ചെന്നൈ: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് ഭര്‍ത്താവിനെ സോണി ബിഷ്ടിന് നഷ്ടമാകുന്നത്. കൂമോണ്‍ റെജിമെന്റിലെ സൈനികോദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ്. കുടുംബാംഗങ്ങളെല്ലാവരും തകര്‍ന്നിരുന്നപ്പോള്‍ സോണി എടുത്ത തീരുമാനമാണ് ഭര്‍ത്താവിന്റെ വഴിയെ സൈന്യത്തിന്റെ ഭാഗമാകുക എന്നത്. മാസങ്ങള്‍ നീണ്ട പരിശീലനം പൂര്‍ത്തിയാക്കി ഇന്നലെ കരസേനയുടെ ലഫ്റ്റനന്റ് റാങ്കില്‍ സോണി ബിഷ്ട് പ്രവേശിച്ചു. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ സോണിയടക്കം 24 സ്ത്രീകളാണ് സൈന്യത്തിന്റെ ഭാഗമായത്.
ആര്‍മി പബ്ലിക് സ്‌കൂളിലും ജോധ്പൂര്‍ നവോദയ വിദ്യാലയത്തിലുമായാണ് സോണി ബിഷ്ടിന്റെ പഠനം. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ തന്റെ കുടുംബവും ഭര്‍ത്താവിന്റെ കുടുംബവും തളര്‍ന്നിരുന്നപ്പോള്‍ മുന്നോട്ട് പോകണമെന്ന ചിന്തയാണ് തന്നെ സൈന്യത്തിലെത്തിച്ചതെന്ന് പാസിംഗ് ഔട്ട് പരേഡിന് ശേഷം അഭിമാനത്തോടെ സോണി പറയുന്നു.
കരസേനയുടെ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. 133 പുരുഷന്മാരും 24 സ്ത്രീകളും അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള 12 വിദേശ സൈനികരും അടക്കം 169 പേരാണ് കരസേനാ ഉദ്യോഗസ്ഥരായി പരിശീലനം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക