ചെന്നൈ: സ്വതന്ത്ര ഇന്ത്യയില്‍ സ്ഥാനഭ്രഷ്ട നടപടികള്‍ നേരിട്ട ആദ്യ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് വി രാമസ്വാമി (96)ചെന്നൈയില്‍ അന്തരിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ഔദ്യോഗിക വസതിക്കായി വഴിവിട്ട് തുക ചെലവഴിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ 1991 ഫെബ്രുവരിയില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ആരോപണങ്ങള്‍ അന്വേഷിച്ച സുപ്രീം കോടതിയിലെ ജസ്റ്റിസ് പഞ്ചാബ് സാവന്ത് അധ്യക്ഷനായ കമ്മിറ്റി, 14 കുറ്റങ്ങളില്‍ 11 എണ്ണത്തിലും ജസ്റ്റിസ് രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 1993-ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ഇടതു പാര്‍ട്ടികളും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിലെയും സഖ്യകക്ഷികളിലെയും അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് പ്രമേയം പരാജയപ്പെടുകയായിരുന്നു. സുപ്രീം കോടതി ജഡ്ജിയായി വിരമിച്ച ശേഷം ജസ്റ്റിസ് രാമസ്വാമി 1999-ല്‍ ശിവകാശി നിയോജകമണ്ഡലത്തില്‍ നിന്ന് എഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: