എലിക്കെണി കണ്ടിട്ടില്ലേ, കെണിയില്‍ പെട്ടാല്‍ പിന്നെ രക്ഷയില്ല. അതുപോലെയാണ് രാസലഹരികള്‍. ജിജ്ഞാസ കൊണ്ട് ഉപയോഗിച്ചു നോക്കാന്‍ പറ്റിയ ഒന്നല്ല ഇവ. സര്‍വ്വനാശത്തിലേക്ക് വഴിതുറക്കുന്നത്. ഒരിക്കല്‍ പോലും ഇത് പരീക്ഷിച്ചു നോക്കാന്‍ ശ്രമിക്കരുത്.
തലച്ചോറിലാണ് രാസലഹരികള്‍ നാശം വിതയ്‌ക്കുക. തലച്ചോറില്‍ സംഭവിക്കുന്ന നാശം ചികിത്സിച്ച് സുഖപ്പെടുത്തുക പ്രയാസമാണ്. ‘പെട്ടാല്‍ പെട്ടു’ എന്ന് ഓര്‍ക്കുക.
രാസ ലഹരികളില്‍ കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് എംഡിഎംഎ അഥവാ മെഥിലീന്‍ ഡയോക്‌സി മെതാം ഫെറ്റമിന്‍ ആണ്.’ 2016 വരെ കേരളത്തില്‍ എംഡിഎംഎ കേസ് ഒന്നുപോലും ഉണ്ടായിരുന്നില്ല. എന്നാലിന്ന് അധികം കേസുകളും എംഡിഎംഎ ഉപയോഗിച്ചുള്ളവയാണ്. മാരകശക്തിയുള്ള ഇത് ഉപയോഗിച്ചു തുടങ്ങിയാല്‍ ഒറ്റത്തവണ കൊണ്ട് ഒരാള്‍ അതിന്റെ അടിമയാകും. അത്രയ്‌ക്ക് ആസക്തി വളര്‍ത്താനുള്ള കഴിവുണ്ടതിന്. മുന്‍കാലങ്ങളില്‍ രോഗാവസ്ഥയില്‍ വേദനാ സംഹാരിയായും മറ്റും ഉപയോഗിച്ചിരുന്ന ഈ രാസവസ്തു ഭാരതം ഉള്‍പ്പെടെ ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. കഴുത്തറുത്ത് മരിക്കാന്‍ ശ്രമിക്കുന്നതും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊലപ്പെടുത്തുന്നതും തലച്ചോറില്‍ സംഭവിക്കുന്ന എംഡിഎംഎ വിഷബാധ മൂലം ആണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
തലച്ചോറിലെ റിവാര്‍ഡ്, മോട്ടിവേഷന്‍, മെമ്മറി എന്നിവയുടെ മെക്കാനിസത്തെ ബാധിക്കുന്ന ഗുരുതര രോഗാവസ്ഥയാണ് അഡിക്ഷന്‍. തലച്ചോറിന്റെ വികാസം 21 വയസ് ആവുമ്പോഴേ പൂര്‍ത്തിയാകൂ. അതിനുമുമ്പ് കുട്ടികള്‍ ലഹരിപദാര്‍ത്ഥം ഉപയോഗിക്കുമ്പോള്‍ അത് പ്രീഫോണ്ടല്‍ കോര്‍ട്ടെക്‌സില്‍ ശാശ്വതമായ മാറ്റം ഉണ്ടാക്കും. ലഹരി ഉപയോഗിക്കുമ്പോള്‍ പ്രീഫോണ്ടല്‍ കോര്‍ട്ടെക്‌സിന്റെ വികാസം നടക്കാതെ പോകും. മികച്ച തീരുമാനങ്ങള്‍ എടുക്കാനും മറ്റുള്ളവരുമായി ആരോഗ്യകരമായ രീതിയില്‍ ഇടപെടാനും സ്വയം നിയന്ത്രിക്കാനും സാധിക്കാതെ വരും.
ലഹരി പദാര്‍ത്ഥങ്ങള്‍ തലച്ചോറിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള മറ്റൊരു കാരണം ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ അഥവാ തലച്ചോറും ശരീരത്തിലെ മറ്റു ഭാഗങ്ങളും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന രാസവസ്തുക്കളാണ്. ഒരു വ്യക്തി ലഹരിപദാര്‍ത്ഥം ഉപയോഗിക്കുമ്പോള്‍ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടും. ഇത് തലച്ചോറിന്റെ റിവാര്‍ഡ് പാത്ത്‌വെയ്‌സില്‍ മാറ്റം വരുത്തുന്നു. വ്യക്തിയുടെ സുസ്ഥിതിയില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ ദോഷകരവും ദീര്‍ഘവും ആയിരിക്കും.
മനുഷ്യ മസ്തിഷ്‌കം ന്യൂറോണുകള്‍ എന്നറിയപ്പെടുന്ന കോശങ്ങളാല്‍ നിര്‍മിതമാണ്. ഒരു വ്യക്തിയുടെ മസ്തിഷ്‌കത്തിലേക്ക് വരുന്ന സന്ദേശങ്ങള്‍ക്ക് ഒരുതരം ആവരണമായി പ്രവര്‍ത്തിക്കുന്ന മൈലിന്‍ എന്ന പദാര്‍ത്ഥമാണ് ഈ സെല്ലുകളെ പരിരക്ഷിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതനുസരിച്ചാണ് മസ്തിഷ്‌ക സന്ദേശങ്ങള്‍ കൂടുതല്‍ ആവരണം ചെയ്യപ്പെടുന്നത്. ‘കൗമാരക്കാരില്‍ മൈലിന്റെ സംരക്ഷണ സവിശേഷത പൂര്‍ണ്ണമായി വികാസം പ്രാപിച്ചിട്ടുണ്ടാവില്ല. അതിനാല്‍ അവര്‍ക്ക് കൂടുതല്‍ തീവ്രമായ സന്ദേശം ലഭിക്കുന്നു. വികാരങ്ങള്‍ തീവ്രമായി പ്രകടിപ്പിക്കാന്‍ ഇതാണ് കാരണം. ലഹരിപദര്‍ത്ഥങ്ങള്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് കൗമാരക്കാരെ കൂടുതല്‍ തീവ്രമായി സ്വാധീനിക്കുന്നു.
തലച്ചോറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ അസ്വാഭാവികമായ പല പ്രവര്‍ത്തികളും ചെയ്തുകൂട്ടും. ചിന്തകള്‍, പെരുമാറ്റം, ഇന്ദ്രിയാനുഭൂതികള്‍, വികാരങ്ങള്‍ എന്നിവയില്‍ പ്രകടമായ മാറ്റം വരും. അക്രമാസക്തിയും ആത്മഹത്യാ പ്രവണതയും ഉണ്ടാകും. ലഹരി വാങ്ങാനുള്ള പണത്തിനായി മോഷണവും കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടും.
തലച്ചോറിലെ ‘ഡോപ്പാമിന്‍’ എന്ന രാസവസ്തുവിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദ അനുഭൂതികളുടെ അടിസ്ഥാനം. ഇക്കാരണം കൊണ്ടാണ് ലഹരി വസ്തുക്കള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും അതിന് അടിപ്പെടുന്നതും. ‘ചില രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ തലച്ചോറിലെ ‘ഡോപ്പാമിന്‍അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും അത് ചിത്തഭ്രമ ലക്ഷണങ്ങള്‍ക്കും അക്രമസ്വഭാവത്തിനും വഴി വെയ്‌ക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ ലഹരിക്കടിപ്പെട്ടവര്‍ മറ്റുള്ളവരെ ഉപദ്രവിക്കുവാനും കൊല്ലാനും സാധ്യത ഏറെയാണ്.
ഊര്‍ജസ്വലരായി സംവദിക്കാനും പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ കരസ്ഥമാക്കാനും അന്തര്‍മുഖത്വം ഒഴിവാക്കാനും ലഹരിയുടെ ഉപയോഗം സഹായിക്കും എന്ന രീതിയിലുള്ള തെറ്റായ വിവരങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ വില്‍പ്പനക്കാര്‍ പ്രചരിപ്പിക്കുന്നു. മാനസിക അസ്വസ്ഥത നിറഞ്ഞ സാഹചര്യത്തില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും ലഘൂകരിക്കാന്‍ ലഹരിവസ്തുക്കള്‍ സഹായിക്കും എന്നാണ് ചില കുട്ടികള്‍ ചിന്തിക്കുന്നത്.’അത്തരം തെറ്റായ അറിവുകള്‍ മൂലമാണ് കുട്ടികള്‍ പ്രത്യേകിച്ചും വിഷാദാവസ്ഥയില്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങുന്നത്.
സൈക്കോ ആക്ടീവ് ഡ്രഗ്‌സ് വ്യക്തിയുടെ ചിന്തയിലും പെരുമാറ്റത്തിലും വികാരങ്ങളിലുമെല്ലാം ധാരാളം വ്യതിചലനങ്ങളാണ് സൃഷ്ടിക്കുക.
