വെള്ളമുണ്ട (മാനന്തവാടി): ഇരുകാലും തളര്‍ന്ന ജീവിതം ഇഴഞ്ഞുതീര്ക്കുകയായിരുന്നില്ല കുംഭാമ്മ; പൊരുതി മുന്നേറുകയായിരുന്നു. ഒന്നിനു പിന്നാലെ മറ്റൊന്നായി ജീവിതമുടനീളം വെല്ലുവിളികള്‍ നേരിടുമ്പോഴും അവര്‍ തളര്‍ന്നിരുന്നില്ല.
മൂന്നാം വയസില്‍ ഇരുകാലുകളും തളര്‍ന്നു. പോളിയോ ബാധിതയായി ഊരില്‍ തളച്ചിടപ്പെടേണ്ട ഇരുട്ടുനിറഞ്ഞ ജീവിതത്തില്‍ നിന്നാണ് ജൈവകര്ഷകയെന്ന പുതിയ മേല്‍വിലാസത്തിലേക്ക് കുംഭ എന്ന കുറിച്യ യുവതി ഇരുകാലുകളുടെയും സഹായമില്ലാതെ നടന്നു മുന്നേറിയത്. വെള്ളമുണ്ട മംഗലശ്ശേരി കുന്നിന്റെ താഴ്വാരത്തെ കൊല്ലിയില്‍ വനവാസി ഗ്രാമത്തിലെ കുംഭ എന്ന യുവതിയുടെ ജീവിതം അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഗോത്ര പാഠങ്ങളാണ് നമുക്ക് പറഞ്ഞുതരുന്നത്.
വിവാഹശേഷം ഭര്‍ത്താവിന്റെ തണലില്‍ കഴിയേണ്ടതായിരുന്നു കുംഭയുടെ ശിഷ്ടജീവിതം. എന്നാല്‍ ഭര്‍ത്താവ് രോഗബാധിതനായി മരണമടഞ്ഞതോടെ മുന്നില്‍ ഇരുട്ടായി. അരയ്ക്ക് താഴെ നേരത്തെ തളര്‍ന്ന ജീവിതം അടിമുടി തളര്‍ന്നു. ഭര്‍ത്താവ് കുങ്കന്റെ അവിചാരിത വേര്‍പാടില്‍ തകരാതെ മകന് രാജുവിനെ പോറ്റാന്‍ കുംഭ മണ്ണിലേക്കിറങ്ങി. മണ്ണിലേക്ക് ഇറങ്ങുകയായിരുന്നില്ലല്ലോ, ഇരുകാലുകളും തളര്‍ന്ന അവര്‍ ഇഴഞ്ഞു മുന്നേറുകയായിരുന്നു. സ്വന്തമായുള്ള രണ്ടേക്കര്‍ കൃഷിയിടത്തില്‍ മുത്താറിയും തിനയും ചാമയും പച്ചക്കറികളും നട്ടുനനച്ചു വളര്‍ത്തി. കുന്നിറങ്ങിയും കാടിറങ്ങിയും വരമ്പിലൂടെയും വയലിലൂടെയും ഇഴഞ്ഞുതീര്ത്ത വിയര്‍പ്പിന്റെ ചരിത്രത്തില്‍ നിന്നാണ് ജൈവകര്‍ഷക എന്ന പുതിയ മേല്‍വിലാസത്തിലേക്ക് കുംഭാമ്മ തന്നെ പറിച്ചുനട്ടത്.
ഇടയ്ക്ക് അര്‍ബുദത്തിന്റെ ആക്രമണം. അപ്പോഴും തളര്‍ന്നില്ല. ചികിത്സയ്ക്ക് ശേഷം സ്തനാര്‍ബുദം പിന്നെയും വേട്ടയാടി. രണ്ട് ശസ്ത്രക്രിയകള്‍… അസുഖത്തെ അതിജീവിച്ച് അവര്‍ പാടത്തേക്കിറങ്ങി. ഇപ്പോഴും ഇരുചക്രവാഹനം പോലുമെത്താത്ത വനവാസി ഗ്രാമത്തില്‍ നിന്നാണ് അവര്‍ വിധിയെ സ്വന്തം നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് തിരുത്തി മുന്നേറിയത്. എന്നാല്‍ കുംഭാമ്മയ്ക്ക് വീണ്ടും തിരിച്ചടിയേല്ക്കാനായിരുന്നു വിധി. ഒരു കൊല്ലം മുമ്പ് വലത് ഭാഗം തളര്‍ന്നു. ഇതോടെ കൈകള്‍ ഉപയോഗിച്ച് ചലിക്കാന്‍ കഴിയാതെയായി. കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ ബോധംകെട്ടുവീഴുകയായിരുന്നു.
ഇപ്പോള്‍ പക്ഷാഘാതത്തിന്റെ ചികിത്സയിലാണ്. വലത് കൈയ്ക്ക് സ്വാധീനക്കുറവുണ്ട്. ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. കൈയ്ക്ക് ബലം വന്നാല്‍ വീണ്ടും കൃഷിയിലേക്ക് ഇറങ്ങാന്‍ തന്നെയാണ് 71കാരിയായ കുംഭാമ്മ കൊതിക്കുന്നത്. ഏറെ പുരസ്കാരങ്ങള്‍ നേടിയ കുംഭാമ്മയെ സുഗതകുമാരി മുതല്‍ മമ്മൂട്ടി വരെ പ്രോത്സാഹിപ്പിച്ചു.
സംസ്ഥാന കര്‍ഷക അവാര്‍ഡ്, ജൈവവൈവിധ്യ അവാര്‍ഡ്, കര്‍ഷകമോര്‍ച്ച കിസാന്‍ ജവാന് സമ്മാന്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. നാളെ കല്‍പ്പറ്റയില്‍ നടക്കുന്ന ഗോത്രപര്വത്തില് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കുംഭാമ്മയെ ആദരിക്കും. വള്ളിയൂര്‍ക്കാവില്‍ 20, 21 തീയതികളില്‍ നടക്കുന്ന ഗോത്ര കലാസംഗമമായ ഗോത്രപര്‍വം 2025ന്റെ ഉദ്ഘാടനമാണ് നാളെ. ആ വേദിയിലാണ് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഠിനപ്രയത്നത്തിന്റെയും നിസ്വാര്‍ത്ഥ സ്നേഹത്തിന്റെയും ആള്‍രൂപമായ വെള്ളമുണ്ട മംഗലശ്ശേരി കൊല്ലിയില്‍ കുംഭാമ്മയെ ആദരിക്കുന്നത്. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് പരിപാടി.
ജന്മനാടിന്റെ ആദരമേറ്റുവാങ്ങുന്നതിന്റെ സന്തോഷമാണ് രോഗക്കിടക്കയിലും കുംഭാമ്മയ്ക്കുള്ളത്. ലോക വനിതാദിനത്തില്‍ വനിതാ ശാക്തീകരണത്തിന് മാതൃക തേടുന്നവര്‍ കുംഭാമ്മയെ ഒരു നോക്ക് കണ്ടാല്‍ മതിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: