ലോക വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനമായ ന്യൂ ദല്‍ഹിയിലെ വനിതകള്‍ക്ക് പുതുതായി അധികാരമേറ്റ ബിജെപി സര്‍ക്കാരിന്റെ സമ്മാനം. അര്‍ഹരായ വനിതകള്‍ക്ക് മാസംതോറും 2500 രൂപ വീതം നല്‍കുന്ന മഹിളാ സമൃദ്ധി പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ പ്രമുഖ വാഗ്ദാനങ്ങളില്‍ ഒന്ന് പ്രാവര്‍ത്തികമാവുകയാണ്. ദല്‍ഹിയിലെ 20 ലക്ഷം വനിതകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിക്കായി പ്രത്യേക പോര്‍ട്ടല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രഖ്യാപനം വനിതാ ക്ഷേമത്തിന് ബിജെപി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യമാണ് കാണിക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷയായ കമ്മിറ്റി മേല്‍നോട്ട ചുമതല വഹിക്കുന്ന പദ്ധതിക്കായി 5000 കോടിയിലേറെ രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. 18 വയസ്സിനും 60 വയസ്സിനും ഇടയ്‌ക്ക് വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ താഴെയുള്ള, മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്ത സ്ത്രീകള്‍ക്കാണ് സ്വന്തം അക്കൗണ്ടുകളിലേക്ക് മാസംതോറും പണമെത്തുക. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമുള്ളതല്ലെന്നു ബിജെപി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. പത്തുവര്‍ഷത്തെ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാരിന് അന്ത്യം കുറിച്ച് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ലോക വനിതാ ദിനത്തില്‍ തന്നെ മഹിളാ സമൃദ്ധി പദ്ധതിക്ക് തുടക്കം കുറിച്ചത് വനിതകളോടുള്ള പ്രതിബദ്ധതയ്‌ക്ക് തെളിവാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തോടെ അധികാരത്തില്‍നിന്ന് ഇറങ്ങിപ്പോയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വഞ്ചനാത്മകമായ ഭരണത്തില്‍ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ ഭരണമെന്ന് തെളിയിക്കാന്‍ മഹിളാ സമൃദ്ധി പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ ബിജെപി സര്‍ക്കാരിന് കഴിയും. തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും സ്ത്രീകള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കുമായി വാഗ്ദാനങ്ങളുടെ പരമ്പര തന്നെയാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ പലതും വെറും തട്ടിപ്പുകളാണെന്ന് അധികം വൈകാതെ വ്യക്തമായി. അഴിമതിക്കേസില്‍ പ്രതിയായി അധികാരത്തില്‍നിന്ന് കെജ്‌രിവാള്‍ പുറത്തായതോടെ വനിതാ മുഖ്യമന്ത്രിയെ വാഴിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമവും നടന്നു. എന്നാല്‍ ഈ തന്ത്രം വിജയിച്ചില്ല. പാര്‍ട്ടിയിലെ പ്രമുഖ നേതാവും സ്വന്തം സഹപ്രവര്‍ത്തകയുമായ സ്വാതി മലിവാളിന് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റത് എഎപിയുടെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടി. കെജ്‌രിവാളിനൊപ്പം മറ്റു പാര്‍ട്ടി നേതാക്കളും ഇതിനെ ന്യായീകരിക്കുകയായിരുന്നു. ഈ മര്‍ദ്ദനത്തിനെതിരെ പ്രതികരിക്കാന്‍ ഒരു വനിതയായിരുന്നിട്ടും മുഖ്യമന്ത്രി അതിഷി തയ്യാറായില്ല. ഇതിനൊക്കെയുള്ള ശിക്ഷയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയത്.
കബളിപ്പിക്കല്‍ രാഷ്‌ട്രീയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണ് ആം ആദ്മി പാര്‍ട്ടി. അണ്ണാ ഹസാരെയുടെ അനുയായിയായി രംഗത്തുവന്ന കെജ്‌രിവാള്‍ പിന്നീട് ഹസാരെയെ തള്ളി സ്വന്തം രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കുകയായിരുന്നുവല്ലോ. മദ്യനിരോധനത്തിന് എതിരായിരുന്നു ഹസാരെയെങ്കില്‍ മദ്യ രാജാക്കന്മാരില്‍ നിന്ന് പണം പറ്റുകയായിരുന്നു കെജ്‌രിവാള്‍. ഇതിനു പറ്റിയ ഒരുപറ്റം നേതാക്കളെയും ലഭിച്ചു. സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തുകയും, പിന്നീട് അതു മറന്നു പുതിയ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതായിരുന്നു കെജ്‌രിവാളിന്റെ രീതി. ഈ വഞ്ചന ദല്‍ഹി നിവാസികള്‍ വ്യക്തമായി തിരിച്ചറിഞ്ഞാണ് ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജനവിധിയോട് നീതിപുലര്‍ത്താന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഇതിന് തെളിവാണ് വനിതാ സമൃദ്ധി യോജന നടപ്പാക്കാനുള്ള രേഖ ഗുപ്ത സര്‍ക്കാരിന്റെ തീരുമാനം. ലോക വനിതാദിനത്തില്‍ തന്നെ അതിന് തുടക്കം കുറിച്ചത് അത്യന്തം സ്വാഗതാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: