ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും സമൂഹത്തിന്റെ ഉന്നത നിലകളിലുമുള്ളവര് അഴിമതികളിലും വിവാദങ്ങളിലും മുങ്ങുന്ന കാലമാണിത്.
വിളവു തിന്നുന്ന വേലികള്‍ സമൂഹത്തില്‍ വിലസുന്നു എന്നതു പുതിയ വാര്‍ത്തയൊന്നുമല്ല. അതൊക്കെ സമൂഹ ജീവിതത്തിന്റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ വാര്‍ത്തപോലും അല്ലാതാവുന്ന സ്ഥിതിയാണ്. അഴിമതിയും തട്ടിപ്പുകളും കുതന്ത്രങ്ങളും തങ്ങളുടെ അവകാശമാണെന്ന നിലയില്‍ പലരും നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സംഭവങ്ങള്‍ വിരളമല്ല. ഇത്തരം കാര്യങ്ങളില്‍ നിയമനടപടികള്‍ നേരിടുന്നവര്‍, അതിനെ പ്രതികാര നടപടിയായി ചിത്രീകരിക്കുകയും ഭരണകൂട ഭീകരത ആരോപിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ ശൈലി. ഉന്നത സ്ഥാനത്തുള്ളവര്‍ക്ക് അഴിമതി ജന്മാവകാശമാണെന്ന മട്ടിലാണ് പലരുടേയും പ്രതികരണം. ഭരണ രംഗത്തെ അഴിമതി മുക്തമാക്കിയും നിയമനടപടികള്‍ കര്‍ശനമായി നടപ്പാക്കിയും നിലവിലെ കേന്ദ്ര ഭരണസംവിധാനം, അഴമതി വിരുദ്ധ സംവിധാനത്തിലേയ്ക്കു നീങ്ങുമ്പോഴും ഇത്തരം സംഭവങ്ങള്‍ കല്ലുകടിയായി തുടരുന്നതാണ് വര്‍ത്തമാനകാലത്തിന്റെ ശാപം. അത്തരത്തിലുള്ള അത്ഭുതപ്പെടുത്തുന്ന സംഭവമാണ് കഴിഞ്ഞദിവസം ബെംഗളൂരുവില്‍ കണ്ടത്. കര്‍ണാടകയിലെ ഡിജിപിയായ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകള്‍, 14 കിലോയിലേറെ സ്വര്‍ണം ഒളിച്ചുകടത്താനുള്ള ശ്രമത്തില്‍ അറസ്റ്റിലായത് തുടര്‍ച്ചയായ ഇത്തരം നടപടികള്‍ക്കിടയിലാണ്. ജാക്കറ്റുകൊണ്ടു മറച്ച ബെല്റ്റിനടിയില് ഒളിപ്പിച്ച സ്വര്‍ണത്തിനു പുറമെ ഏതാണ്ട് അത്രയും തന്നെ സ്വര്‍ണം മേല്‍ അണിഞ്ഞും കടത്താനായിരുന്നു ശ്രമം. ഡിജിപിയുടെ വളര്‍ത്തുമകള്‍ എന്നതിനു പുറമെ സമൂഹത്തില്‍ നിലയും വിലയുമുള്ള പ്രമുഖ സിനിമ നടി എന്ന നിലയിലും ശ്രദ്ധേയയാണ് പിടിയിലായ രണ്യ. രണ്ടു നിലയ്ക്കും, സമൂഹത്തിലെ പ്രമുഖവ്യക്തികളില്‍ പലരുടേയും ഇരട്ടമുഖമാണ് ഈ സംഭവത്തിലൂടെ അവര്‍ കാണിച്ചു തരുന്നത്.
പിടിച്ചതിനേക്കാള്‍ വലുത് അളയില്‍ എന്നതു പോലെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പിടികൂടിയതിനേക്കാള്‍ എത്രയോ ഇരട്ടി ഇതിനകം തന്നെ കടത്തിക്കഴിഞ്ഞു എന്ന നിലയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. പൊലീസ് സ്വാധീനത്തിന്റെ മറവില്‍, വന്‍ സ്വര്‍ണക്കടത്തു മാഫിയയുടെ കണ്ണിയായി പ്രവര്‍ത്തിക്കുകയായിരുന്നോ എന്നും അറിയാനിരിക്കുന്നതേയുള്ളു. നിരന്തരമുള്ള വിദേശയാത്രകളിലൂടെ, സമൂഹത്തിലെ അംഗീകാരവും ഔദ്യോഗിക പിന്‍ബലവും ഉപയോഗിച്ചു തുടരെ നടത്തിയ നടപടിയാണ് നിയമത്തിന്റെ കണ്ണില്‍പ്പെട്ടതും പിടിയിലായതും. ഒരു മാസം പത്തോളം തവണയും 15 ദിവസത്തിനിടെ നാലുതവണയും ദുബായ് യാത്ര നടത്തിയതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഈ നടി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ(ഡിആര്‍ഐ) നിരീക്ഷണത്തിലായത്. ഈ യാത്രകളൊക്കെ ഒരേ രീതിയിലുള്ള വേഷമണിഞ്ഞായിരുന്നു എന്നതും സംശയത്തിനിടയാക്കി. കൃത്യമായ നിരീക്ഷണത്തിലൂടെ പിടികൂടിയപ്പോഴാണ് സംഭവത്തിന്റെ അത്ഭുതപ്പെടുത്തുന്ന വ്യാപ്തി പുറത്തു വന്നത്. ഡിജിപിയുമായുള്ള ബന്ധത്തില്‍ നിന്നു കിട്ടുന്ന അമിത ആത്മവിശ്വാസമാണ് ഫലത്തില്‍ കെണിയായിമാറിയത്. ഈ സ്വാധീനത്തിന്റെ പേരില്‍ പൊലീസില്‍ ബന്ധപ്പെട്ട് സുരക്ഷാ സംവിധാനങ്ങള്‍ വരെ സംഘടിപ്പിച്ച് എല്ലാം സുര ക്ഷിതമെന്ന് ഉറച്ചു വിശ്വസിച്ചായിരുന്നു നടിയുടെ നടപടികള്‍.
പൊതുജനങ്ങള്‍ ആരാധനയോടെ കാണുന്നവരുടെ ഇത്തരം മുഖങ്ങള്‍ തിരിച്ചറിയുന്നത്, സാമൂഹ്യ വ്യവസ്ഥിതിയേക്കുറിച്ച് സാധാരണക്കാരില്‍ അവബോധമുണ്ടാക്കുമെന്നത് ഇതിന്റെ മറ്റൊരു വശം. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴി ഇത്തരം ചില സന്ദര്‍ഭങ്ങളിലും പ്രസക്തമാകും. ആരാധനയേയും യഥാര്‍ഥ ജീവിതത്തേയും വ്യത്യസ്ഥമായും അതതിന്റെ ഗൗരവത്തിലും യാഥാര്‍ഥ്യബോധത്തോടെയും കാണാന്‍ ഉദ്യോഗസ്ഥ തലത്തിലുള്ളവരും ജനസമൂഹവും തയ്യാറാകേണ്ടിയിരിക്കുന്നു. നിയമപാലനവും പൗരബോധവും സത്യസന്ധതയും സമൂഹത്തിലെ സാധാരണക്കാര്‍ക്കു മാത്രം ബാധകമായ കാര്യങ്ങളല്ലെന്നും ഔദ്യോഗിക തലം അടക്കമുള്ള വിഭിന്ന മേഖലകളിലുള്ളവര്‍ക്കും അതുബാധകമാണെന്നും എല്ലാവരും ഓര്‍ക്കുന്നതു നല്ലതാണ്. വിഐപി പരിവേഷമുള്ളവര്‍ അവരുടെ പെരുമാറ്റത്തിലൂടെ മറ്റുള്ളവര്‍ക്കു മാതൃകയാവുക എന്നതാണ് സമൂഹവും രാഷ്ട്രവും അവരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. അതിനു കഴിയാത്തവര്‍ ഏതു മേഖലയിലും എത്ര ഉന്നതരായാലും ക്രിമിനലുകള്‍ തന്നെയാണ്. അത്തരക്കാര്‍ക്കെതിരായ കര്‍ശന നിയമ നടപടികളായിരിക്കും ഇത്തരം കാര്യങ്ങളില്‍ സമൂഹത്തിനു കൃത്യവും ശക്തവുമായ സന്ദേശം നല്‍കുക. ആ നിലയ്ക്കുള്ള കേന്ദ്ര നീക്കം അതേ അര്‍ഥത്തില്‍ത്തന്നെ അംഗീകരിക്കപ്പെടണം. അതു നിയമപാലനമാണ്. അതിനു നിറഭേദങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: