Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: ഭാരതഗാഥ

Published by

രിമിത ഓവര്‍ ക്രിക്കറ്റില്‍ ഭാരതത്തന്റെ പൊന്‍തൂവലായിരിക്കുകയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം. കിരീടവേട്ടയില്‍ ഒപ്പമുണ്ടായിരുന്ന ഓസ്‌ട്രേലിയയെ മറികടന്ന് മൂന്ന് കിരീടം സ്വന്തമാക്കി ഭാരതം മുന്നിലെത്തി. ഭാരത ക്രിക്കറ്റിന്റെ വികാസത്തിന് അടയാള വാക്യമായിരിക്കുകയാണ് ഞായറാഴ്‌ച്ച ദുബായില്‍ നടന്ന ഫൈനല്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഭാരതം നടത്തിയ പോരാട്ടത്തിന് അര്‍ഹമായ കിരീടനേട്ടം പലപ്പോഴും വഴിമാറി പോയിട്ടുണ്ട്. 2007(പ്രഥമ ട്വന്റി20), 2011 (ക്രിക്കറ്റ് ലോകകപ്പ്), 2013 (ഐസിസി ചാമ്പ്യന്‍സ് ട്രോഫി) വര്‍ഷങ്ങളില്‍ നേട്ടമുണ്ടാക്കി. പിന്നെയും ഭാരതത്തിന്റെ കുതിപ്പ് ഗംഭീരമായി തുടര്‍ന്നു. പക്ഷെ കിരീടനേട്ടത്തിനരികെ ഇടറിവീഴുന്ന കാഴ്ച പലവട്ടം കണ്ടു. പടിക്കല്‍ കലമുടയ്‌ക്കല്‍ പതിവ് പോലെയായി. അവിടെ നിന്നും ഇപ്പോഴിതാ തുടരെത്തുടരെ ഐസിസി കിരീടനേട്ടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി വികാസം പ്രാപിച്ചു.
കിരീടനേട്ടം കളിമികവിന്റെ അടയാളപ്പെടുത്തലെന്ന് പറയാനാകില്ല. ആകുമായിരുന്നെങ്കില്‍ മാര്‍ട്ടിന്‍ ക്രോ, ഇയാന്‍ ബോതം, ഡെന്നിസ് ലില്ലി, ജോണ്ടി റോഡ്‌സ്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ഷോണ്‍ പൊള്ളോക്ക് എന്നിവരൊക്കെ ക്രിക്കറ്റിലെ ചരിത്ര താരകങ്ങളായി ഇന്നും ആഘോഷിക്കേണ്ടവരാകില്ലായിരുന്നു. എങ്കിലും കിരീടനേട്ടം ഒരു പൂര്‍ണതയാണ്. ഇപ്പോള്‍ ഭാരതം കൈവരിച്ച ആ പൂര്‍ണതയുടെ ചില ഘടകങ്ങളിലേക്ക്.

സ്വയം വീണ്ടെടുപ്പായിരാഹുല്‍
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം നിര്‍ണയിക്കുമ്പോള്‍ ഒഴിവാക്കാമായിരുന്ന ഒരാള്‍ എന്ന പരിഗണനയാണ് കെ.എല്‍. രാഹുലിന് ചാര്‍ത്തിക്കൊടുത്ത വിശേഷണം. ഋഷഭ് പന്തിന്റെ പരിക്ക് കാരണം വിക്കറ്റ് കീപ്പറുടെ റോളില്‍ മികവ് തെളിയിച്ചൊരാള്‍ കൂടിയേ തീരു എന്നായിരുന്നു സെലക്ടര്‍മാരുടെ അജണ്ട. സഞ്ജു വി. സാംസണ്‍ അല്ലെങ്കില്‍ രാഹുല്‍ ആയാലും മതി എന്ന സ്ഥിതി വരെയെത്തി ചര്‍ച്ചകള്‍. മലയാളി താരം, രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആക്രമിച്ചു കളിക്കുന്ന മികച്ച ഐപിഎല്‍ ക്യാപ്റ്റന്‍ എന്ന നിലയിലെല്ലാം സഞ്ജു കാഴ്‌ച്ചക്കാരില്‍ വല്ലാതെ വൈകാരിക അടിത്തറ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ ശ്രേയസ് അയ്യരെ പോലെ, ഹാര്‍ദിക് പാണ്ഡ്യയെ പോലെ നല്ലപോലെ സ്‌ട്രോക്ക് പ്ലേ കളിക്കാന്‍ സാധിക്കുന്ന താരം മാത്രമാണ് സഞ്ജു. പക്ഷെ ഏകദിനത്തിന് ആവശ്യം ബിലോ മിഡില്‍ ഓര്‍ഡറിലിറങ്ങി മാച്ച് വിന്നര്‍മാരാകാന്‍ പ്രാപ്തിയുള്ള ഫൈന്‍ ഫിനിഷര്‍മാരെയാണ്. അജയ് ജഡേജ, മൈക്കല്‍ ബേവന്‍, എം.എസ്. ധോണി എന്നിവരെ പോലെയുള്ള ബാറ്റര്‍മാരെ. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച ഒന്നൊഴികെയുള്ള എല്ലാ മത്സരത്തിലും ഭാരതത്തിന്റെ വിധി സ്‌കോര്‍ പിന്തുടരാനായിരുന്നു. അവിടെയെല്ലാം മികച്ചൊരു ഫൈന്‍ ഫിനിഷറായി രാഹുല്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്‌ച്ച കണ്ടു. സെമിയിലും ഫൈനലിലും ആ പ്രകടനം നിര്‍ണായകമായിമാറി. ഒഴിവാക്കാവുന്നയാള്‍ എന്ന സെലക്ടര്‍മാരുടെ ചിന്തയിലേക്കുള്ള വീണ്ടെടുപ്പായി രാഹുലിന്റെ ഈ അത്യുഗ്രന്‍ പ്രകടനം.

മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍
രോഹിത് ശര്‍മ നായകന്റെ റോള്‍ ഏറ്റവും ഗംഭീരമായി നിറവേറ്റുന്നത് ഓപ്പണറായി ഇറങ്ങുമ്പോഴാണ്. രോഹിത് നല്‍കുന്ന തുടക്കമാണ് പല മത്സരങ്ങളില്‍ ഭാരത ഇന്നിങ്‌സിന് വമ്പന്‍ സംഭാവനയായി മാറുന്നത്. ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും രോഹിത്തിന്റെ അര്‍ദ്ധസെഞ്ച്വറി പ്രകടനം (83 പന്തില്‍ 76). ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിന് മുമ്പ് വരെയുള്ള മറ്റ് മത്സരങ്ങളിലും രോഹിത്തിന്റെ ഈ തുടക്കം ഭാരതത്തിന് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇത് ഈ ഒരു ടൂര്‍ണമെന്റിലെ കാഴ്ചയല്ല. 2023ലെ കഴിഞ്ഞ ലോകകപ്പിലും ഭാരതം അജയ്യമായി മുന്നേറിയ സെമി വരെയുള്ള ഓരോ കളിയിലും രോഹിത്തിന്റെ തുടക്കത്തിന് വലിയ മൂല്യമുണ്ടായിരുന്നു. വന്‍ പരാജയമേറ്റുവാങ്ങിയ ഫൈനലില്‍ പോലും ഓസീസിന് മുന്നില്‍ മാന്യമായ ലക്ഷ്യം(241) വയ്‌ക്കാന്‍ ഭാരതത്തെ പ്രാപ്തരാക്കിയത് രോഹിത്തിന്റെ തുടക്കമായിരുന്നു (31 പന്തില്‍ 47).

ദുബായിലെ സ്പിന്‍ വിന്‍
വേഗം കുറഞ്ഞ ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി മാറുമെന്ന് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങും മുമ്പേ വിലയിരുത്തലുകളുണ്ടായിരുന്നു. അതിനനുസരിച്ച് അന്തിമ ഇലവനില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ എന്ന നിലയിലാണ് ഭാരതം മത്സരങ്ങള്‍ ആസൂത്രണം ചെയ്തത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് പരിക്ക് കാരണം കളിക്കാനാവില്ലെന്ന് വന്നതോടെയാണ് അവസാന നിമിഷം മാറ്റം വരുത്തി കരുതലോടെ പകരക്കാരനായി വരുണ്‍ ചക്രവര്‍ത്തിയെ കൂടി ഉള്‍പ്പെടുത്തിയത്. ഒടുവില്‍ അന്തിമ ഇലവനില്‍ നാല് സ്പിന്നര്‍മാര്‍ വരെ ആകാം എന്ന നിലയിലേക്കെത്തി. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഫൈനലടക്കം ആകെ മൂന്ന് കളികള്‍ കളിച്ച വരുണ്‍ ചക്രവര്‍ത്തിയും തങ്ങളുടെ റോള്‍ ഗംഭീരമായി നിര്‍വഹിച്ചപ്പോള്‍ കുല്‍ദീപ് മാത്രം മങ്ങിപ്പോയി. പക്ഷെ ഫൈനലില്‍ കുല്‍ദീപ് അതിന് പ്രായശ്ചിത്തം ചെയ്തത് വിലപ്പെട്ട രണ്ട് കിവീസ് വിക്കറ്റുകള്‍ (രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍) വീഴ്‌ത്തിക്കൊണ്ടായിരുന്നു.

ഭാവി വാഗ്ദാനമായി വരുണ്‍
ഭാരതത്തിന്റെ ഐതിഹാസിക സ്പിന്‍ പാരമ്പര്യത്തിന് തിളക്കമേറ്റിയ താരകങ്ങളായാണ് അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, ആര്‍. അശ്വിന്‍ തുടങ്ങിയവര്‍. ഇവരുടെ വഴിയിലേക്കാണ് വരുണ്‍ വരവറിയിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ട് അരങ്ങേറി. രണ്ടാം മത്സരത്തില്‍ പേരുകേട്ട ബാറ്റിങ് നിരയുള്ള ഓസീസിനെ വരുതിക്ക് നിര്‍ത്തുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. ഫൈനലിന്റെ തുടക്കത്തില്‍ ഭാരതം വലിയ ഭീഷണി നേരിട്ടപ്പോള്‍ മികച്ചൊരു ബ്രേക്ക് ത്രൂ നല്‍കി രക്ഷകനായി മാറി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുമായാണ് വരുണ്‍ ദുബായില്‍ നിന്നും തിരികെയെത്തുന്നത്. ഇത് ഒട്ടും വിലകുറച്ചുകാണാനാകില്ല. ഈ 23 കാരന് ഭാരതത്തിന് വേണ്ടി ഇനിയും വിരലുകള്‍കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കാനുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by