News

പരിസ്ഥിതി ആഘാത പഠനത്തിനു ശേഷം മാത്രം കേരളത്തില്‍ കടല്‍ ഖനനമെന്ന് കേന്ദ്രം

ഓഫ്‌ഷോര്‍ ഖനനം: കേരളത്തിന്റെ നിയന്ത്രണ മേഖലക്ക് പുറത്തെന്ന് കേന്ദ്രം

Published by

ന്യൂദല്‍ഹി: പരിസ്ഥിതി ആഘാത പഠനത്തിനു ശേഷം മാത്രം കേരളത്തില്‍ കടല്‍ ഖനനമെന്ന് കേന്ദ്ര കല്‍ക്കരി ഖനന വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഢി രാജ്യസഭയെ അറിയിച്ചു. സമുദ്ര പര്യവേഷണത്തിനുള്ള ലൈസന്‍സും ഉല്‍പ്പാദന ലീസും അനുവദിക്കുന്നതിനായി 13 ഓഫ്‌ഷോര്‍ ബ്ലോക്കുകളുടെ ലേലത്തിന്റെ ആദ്യ ഘട്ടം 2024 നവംബര്‍ 28 ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായും എന്നാല്‍ അതിനായി വിജ്ഞാപനം ചെയ്ത മൂന്ന് ബ്ലോക്കുകള്‍ കേരളത്തിന്റെ ജലാതിര്‍ത്തിക്കപ്പുറത്തുള്ളതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഹാരിസ് ബീരാന്‍ എംപി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
സ്വകാര്യ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കിയെങ്കില്‍ കൂടി 2013 ലെ കമ്പനി നിയമത്തിലെ യോഗ്യതാ വ്യവസ്ഥകള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് മാത്രമേ ഈ ധാതു ബ്ലോക്കുകളുടെ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. 2024ലെ ഓഫ്‌ഷോര്‍ മേഖലയിലെ പ്രവര്‍ത്തന ചട്ടം 5(2) പ്രകാരം, പരിസ്ഥിതി, വനം, കാലാവസ്ഥാ, മന്ത്രാലയം ഉള്‍പ്പെടെയുള്ള ഓഹരി ഉടമകളായ മന്ത്രാലയങ്ങളും ഫിഷറീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളുമായി മുന്‍കൂര്‍ കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും അതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും ഓഫ്‌ഷോര്‍ ഏരിയക്ക് ലേലത്തിനുള്ള ബ്ലോക്കുകളുടെ അറിയിപ്പ് നല്‍കുന്നതിന് മുമ്പ് ചട്ടപ്രകാരം, നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ വകുപ്പുകളുടെയും മന്ത്രാലയത്തിന്റെയും അനുമതി ഉറപ്പുവരുത്തുമെന്നും കല്‍ക്കരി,ഖനന മന്ത്രാലയം അറിയിച്ചു. ഏത് ഇന്ത്യന്‍ കമ്പനികള്‍ക്കും ഈ ലേലത്തില്‍ പങ്കെടുക്കാമെങ്കിലും, ഖനനാനുമതി ലഭിക്കുന്ന മുറക്ക് വിവിധ മന്ത്രാലയങ്ങളുടേത് അടക്കം എല്ലാ അനുമതിയും സ്വയം തേടണമെന്നും കേന്ദ്ര മന്ത്രി സഭയെ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by