മാനസികാരോഗ്യമുള്ളവര്‍ ലഹരിയുടെ വഴികള്‍ തേടാനുള്ള സാധ്യത കുറവാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍, ദാമ്പത്യ കലഹങ്ങള്‍, മാതാപിതാക്കളുടെ വിവാഹമോചനം, ടോക്‌സിക് പേരന്റിങ്, സിംഗിള്‍ പേരന്റിങ് തുടങ്ങിയ അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലുള്ള സാധ്യത കൂടുതലാണ്. ബുദ്ധിപരമായി പിന്നാക്കം നില്‍ക്കുന്നവര്‍, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, കുടുംബത്തില്‍ മദ്യപാനരോഗം ഉള്ളവര്‍, പഠന വൈകല്യമുള്ളവര്‍, വ്യക്തിത്വ വൈകല്യമുള്ളവര്‍, കുട്ടിക്കാല കൗമാര പ്രശ്‌നമുള്ളവര്‍, തകര്‍ന്ന കുടുംബങ്ങളില്‍നിന്ന് വരുന്നവര്‍, താളപ്പിഴയുള്ള മാതാപിതാക്കളുള്ളവര്‍ ഇവരെല്ലാം തന്നെ ലഹരിക്കടിമപ്പെടാന്‍ സാധ്യതയേറെയാണ്.
കുട്ടികളുടെ മാനസികാരോഗത്തെ വളരെ പ്രതികൂലമായി ബാധിച്ച കാലഘട്ടമാണ് കൊവിഡ് കാലം. ചുറ്റുപാടുകളുമായി സംവദിച്ചുകൊണ്ടും മറ്റു കുട്ടികളുമായി ഇടപഴകിയും മുന്നേറാന്‍ കഴിയാതെ പോയി. പുറത്തിറങ്ങാനോ കളിക്കാനോ സാധിക്കാത്ത സാഹചര്യം മൂലം ഒരു സാമൂഹിക ജീവി എന്ന നിലയില്‍ പരുവപ്പെടാന്‍ സാധിക്കാതെ വന്നു. കൂട്ടായ്മകളുടെ അഭാവം, അദ്ധ്യാപകരും ആയി നേരിട്ട് ബന്ധമില്ലാത്ത അവസ്ഥ, സഹപാഠികളുമായുള്ള പാരസ്പര്യക്കുറവ് എന്നിവ കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. മുന്നൂറോളം കുട്ടികളാണ് കൊവിഡ് കാലത്ത് മാത്രം ആത്മഹത്യ ചെയ്തത്.
മാതാപിതാക്കള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍, ലഹരി ഉപയോഗം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സൈബര്‍ കുരുക്കുകള്‍, ഗാര്‍ഹിക പീഡനങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം, ഭാവിയെ കുറിച്ചുള്ള ആശങ്ക, അകാരണഭയം, വിഷാദം, ഒറ്റപ്പെടല്‍, പ്രണയ പരാജയങ്ങള്‍, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് കുറവ്, വികലമായ ചിന്തകള്‍ എന്നിങ്ങനെ മനഃശാസ്ത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങള്‍ ആത്മഹത്യ, അക്രമം, ലഹരി ഉപയോഗം എന്നിവയുടെ പുറകിലുണ്ടാകാം.
കൊവിഡ് മഹാമാരി കുട്ടികളുടെ മാനസിക ബലം വലിയ തോതില്‍ കുറച്ചു. അതിനു ശേഷമാണ് പ്രശ്‌നങ്ങള്‍ വഷളായത്. നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കുട്ടികളെ അലട്ടിയിട്ടുണ്ട്. അതുകൊണ്ട് അനുതാപപൂര്‍ണമായ സമീപനം സ്വീകരിക്കല്‍, ഫലപ്രദമായ ആശയവിനിമയം, വികാരങ്ങളെ അംഗീകരിക്കല്‍, പങ്കുവെയ്‌ക്കല്‍, കൗണ്‍സിലിങ് സെല്‍ എന്നിവ വഴി കുട്ടികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കണം. പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ കണ്ടാല്‍ മാനസികാരോഗ്യ വിദഗ്‌ദ്ധരുടെ സേവനം തേടണം. കുട്ടികളെ ഫലപ്രദമായി നയിക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും മാനസികാരോഗ്യ സാക്ഷരത കൈവരിക്കണം. എല്ലാ വിദ്യാലയങ്ങളിലും ‘ഡോക്ടര്‍ ഇന്‍ കാള്‍ ‘ പദ്ധതിയും കൗണ്‍സിലിങ് സേവനവും ലഭ്യമാക്കണം.
അനുകരണവാസനയുളളവരാണ് കുട്ടികള്‍. സിനിമകളില്‍ കാണുന്ന അക്രമ സംഭവങ്ങളും റൗഡിസവും പ്രശ്‌ന പരിഹാരത്തിനായി ലഹരി ഉപയോഗവും അവരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മൊബൈല്‍ അഡിക്ഷനും പ്രധാന കാരണങ്ങളിലൊന്നാണ്. സമഗ്ര പഠനത്തിലൂടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും കണ്ടെത്തി സമൂഹം ഒറ്റക്കെട്ടായി നിന്ന് ആക്രമണ ഭീകരതയ്‌ക്കും ലഹരിയുടെ വാഴ്ചയ്‌ക്കും വിരാമമിടണം.
(ട്രെയിനറും മെന്ററുമാണ് ലേഖകന്‍. 40 വര്‍ഷമായി ലഹരിവിരുദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: