കല്‍പറ്റ: രേഖകളില്‍ വനഭൂമിയാണെന്നതിന്റെ പേരില്‍ സ്വന്തം വാസസ്ഥലത്തിന് നികുതിയൊടുക്കാന്‍ സാധിക്കാത്തവര്‍, കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നവര്‍, ഏത് നിമിഷവും വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുമെന്ന് പേടിച്ച് കഴിയുന്നവര്‍, വിദ്യാസമ്പന്നരായിട്ടും സ്ഥിരജോലി ലഭിക്കാത്തവര്‍… വയനാട്ടിലെ വനവാസി ഊരുകളില്‍ കഴിയുന്ന ഇവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനും അറിയാനും ഗവര്‍ണര്‍ എത്തി. വയനാട് ചുണ്ടയില്‍ വട്ടക്കുണ്ട് വനവാസി ഊരിലാണ് ഇന്നലെ ഉച്ചയോടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തിയത്. കാട്ടുനായ്‌ക്ക ഗോത്രത്തില്‍പെട്ട അമ്പതിലേറെ കുടുംബങ്ങള്‍ വസിക്കുന്ന ഈ ഊരിന്റെ ആവശ്യങ്ങളെല്ലാം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ പരിഗണനയ്‌ക്കായി അവതരിപ്പിക്കുമെന്നും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ഊരുവാസികള്‍ക്ക് ഉറപ്പു നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.
1998 വരെ ഭൂനികുതി അടച്ച മേപ്പാടി പഞ്ചായത്തിലെ ആനപ്പാറ സ്വദേശികള്‍ക്ക് 27 വര്‍ഷമായി നികുതി അടയ്‌ക്കാനാവുന്നില്ല. അവര്‍ താമസിക്കുന്ന ഭൂമി രേഖപ്രകാരം വനംഭൂമിയാണെന്നും വനംവകുപ്പിന്റെ എന്‍ഒസി ലഭിച്ചാല്‍ മാത്രമേ ഇനി നികുതി സ്വീകരിക്കുകയുള്ളൂ എന്നുമാണ് റവന്യു അധികൃതരുടെ നിലപാട്.
പതിറ്റാണ്ടുകളായി താമസിക്കുന്ന പട്ടയമുള്ള ഭൂമിയുടെ മേലുള്ള അവകാശം ഉറപ്പാക്കണമെന്നായിരുന്നു ആനപ്പാറയില്‍ നിന്നെത്തിയവരുടെ ആവശ്യം. വര്‍ഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് വട്ടക്കുണ്ട് ഊരുവാസികള്‍ അഭ്യര്‍ത്ഥിച്ചു. മലമുകളിലെ കാട്ടുചോലകളില്‍ നിന്നുള്ള വെള്ളം പൈപ്പ് വഴി എത്തിച്ചാണ് ഇവര്‍ കുടിവെള്ളം നേടുന്നത്. എന്നാല്‍ വന്യമൃഗശല്യം കൂടിയതോടെ ഇടയ്‌ക്കിടെ ആനകള്‍ ഈ പൈപ്പുകള്‍ നശിപ്പിച്ച് കുടിവെള്ളം മുടങ്ങുന്നു. ഊരിനു വേണ്ടി ഒന്നോ രണ്ടോ കിണറുകളെങ്കിലും കുഴിച്ചു കിട്ടാന്‍ ഇവര്‍ കാലങ്ങളായി മുറവിളികൂട്ടുന്നു. ”ഗവര്‍ണര്‍ സാര്‍ ഇടപെട്ടെങ്കിലും ഇത് ശരിയാക്കിത്തരണ”മെന്നാണ് ആവശ്യം. ”ജല്‍ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലേ” എന്ന് ഉദ്യോഗസ്ഥരോട് ഗവര്‍ണറുടെ അന്വേഷണം. വ്യക്തമായ മറുപടി ഉണ്ടായില്ല. വന്യമൃഗശല്യമാണ് മറ്റൊരു പ്രശ്‌നം. കാട്ടാനകള്‍ കടന്നുവരാതിരിക്കാന്‍ പണ്ടെ് എപ്പഴോ സ്ഥാപിച്ച വൈദ്യുതി വേലി പൊട്ടിപ്പൊളിഞ്ഞ നിലയില്‍ അങ്ങിങ്ങ് കാണാം. ഗവര്‍ണര്‍ ഇടപെട്ടപ്പോള്‍, വൈദ്യുതി വേലിയുടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള നടപടി സ്വീകരിക്കാമെന്ന് പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും പറഞ്ഞു.
ഊരിലുള്ള മുതിര്‍ന്നവര്‍ പലരും വിദ്യാഭ്യസത്തില്‍ പിന്നാക്കമാണെന്നതിനാല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് വീട്ടിലെത്തിയാല്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും അതിന് പട്ടികവര്‍ഗ വകുപ്പിന്റെ ഊരുവിദ്യാ കേന്ദ്രം പദ്ധതി നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. ഊരുവാസികള്‍ ഉന്നയിച്ച ഓരോ ആവശ്യവും ബന്ധപ്പെട്ട മന്ത്രിമാരുമായി നേരിട്ട് സംസാരിച്ച് പരിഹാരങ്ങള്‍ ആരായുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഉന്നയിക്കപ്പെട്ട കാര്യങ്ങളെല്ലാം രേഖാമൂലം തനിക്ക് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. ഗോവ സ്പീക്കര്‍ രമേശ് താവദ്ക്കറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഗോവയില്‍ വനവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഏറെ പ്രയത്‌നിച്ചയാളായതിനാലാണ് ഇവിടെ അദ്ദേഹത്തിന്റെ സാന്നിധ്യം ആഗ്രഹിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: