Kerala

ദേശീയ രാഷ്‌ട്രീയത്തിൽ ശക്തമായ ഇടപെടല്‍ നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് പ്രകാശ് കാരാട്ട്

Published by

കൊല്ലം: ദേശീയ രാഷ്‌ട്രീയത്തിൽ ശക്തമായ ഇടപെടല്‍ നടത്തുന്ന പാര്‍ട്ടിയാണ് കേരളത്തിലെ സി.പി.എം എന്ന് പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട്. കൊല്ലത്ത് സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും വലുതും ശക്തവുമായ പാര്‍ട്ടിയാണ് കേരളത്തിലേത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബദല്‍ വികസന പ്രവര്‍ത്തനങ്ങളുമാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. അതുകൊണ്ടുതന്നെ രണ്ടാംതവണ അധികാരത്തില്‍ എത്തിയപ്പോള്‍ ഈ സര്‍ക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയിൽ ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത് . അതിനെ സിപിഎം തടയും. എങ്കിലും ഹിന്ദുത്വ അജണ്ട ശക്തിപ്പെടുത്തിയാണ് ബിജെപി മുന്നോട്ട് പോകുന്നത്.

ബി.ജെ.പി. സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ഈ വിവേചനത്തിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ഈ അമിതാധികാര പ്രവണതയെ കേരളത്തിന്റെ പൊതുവികാരമായി കണ്ട് അവരും പ്രതിരോധിക്കേണ്ടതായിരുന്നു. ജനാധിപത്യം ആക്രമിക്കപ്പെടമ്പോഴും സംസ്ഥാനത്തെ ജനങ്ങളുടെ അവകാശം ലംഘിക്കപ്പെടുമ്പോഴും കോണ്‍ഗ്രസ് കുറ്റകരമായ നിശബ്ദതയാണ് തുടരുന്നത്.

കേരളത്തിലെ ചെങ്കൊടിയുടെ മുന്നേറ്റത്തെ ചെറുക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന സമീപനങ്ങളെല്ലാം വികസ്വര രാജ്യങ്ങള്‍ക്കെതിരാണ്. ട്രംപ് നടപ്പാക്കുന്ന നീക്കങ്ങള്‍ക്ക് മോദി പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും കാരാട്ട് പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by