കൊല്ലം: പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അവസാനവാക്കായി ഒരു വ്യക്തി മാറുന്നത് അതിവിദൂരമല്ലാതെ വന്‍തിരിച്ചടിയിലേക്ക് നയിക്കുമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പൊതുചര്‍ച്ചയില്‍ വയനാട്ടില്‍ നിന്നുള്ള പ്രതിനിധിയാണ് ചര്‍ച്ചയ്ക്കിടെ നേതൃത്വത്തെ ഞെട്ടിച്ച വിമര്‍ശനമുന്നയിച്ചത്. പിണറായി വിജയനെ നേരിട്ടോ അല്ലാതെയോ വിമര്‍ശിക്കുന്ന ഒരുതരത്തിലുമുള്ള ചര്‍ച്ചയും പാടില്ലെന്ന് ഓരോ ജില്ലയുടെയും ഗ്രൂപ്പ് ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഈ വിലക്ക് മറികടന്നായിരുന്നു വിമര്‍ശനം.
സര്‍ക്കാരിനെയും പിണറായിയെയും വിമര്‍ശിച്ചാല്‍, അത് ചോരുമെന്നും അതുവഴി പാര്‍ട്ടിക്ക് ദോഷമുണ്ടാകുമെന്നുമായിരുന്നു നിര്‍ദേശം. ഇത്തരത്തില്‍ വിമര്‍ശനത്തിന്റെ എല്ലാ വഴികളും അടച്ചായിരുന്നു പൊതുചര്‍ച്ചയിലേക്ക് കടന്നതെങ്കിലും വയനാട്ടില്‍ നിന്നുള്ള ചര്‍ച്ച പിണറായിക്കായൊരുക്കിയ എല്ലാ പ്രതിരോധങ്ങളെയും ഇല്ലാതാക്കി. വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന പി. ഗഗാറിനെ അട്ടിമറിച്ച്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കിയത് മുതല്‍ വയനാട്ടിലെ പാര്‍ട്ടിയില്‍ ചേരിതിരിവുണ്ട്. റഫീഖിനായി മുഹമ്മദ് റിയാസും, റിയാസിന് വേണ്ടി പിണറായിയും ജില്ലാ സമ്മേളനത്തില്‍ ഇടപെട്ടിരുന്നു. ഇതാണ് സംസ്ഥാന സമ്മേളനത്തില്‍ പിണറായിക്ക് എതിരായ കടുത്ത വിമര്‍ശനങ്ങളിലേക്ക് വയനാട്ടില്‍ നിന്നുള്ള ഒരുവിഭാഗത്തെ എത്തിച്ചത്.
എല്ലാ അധികാരങ്ങളും പദവികളും കണ്ണൂരിലേക്ക് മാത്രമാകുന്നതിനെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നായിരുന്നു കണ്ണൂര്‍ ലോബിക്കെതിരായ വിമര്‍ശനം. എസ്എഫ്ഐ, ഡിവൈഎഫ്ഐ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാര്‍ കണ്ണൂരില്‍ നിന്നാണ്. ഇത് അംഗീകരിച്ചു പോകാന്‍ കഴിയില്ല. കഴിഞ്ഞ തവണ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കണ്ണൂരില്‍ നിന്നായിരുന്നു. അവര്‍ കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ സംസ്ഥാന സെക്രട്ടറിയാക്കി അവരോധിച്ചു. മറ്റുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കേണ്ടതില്ലേ എന്നായിരുന്നു പ്രതിനിധിയുടെ ചോദ്യം. ആശാവര്‍ക്കര്‍മാര്‍ ശമ്പളത്തിനായി സെക്രട്ടേറിയറ്റിനു മുമ്പില്‍ മഴയും വെയിലും കൊള്ളുമ്പോള്‍, പിഎസ്സി അംഗങ്ങള്‍ക്കും ചെയര്‍മാനും വാരിക്കോരി ശമ്പളം കൂട്ടിയത് ജനങ്ങള്‍ അംഗീകരിക്കില്ല. കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജനം ശിക്ഷിക്കുമെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: