പത്തനംതിട്ട: സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പരസ്യ പ്രതികരണം നടത്തിയ എ പദ്മകുമാറിനെ സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിപ്പറയുമ്പോഴും പത്തനംതിട്ട ജില്ലാ നേതൃത്വം ആശങ്കയില്‍. പദ്മകുമാര്‍ ജില്ലയിലെ പ്രിയങ്കരനായ നേതാവാണെന്നും അദ്ദേഹത്തിന്റെ പരാതി പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു. പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലെത്തി രാജു എബ്രഹാം അനുനയ ചര്‍ച്ചകള്‍ നടത്തി. കൂടുതല്‍ പരസ്യ പ്രതികരണം നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് നയിക്കാതിരിക്കണം എന്ന അഭ്യര്‍ത്ഥന രാജു എബ്രഹാം പദ്മകുമാറിന് മുന്നിലേക്ക് വെച്ചിട്ടുണ്ട്. പുതിയ സംസ്ഥാന സമിതി പ്രഖ്യാപനത്തില്‍ പാര്‍ട്ടിയിലാകെയുള്ള പ്രതിഷേധം ആരെങ്കിലും പ്രകടിപ്പിക്കണ്ടേയെന്ന് പദ്മകുമാര്‍ രാജു എബ്രഹാമിനോട് പറഞ്ഞു.
ഏതു സാഹചര്യത്തിലാണ് പദ്മകുമാര്‍ അതൃപ്തി പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം ജില്ലയിലെ പ്രധാന നേതാവാണെന്നും രാജു എബ്രഹാം കൂടിക്കാഴ്ചയ്‌ക്ക് മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിമാരെ സംസ്ഥാന സമിതിയിലെ ക്ഷണിതാക്കളാക്കുന്നത് പതിവ് കിഴ് വഴക്കമാണ്. മന്ത്രിയെന്ന നിലയിലാണ് വീണാ ജോര്‍ജ്ജിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ആറന്മുളയിലും പത്തനംതിട്ട ജില്ലയിലും വലിയ സ്വാധീനമുള്ള എ. പദ്മകുമാര്‍ പാര്‍ട്ടി വിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക