കൊച്ചി: കാസര്‍കോട് പൈവളികെയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ 42 വയസുകാരനോടൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്വത്തിന് ഹൈക്കോടതിയുടെ ശക്തമായ വിമര്‍ശനം.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുടെ ബെഞ്ച് അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറിയുമായി ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഫെബ്രുവരി 12ന് മകളെ കാണാതായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നു. നേരത്തെ നടന്ന ഒരു വാദം കേള്‍ക്കലില്‍ പോലീസില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടിയ ബെഞ്ച് 42കാരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കവെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത വിവരം പോലീസ് കോടതിയെ അറിയിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ച കോടതി, ആശങ്ക പ്രകടിപ്പിക്കുകയും പെണ്‍കുട്ടി ഒരു വിഐപിയുടെ മകളായിരുന്നെങ്കില്‍ പോലീസ് കേസ് ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്നോ എന്ന് ചോദിക്കുകയും ചെയ്തു. വിഐപികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണെന്ന് കോടതി ആവര്‍ത്തിച്ചു. ഹര്‍ജി അവസാനിപ്പിക്കില്ലെന്നും സംഭവത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: