കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ കൊടിയും ഫ്ളക്സും സ്ഥാപിച്ചതിന് കൊല്ലം കോർപറേഷൻ സിപിഎമ്മിന് വൻ പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്‌ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. നഗരത്തിൽ അനധികൃതമായി ഇരുപതു ഫ്ളക്സ് ബോർഡുകളും രണ്ടായിരത്തി അഞ്ഞൂറു കൊടിയും കെട്ടിയതിനാണ് നാലു ദിവസങ്ങൾക്കു മുൻപ് പിഴ നോട്ടീസ് നൽകിയത്.
ഫീസ് അടച്ച് നിയമാനുസൃതം ഫ്ളക്സ് സ്ഥാപിക്കാൻ സിപിഎം അപേക്ഷ നൽകിയെങ്കിലും കോർപറേഷൻ തീരുമാനമെടുത്തില്ല. കാഴ്ച മറയ്‌ക്കാതെയും, ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.
പിഴ അടയ്‌ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയിൽ പോകണോ എന്നതിൽ സിപിഎം തീരുമാനമെടുത്തിട്ടില്ല. കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ഹൈക്കോടതി ഇന്നലെ വിമർശിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തിന്റെ പേരില്‍ കൊല്ലം നഗരം മുഴുവന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളാല്‍ നിറഞ്ഞിരിക്കുകയാണെന്നും ഇരുനൂറോളം പരാതികളാണ് ലഭിച്ചിരിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സമൂഹത്തിലെ വിവിധ മേഖലയിലുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ആരാണ് ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് പറയാനുള്ള ധൈര്യം പോലും പരാതി നല്‍കിയവര്‍ക്കില്ല. ഭയത്തിലാണ് ഈ സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും എല്ലാവര്‍ക്കും പേടിയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പേരിന് നോട്ടീസ് നല്‍കി തലയൂരാനുള്ള കൊല്ലം നഗരസഭയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക