ന്യൂദൽഹി: നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി ഉപരാഷ്‌ട്രപതിയെ സന്ദർശിച്ചത്. സന്ദർശന വിവരം തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
എയിംസ് ആശുപത്രിയിലെത്തി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറിനെ കണ്ടുവെന്നും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ആശുപത്രിയിലെത്തി ഉപരാഷ്‌ട്രപതിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചിരുന്നു.
പുലർച്ചെ രണ്ട് മണിയോടെയാണ് നെഞ്ചുവേദനയെ തുടർന്ന് ഉപരാഷ്‌ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ സിസിയുവിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എയിംസിലെ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ രാജീവ് നാരാംഗിന്റെ ചികിത്സയിലാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: