നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 6.3 കിലോ മീറ്റര്‍ മാറി, ആലുവയില്‍ ഏഴ് ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന, ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണ് ‘ശക്തിരൂപേണ ആദിപരാശക്തി ക്ഷേത്രം’. ആലുവ റെയില്‍വേ സ്റ്റേഷന്‍, ചൊവ്വര ഫെറി, ദേശീയ പാത എന്നിവയുടെ സാമീപ്യം തീവണ്ടി, റോഡ്, ജല ഗതാഗതമാര്‍ഗങ്ങളിലൂടെ ക്ഷേത്രത്തിലേക്ക് എത്താന്‍ സൗകര്യം ഒരുക്കുന്നു. ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ അതിന്റെ പേരില്‍ നിന്നു തന്നെ തുടങ്ങുന്നു.
ആദിപരാശക്തി, ശിവകുടുംബം, മഹാവിഷ്ണു എന്നിവയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകള്‍. സാധാരണ കേട്ടിരിക്കുന്നതില്‍ നിന്നു വ്യത്യസ്തമായി ശിവകുടുംബത്തില്‍ ശിവപാര്‍വ്വതിമാര്‍ക്കൊപ്പം ആറു മക്കളുണ്ട്.
ഭൂദേവി, ശ്രീദേവീ സഹിതനാണ് ഇവിടെ മഹാവിഷ്ണു. ഇതിനു പുറമേ നവഗ്രങ്ങള്‍, സപ്തമാതാക്കള്‍, മൂലഗണപതി, വീരഭദ്രന്‍, ഹനുമാന്‍, പഞ്ചമുഖഹനുമാന്‍, രാധാസമേതകൃഷ്ണന്‍. കാലഭൈരവന്‍, ഗോമാതാവ്, ഭ്രദകാളി, ഷണ്‍മുഖന്‍, മഹാകാളി, വൈഷ്ണവിദേവി, ചന്ദ്രന്‍, ആദിത്യന്‍ എന്നിങ്ങനെ 15 ഉപദേവതാ പ്രതിഷ്ഠകള്‍ വേറെയും ഉണ്ട്.
മുമ്പ് ചൊവ്വര ആദിപരാശക്തി കുടികൊണ്ടിരുന്ന സ്ഥലത്താണ് ആധുനിക വാസ്തുവിസ്മയമായി പുതിയ ക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. പൗരാണികകാലത്ത് ദിവ്യരായ അനേകം ഋീശ്വരന്മാര്‍ പൂജിച്ച് ഉപാസിച്ചിരുന്ന ദേവിയാണ് ചൊവ്വര ആദിപരാശക്തി. 2016ല്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നവിധിപ്രകാരമാണ് ഇവിടെ പുതിയക്ഷേത്രം നിര്‍മ്മിച്ചത്. ഉത്തര-ദക്ഷിണ ഭാരതീയ ക്ഷേത്ര വാസ്തുവിദ്യയുടെ സമ്മേളനമാണ് ഈ ക്ഷേത്രത്തില്‍ കാണാനാവുക.
മൂന്നു മൂര്‍ത്തികള്‍ക്ക് തുല്യപ്രാധാന്യം കൊടുക്കുന്ന ക്ഷേത്രങ്ങള്‍ ഭാരതത്തില്‍ തന്നെ അപൂര്‍വ്വമാണ്. കാലഭൈരവന്‍, പഞ്ചമുഖ ഹനുമാന്‍, സപ്തമാതാക്കള്‍, രാധാസമേതകൃഷ്ണന്‍ എന്നിവരുടെ പ്രതിഷ്ഠകള്‍ കേരളത്തില്‍ അത്യപൂര്‍വ്വമാണ്. ദ്വാരകയിലുള്ള രാധാകൃഷ്ണ വിഗ്രഹത്തിനു സമാനമാണ് ഇവിടുത്തെ രാധാസമേതകൃഷ്ണ പ്രതിഷ്ഠ.
ഉത്തര-ദക്ഷിണ ശൈലികള്‍ സമജ്ഞസമായി സംയോജിപ്പിച്ച ദേവീനടയുടെ ശ്രീകോവില്‍ കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാടിന്റെ വാസ്തുവിദ്യാ മേല്‍നോട്ടത്തിലാണ് നിര്‍മ്മിച്ചത്. സോപാനം മാര്‍ബിളിലും ദ്വാരപാലകര്‍ കൃഷ്ണശിലയിലുമാണ്. വലിയമ്പലത്തിന്റെ നിര്‍മാണം പൂര്‍ണമായും കേരളീയ വാസ്തുശാസ്ത്രപ്രകാരമാണ്. വളരെ മനോഹരമായ കൊത്തുപണികള്‍ ഉള്ള ദാരുശില്‍പ്പങ്ങള്‍. മാര്‍ബിള്‍ വിഗ്രഹങ്ങള്‍, മഹാവിഷ്ണുവിന്റെ വട്ടശ്രീകോവില്‍, കിഴക്കുഭാഗത്തെ 12 മീറ്റര്‍ ഉയരമുള്ള രാജഗോപുരം എന്നിവയൊക്കെ ഇവിടുത്തെ സവിശേഷതകളാണ്. തഞ്ചാവൂര്‍ ശൈലിയിലാണ് രാജഗോപുരത്തിന്റെ നിര്‍മ്മാണം.
ആദി പരാശക്തി ആത്യന്തിക ശക്തിയെ പ്രതിനിധീകരിക്കുന്നു. പരബ്രഹ്മത്തിന്റെ ഊര്‍ജ്ജവിശേഷമാണ് ദേവി. മറ്റെല്ലാ ശക്തികളും ദേവിയുടെ വിപുലീകരണങ്ങളും രൂപാന്തരങ്ങളുമാണ്, ആവശ്യമുള്ളപ്പോള്‍ സൃഷ്ടിക്കും സംഹാരത്തിനും
വേണ്ട ഊര്‍ജ്ജം ഉള്ള ആദിപരാശക്തിയെ ദേവീഭാഗവതത്തില്‍ പരമപ്രകൃതി എാണ്് വിശേഷിപ്പിക്കുന്നത്.
ആദിപരാശക്തി വിഗ്രഹം പന്ത്രണ്ട് കൈകളോടു കൂടിയതാണ്. ദേവിയുടെ വലത്തെ ആറു കൈകളില്‍ അഗ്‌നി, മഴു, ചുരിക, വില്ലും അമ്പും, ഉടുക്ക്, കമണ്ഡലു എന്നിവയും ഇടത്തെ ആറു കൈകളില്‍ ചക്രം, ഗദ, അമൃതകലശം, ത്രിശൂലം, ഖഡ്ഗം, വരദമുദ്ര എന്നിവയുമുണ്ട്. പ്രപഞ്ചോര്‍ജ്ജത്തിന്റെയും ശക്തിയുടെയും ആത്യന്തിക ഉറവിടം എന്ന നിലയിലാണ് പന്ത്രണ്ടു തൃക്കൈകളിലുമായുള്ള ആയുധങ്ങള്‍ കണക്കാക്കപ്പെടുന്നത്.
പരബ്രഹ്മത്തിന്റെ പ്രതീകമായ ആദിപരാശക്തി പ്രതിഷ്ഠക്കു പുറമേയാണ് ഉപദേവതകളായി ഭദ്രകാളി, മഹാകാളി, വൈഷ്ണവി ദേവി, സപ്തമാതാക്കള്‍ എന്നിവരും ഉള്ളത്.
ഒരു ദിവ്യ നാണയത്തിന്റെ രണ്ട് വശങ്ങളായ ശിവനും ശക്തിയും ഐക്യപൂര്‍ണമായ പ്രപഞ്ച സന്തുലിതാവസ്ഥയെ പ്രതിനിധീകരിക്കുന്നു. ദിവ്യസ്‌നേഹത്തിന്റെയും കുടുംബൈശ്വര്യത്തിന്റെയും ഐക്യത്തിന്റെയും ആത്യന്തിക പ്രതീകമാണ് ശിവകുടുംബം.
ശിവ-പാര്‍വതിമാരോട് ഒപ്പം ഗണേശന്‍, കാര്‍ത്തികേയന്‍, ധര്‍മ്മശാസ്താവ് എന്നീ പുത്രന്മാരും അശോകസുന്ദരി, ഭദ്രകാളി, ജ്യോതി എന്നീ പുത്രിമാരും ചേര്‍ന്നതാണ് ഈ ക്ഷേത്രത്തിലെ ശിവകുടുംബം.
വിവാഹ കാലതാമസം ഇല്ലാതാക്കാനും, യുവതീയുവാക്കള്‍ക്ക് അനുയോജ്യ പങ്കാളിയെ ലഭിക്കാനും സന്തുഷ്ട ദാമ്പത്യത്തിനും പാപപരിഹാരത്തിനും ആഗ്രഹ പൂര്‍ത്തീകരണത്തിനും ഇവിടെയെത്തി ശിവനെയും പാര്‍വ്വതിയെയും ഒരുമിച്ച് ആരാധിക്കുന്നത് ഉത്തമമാണ്.
മഹാവിഷ്ണുവിനെ ശ്രീദേവി, ഭൂദേവി എന്നീ പത്‌നിമാരോടൊപ്പമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഭൂമിമാതാവായും ഫലഭൂയിഷ്ഠതയുടെ ദേവതയായും ബഹുമാനിക്കപ്പെടുന്ന ഭൂദേവി ഭൗതിക ലോകത്തെയും ഊര്‍ജ്ജത്തെയും ഉള്‍ക്കൊള്ളുന്നു. ഭൗതിക ലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന ഭൂദേവി ജീവിതത്തിനും വളര്‍ച്ചയ്‌ക്കും അടിത്തറയിടുന്ന ദേവിയാണ്. ഭഗവാന്റെ മറ്റൊരു പത്‌നിയായ ശ്രീദേവി കൃപ, സൗന്ദര്യം, ഐശ്വര്യം എന്നീ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആത്മീയമാനത്തെ പ്രതിനിധീകരിക്കുന്നു.
ഇരുദേവിമാരും ഒരുമിച്ച് പ്രപഞ്ചക്രമത്തിന്റെ സമാധാനപരമായ സന്തുലിതാവസ്ഥ പരിപാലിക്കുന്നു. ഭൂദേവിയെയും ശ്രീദേവിയെയും മഹാവിഷ്ണുവിനെയും ഒരുമിച്ച് ആരാധിക്കുന്നതിലൂടെ ആത്മീയ പൂര്‍ത്തീകരണം, ഭൗതിക അഭിവൃദ്ധി, യോജിപ്പുള്ള ബന്ധങ്ങള്‍, കാര്‍ഷിക ഫലഭൂയിഷ്ഠത, തടസ്സം നീക്കല്‍, നീതി, മോക്ഷം എന്നിവ ലഭിക്കുമെന്നാണ്.
പൂര്‍ണമായും കേരളീയ തന്ത്രവിധാനത്തിലാണ് ഇവിടുത്തെ നിത്യപൂജകളും മറ്റ് വിശേഷാല്‍ ചടങ്ങുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: