Thiruvananthapuram

വികസിതഭാരതം യാഥാര്‍ഥ്യമാക്കാന്‍ ഡോക്ടര്‍മാര്‍ ഗ്രാമീണ സേവനത്തിന് തയ്യാറാകണം: ഗവര്‍ണര്‍

Published by

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ ദൈവത്തിന്റെ വരദാനം നേടിയവരാണെന്നും വികസിതഭാരതം യാഥാര്‍ഥ്യമാക്കാന്‍ ഡോക്ടര്‍മാര്‍ ഗ്രാമീണ സേവനത്തിന് തയ്യാറാകണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അലൂമ്‌നി അസോസിയേഷന്റെ 74 ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവയില്‍ 40 വര്‍ഷം മുന്‍പ് അച്ഛന്‍ സ്ഥാപിച്ച സ്‌ക്കൂളിന്റെ കെട്ടിടങ്ങളും സ്മാര്‍ട്ട് ക്ലാസുകളും നിര്‍മിച്ചു നല്‍കിയത് പൂര്‍വവിദ്യാര്‍ഥി സംഘടനയാണ്. പഠിച്ച സ്‌ക്കൂളിന് മുന്നിലൂടെ പോകുമ്പോള്‍ കാറില്‍ നിന്നിറങ്ങി വണങ്ങുന്ന രീതി പതിവുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഡോ.കെ.എ.കുമാര്‍, ഡോ.രാജഗാപാല്‍, ഡോ.എം.വി.പിള്ള തുടങ്ങി മെഡിക്കല്‍ കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ പ്രമുഖ ഡോക്ടര്‍മാരെ ഗവര്‍ണര്‍ ആദരിച്ചു.ബീഹാറിലെ ഒരു നഗരത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ 5000 ത്തിലേറെ സാധാരണക്കാരായ രോഗികളാണ് എത്തുന്നത്. ഇവരെല്ലാം 100 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമങ്ങളില്‍ നിന്നും വരുന്നവരാണ്.വൈദ്യസേവനം നഗരങ്ങളില്‍ മാത്രമായി ഒതുങ്ങുകയാണെന്നും ഗ്രാമീണരുടെ പടിവാതില്‍ക്കല്‍ സേവനം എത്തണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു.

ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അലൂമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.സി.ജോണ്‍ പണിക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടര്‍ ഡോ.തോമസ് മാത്യു, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ലിനറ്റ്.ജെ. മോറീസ്, അസോസിയേഷന്‍ ഭാരവാഹികളായ ഡോ.കെ.ദിനേഷ്, ഡോ.കവിതാ രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക