തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിനെ യാത്രയയപ്പ് ചടങ്ങില്‍ വെച്ച് പരസ്യമായി അപമാനിക്കാന്‍ പി.പി ദിവ്യ ആസൂത്രിതമായ നീക്കം നടത്തിയെന്ന് കണ്ടെത്തി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃശ്ചികമായി വന്നതാണെന്ന ദിവ്യയുടെ വാദങ്ങള്‍ കള്ളമെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന മൊഴികള്‍. പെട്രോള്‍ പമ്പ് അനുവദിക്കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
നവീന്‍ബാബുവിനെതിരെ പ്രസംഗിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നാവശ്യപ്പെട്ടത് പി.പി ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍ വിഷന്‍ പ്രതിനിധികള്‍ മൊഴിനല്‍കി. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദിവ്യ ആവശ്യപ്പെട്ടതു പ്രകാരം കൈമാറിയെന്നും ചാനല്‍ പ്രതിനിധികള്‍ മൊഴിനല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ പലതവണ തന്നെ വിളിച്ചതായി ജില്ലാ കളക്ടര്‍ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുതവണ കളക്ടറുടെ സ്റ്റാഫിനെ വിളിച്ചതായും മൊഴിയുണ്ട്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ലക്ഷ്യമിട്ട് പി.പി ദിവ്യ നടത്തിയ നീക്കങ്ങള്‍ തെളിയിക്കുന്ന മൊഴികളാണിതെല്ലാം.
പി.പി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചതിന് യാതൊരു തെളിവും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്കുന്നതില് എഡിഎം കാലതാമസം വരുത്തിയിട്ടില്ലെന്നും ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: