Pouring used cooking oil from frying pan into colander.
ന്യൂദല്‍ഹി: പാചകഎണ്ണയുടെ പുനരുപയോഗം തടയാനായി സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കുന്ന റൂക്കോ പദ്ധതി വിജയത്തിലേയ്‌ക്ക്. വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും ഉപയോഗശേഷം അവശേഷിക്കുന്ന പാചകഎണ്ണ ബയോഡീസലും സോപ്പുമായി മാറ്റുക വഴി പുനരുപയോഗം തടയാനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ പദ്ധതി. എണ്ണ ആവര്‍ത്തിച്ചു ചൂടാക്കുമ്പോള്‍ അതിലെ ടോട്ടല്‍ പോളാര്‍ കോമ്പൗണ്ടുകളുടെ അളവ് കൂടും. കൂടിയ അളവില്‍ ടോട്ടല്‍ പോളാര്‍ കോമ്പൗണ്ടുകള്‍ ശരീരത്തിലെത്തുന്നത് കരള്‍ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും.
ഭക്ഷണം വറുത്തെടുത്തശേഷം അവശേഷിക്കുന്ന എണ്ണ എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ള ഏജന്‍സികള്‍ ഭക്ഷ്യോത്പാദന കേന്ദ്രങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും കിലോയ്‌ക്ക് 50 രൂപ മുതല്‍ 60 രൂപ വരെ നല്‍കി ശേഖരിക്കുകയാണ് ചെയ്യുന്നത്.
ഒരു വര്‍ഷം ഇന്ത്യയില്‍ 2.7 മില്യണ്‍ ടണ്‍ ഉപയോഗിച്ച പാചക എണ്ണ ഉല്‍പ്പാദിപ്പിക്കുന്നതായാണ് കണക്കാക്കുന്നത്. ഈ എണ്ണ വീണ്ടും പാചകം ചെയ്യാന്‍ ഉപയോഗിക്കുകയോ മാലിന്യമായി ഉപേക്ഷിക്കുകയോ ആണ്.ചിപ്സ് നിര്‍മാണ യൂണിറ്റുകള്‍, തട്ടുകടകള്‍, ബജിക്കടകള്‍, ഹോട്ടലുകള്‍, കാറ്ററിങ് യൂണിറ്റുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവര്‍ പദ്ധതിയുമായി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481-2564677 .
പ്രതികരിക്കാൻ ഇവിടെ എഴുതുക