Education

കീം 2025 പ്രവേശനപരീക്ഷ ഓണ്‍ലൈന്‍ അപേക്ഷ 12 വരെ നീട്ടി, കോഴ്‌സുകളും സെന്‌ററും കൂട്ടിച്ചേര്‍ക്കാം

Published by

തിരുവനന്തപുരം: 2025-26 വര്‍ഷത്തെ കേരള എഞ്ചിനീയറിംഗ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്‌ക്കുള്ള (കീം 2025) പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച് 12 വൈകുന്നേരം 5 മണി വരെയായി നീട്ടി. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.
ഓണ്‍ലൈനായി ഇതിനകം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് ആവശ്യമുള്ള പക്ഷം എന്‍ജിനീയറിംഗ്/ഫാര്‍മസി ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവ പ്രസ്തുത അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനുളള അവസരം ലഭ്യമാക്കിയിട്ടുണ്ട്. ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്) കോഴ്സ് കൂട്ടിച്ചേര്‍ക്കുന്നവര്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എന്‍.എ.ടി.എ നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതും മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ എന്‍.ടി.എ നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതുമാണ്. നിലവിലുള്ള അപേക്ഷകര്‍ക്ക് ഇന്ത്യയിലെ മറ്റ് കീം പരീക്ഷാകേന്ദ്രങ്ങള്‍ കൂടി 2 മുതല്‍ 8 വരെയുള്ള ഓപ്ഷനുകള്‍ ആയി കൂട്ടിച്ചേര്‍ക്കുന്നതിന് അവസരം ലഭ്യമാക്കിയിട്ടുണ്ട്. കീം 2025 അപേക്ഷിച്ചവര്‍ക്ക് പുതിയ കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് മാര്‍ച്ച് 12 വൈകിട്ട് 5 മണിവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ സൗകര്യം ഉണ്ടായിരിക്കും.
ബഹറിന്‍ പരീക്ഷാ കേന്ദ്രമായി എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ പുതിയ പരീക്ഷ കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി വെബ്‌സൈറ്റില്‍ ‘KEAM 2025- Application’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പറും, പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്ത് ഹോം പേജില്‍ പ്രവേശിച്ച് ‘Add Centre’ എന്ന മെനു ക്ലിക്ക് ചെയ്ത് ഇന്ത്യയിലെ മറ്റ് കീം പരീക്ഷാ കേന്ദ്രങ്ങള്‍ 2 മുതല്‍ 8 വരെയുള്ള ഓപ്ഷനുകളായി കൂട്ടിചേര്‍ക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300, 2332120, 2338487.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by