്റര്‍ അതിവേഗം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ മൂന്നാമത്തെ മികച്ച താരം കൂടിയായിരിക്കുകയാണ് നിതിന്‍. റഷ്യയുടെ സെര്‍ജി ഷിറോബോക്കോവ്(19:00.4), ഓസ്‌ട്രേലിയയുടെ ഐസക്ക് ബീക്രോഫ്റ്റ്(19:23.96) എന്നിവരാണ് നിതിന് മുന്നിലുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: