തൃശൂര്‍ : പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഹരിഹരന്‍ പാടിയ മലയാളം ഗസല്‍ ഗാനമാണ് പാടുവാനിനിയും. ഗസലിന്റെ നനവുള്ള ഒരു മലയാളം ഗാനം ഏറെക്കാലത്തിന് ശേഷം കടന്നുവരുന്നു എന്ന പുതുമ ഈ ഗാനത്തിനുണ്ടായിരുന്നു. ഗര്‍ഷോം എന്ന സിനിമയിലെ ‘പറയാന്‍ മറന്ന പരിഭവങ്ങള്‍…വിരഹാര്‍ദ്രമാമീ മിഴികളോര്‍ക്കെ’.എന്ന റഫീക് അഹമ്മദ് എഴുതി രമേഷ് നാരായണന്‍ സംഗീതം ചെയ്ത ഗസല്‍ ഗാനത്തിന് ശേഷം ഇതാദ്യമായാണ് ഹരിഹരന്‍ മലയാളത്തില്‍ ഒരു ഗസല്‍ പാടുന്നത്.
25 വര്‍ഷത്തിന്റെ ഇടവേളയ്‌ക്ക് ശേഷമാണ് ഹരിഹരന്‍ മലയാളത്തില്‍ ഒരു ഗസല്‍ ആലപിക്കുന്നത് എന്ന പ്രത്യേകതയും ഈ ഗസല്‍ ഗാനത്തിനുണ്ട്. സംഗീതം ഗൗരവത്തോടെ കാണുന്നവരും ഗസലിനെ ഇഷ്ടപ്പെടുന്നവരും ഈ ഗാനത്തെ നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. കല്യാണി രാഗത്തിലാണ് ഈ ഗസല്‍ ഗാനം ചെയ്തിരിക്കുന്നത്.
മലയാളത്തില്‍ ഗസലിനെ ആരാധിക്കുന്ന നല്ലൊരു വിഭാഗം ശ്രോതാക്കളുണ്ട്. ഈ ഗാനത്തിന്റെ ഗസല്‍ ട്രീറ്റ് മെന്‍റ് മലയാളം ഗസലിനെ സ്നേഹിക്കുന്നവര്‍ക്കിടയില്‍ ഈ ഗാനത്തിന് സ്വീകാര്യത നല്‍കിയിട്ടുണ്ട്. പക്ഷെ ഗാനം ജനപ്രിയം ആകണമെങ്കില്‍ ഏറെ കാത്തിരിക്കണമെന്ന് ഈ ഗാനം നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹരിദാസ് പറയുന്നു. സുരേന്ദ്രനാഥപണിയ്‌ക്കരാണ് വരികള്‍ എഴുതി സംഗീതം ചെയ്തിരിക്കുന്നത്.
“പാടുവാനിനിയും ഈണങ്ങളില്ലെന്റെ
പാഴ്മുളം തണ്ടിൽ.
വിട പറയാൻ നീ അണഞ്ഞൊരീ ശ്രാന്ത –
സന്ധ്യതൻ ശ്രുതിയിൽ
ഇതുവരെ പാടിയ പാട്ടുകളെല്ലാം
നിന്നെക്കുറിച്ചായിരുന്നു
വിരഹത്തിനീ തപ്തനിമിഷങ്ങളിൽ ഞാൻ
ഇനിയെന്തു പാടാൻ സഖീ
ഓർമ്മകൾ തൻ മധുരാർദ്ര മനോഹര –
ഗാനമായ് മാറു നീ
വിധുര വിമൂകമെൻ
ഏകാന്തതകൾ
രാഗമയമാകുവാൻ”.- എന്നിങ്ങനെ പോകുന്നു വരികള്‍.
മുംബൈയില്‍ വെച്ചാണ് ഈ ഗാനം റെക്കോഡ് ചെയ്തത്. സര്‍ഗ്ഗസ്വര ഓഡിയോസ് ആണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ഇതിന്റെ വീഡിയോ പുറത്തിറങ്ങും. ഇത് ആമസോണ്‍ മ്യൂസിക്കില്‍ റിലീസ് ചെയ്യും.
ഹരിഹരന്റെ ഗാനം കേള്‍ക്കാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക