ആലപ്പുഴ: പ്രായം അല്ല, ശേഷിയാണ് മാനദണ്ഡമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രായപരിധി കഴിഞ്ഞു മാറ്റിനിര്‍ത്തുന്നവര്‍ക്ക് പുതിയ ചുമതല നല്‍കും എന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയെ വിശ്വസിക്കാം. മാറ്റിനിര്‍ത്തപ്പെടുന്നവരുടെ ശേഷി സമൂഹം ഉപയോഗിക്കുന്നുണ്ട്. താനിപ്പോഴും പറയുന്നത് പാര്‍ട്ടി നയവും പ്രത്യയശാസ്ത്രവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ബാര്‍ നടത്തുന്ന കാര്യം ഭരണഘടനയില്‍ ഇല്ല. മദ്യപിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകരുതെന്ന് പാര്‍ട്ടി ഭരണഘടനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവകേരളത്തെക്കുറിച്ചുള്ള രേഖ പുതിയതല്ല, കഴിഞ്ഞ സമ്മേളനകാലത്തും ചര്‍ച്ച ചെയ്തതാണ്. മൂന്നാമതും ഇടതുമുന്നണി അധികാരത്തില്‍ വരും. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സുധാകരന്‍ വ്യക്തമാക്കി. എസ്എഫ്‌ഐക്കെതിരെയല്ല താന്‍ കവിത എഴുതിയത്. എസ്എഫ്‌ഐയില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയതിനെ പറ്റിയാണ് താന്‍ പറഞ്ഞത്. പ്രസ്ഥാനത്തില്‍ ആദര്‍ശം ഇല്ലാത്തവര്‍ കടന്നുകൂടി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ മാത്രമല്ല ഉദ്ദേശിച്ചത്, വിപ്ലവ പ്രസ്ഥാനത്തെക്കൂടിയാണ് ഉദ്ദേശിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
പുന്നപ്രയുടെയും വയലാറിന്റെയും നാട്ടില്‍ വിപരീതമായ പ്രവര്‍ത്തനം നടത്താന്‍ പാടില്ല. പ്രത്യയശാസ്ത്ര നിബദ്ധവും രാഷ്‌ട്രീയമായ ഉന്നതി ലക്ഷ്യമാക്കുന്നതും ആദര്‍ശഭരിതമായ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനെതിരായ ചിലര്‍ എസ്എഫ്‌ഐയില്‍ കയറി പ്രവര്‍ത്തിക്കുന്നു. പ്രത്യയശാസ്ത്ര ബോധം ഇല്ലാത്തവര്‍ കടന്നുകൂടിയിട്ടുണ്ട്. എസ്എഫ്‌ഐയിലെ ചിലര്‍ ഇപ്പോഴും രാഷ്‌ട്രീയ ക്രിമിനലുകള്‍ ആകുന്നു. ഇത്തരം ആളുകളെ തിരുത്താനുള്ള നേതൃത്വം ഉണ്ടാകുന്നില്ല. രക്തസാക്ഷിയെ സംഭാവന ചെയ്ത കുടുംബങ്ങളെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സുധാകരനെ പാര്‍ട്ടി ക്ഷണിച്ചില്ല. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറുകളിലും സുധാകരനെ അവഗണിച്ചു. ആലപ്പുഴ ജില്ലയില്‍ തുടരുന്ന അവഗണന, സംസ്ഥാന തലത്തിലും ആവര്‍ത്തിക്കുകയാണ്. ആറു പതിറ്റാണ്ടോളം പ്രവര്‍ത്തന പാരമ്പര്യമുള്ള മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി പൂര്‍ണമായും തമസ്‌ക്കരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: