കോട്ടയം: കേരളീയ സമൂഹം ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ആധ്യാത്മികതയുടെ കുറവെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസമായി നടന്നുവന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വാര്‍ഷിക യോഗത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥ ആധ്യാത്മികതയില്‍ നിന്ന് പിന്‍വാങ്ങി പ്രകടനപരമായ ഉത്സവാഘോഷങ്ങളിലേക്കും മറ്റും ഹൈന്ദവ സമൂഹം കടന്നത് വളരെ ഗുരുതരമായ ചില സാമൂഹ്യ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നതിന് ഇടയായി. ഇത് തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ ആധ്യാത്മിക അടിത്തറ ഹൈന്ദവ സമൂഹത്തില്‍ ഉണ്ടാക്കിക്കൊണ്ട് നവകേരള സൃഷ്ടി നടത്താന്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്ക് സാധിക്കണം.
നിരവധി മഹത് വ്യക്തിത്വങ്ങള്‍ക്ക് ജന്മം നല്കിയ കേരളം അവരെയൊക്കെ മറക്കാന്‍ ശ്രമിക്കുന്നതും അവര്‍ നടപ്പാക്കാന്‍ ശ്രമിച്ച യഥാര്‍ത്ഥ ദാര്‍ശനിക മൂല്യങ്ങളെ നിഷ്‌കരുണം തള്ളിക്കളയുന്നതും കേരളത്തില്‍ ഒരു പൊതു പ്രവണതയായി മാറിയിരിക്കുകയാണ്. ഇതിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തില്‍ ഇന്ന് കാണുന്ന അക്രമ, അരാജകത്വ പ്രവണതകള്‍ കൂടുകയേ ഉള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യയിലെ ഹൈന്ദവ ദേശീയത എപ്രകാരമാണോ സജീവവും സക്രിയവുമായി സാമൂഹ്യകാര്യങ്ങളില്‍ ഇടപെടുന്നത് ആ രീതിയില്‍ സജീവമായ ഒരു ഇടപെടല്‍ നടത്താന്‍ കേരളത്തില്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംന്യാസി സമൂഹം ഇക്കാര്യത്തില്‍ ഇടപെട്ട് പൊതുസമൂഹത്തെ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായ സംന്യാസി യാത്രകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജിതമ്പി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഷിക സമ്മേളനത്തില്‍ ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ എ. ഗോപാലകൃഷ്ണന്‍, വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു തുടങ്ങിയവര്‍ മാര്‍ഗനിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: