ഡി. അശ്വനിദേവ് അനുസ്മരണ സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു
കായംകുളം: കേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഡി. അശ്വനിദേവ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന അശ്വനി ദേവിന്റെ ഒന്നാം സ്മൃതിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെഗറ്റീവിസം ഒട്ടും കടക്കാത്ത ശ്രീനാരായണ ഗുരുദേവന്റെ മനസ്സില്‍ പോലും നെഗറ്റീവിസം ഉണ്ടായിരുന്നുവെന്ന് പ്രചരിപ്പിക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. വായനയില്‍ കൂടി സംസ്‌കാരം ഉണ്ടാക്കിയെടുക്കണം. കേരളത്തിന് മുഴുവന്‍ സംഭാവന ചെയ്യുവാന്‍ പര്യാപ്തമായ ചരിത്രം ഉറങ്ങുന്ന നാടാണ് കായംകുളം. കായംകുളം വാള്‍ അതിന് ഉദാഹരണമാണ്. കായംകുളത്തിന്റെ രാഷ്‌ട്രീയചരിത്രം സ്വാതന്ത്ര്യസമരത്തോട് ബന്ധപ്പെട്ടതാണ്. രാജ്യത്തിനായി സമര്‍പ്പണം ചെയ്തവരുടെയും നാടാണിത്. പുതുപ്പള്ളി രാഘവന്റെ ചരിത്രം അത് തുറന്നു കാട്ടുന്നു. ചരിത്രത്തെ മറന്ന് നമ്മള്‍ വിസ്മൃതിയിലേക്ക് പോകുകയാണ്. വൈക്കം സത്യഗ്രഹം പോലെയുള്ള പല ചരിത്രസംഭവങ്ങളും വസ്തുതുനിഷ്ഠമല്ലാതെ വളച്ചൊടിച്ച് സത്യത്തെ വികലമാക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ഇന്ന് ആരുമില്ലാത്ത അവസ്ഥയിലൂടെയാണ് നാട് കടന്നുപോകുന്നത്. സംഘപ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശിയായ പരമേശ്വര്‍ജിയെ ഈ കാലഘട്ടത്തില്‍ സ്മരിക്കേണ്ടതാണ്. അധികാരമല്ല, ജനക്ഷേമ പ്രവര്‍ത്തനമാണ് ഒരു പൊതുപ്രവര്‍ത്തകന് വേണ്ടത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഡി. അശ്വനിദേവ് അത് തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന്‍ ദീപം തെളിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. എസ്. രമണന്‍പിള്ള അധ്യക്ഷനായി. സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍, മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍, അഡ്വ. യു. പ്രതിഭ എംഎല്‍എ, രാജീവ് ആലുങ്കല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബി. ശ്രീപ്രകാശ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക