News

കുംഭമേളയുടെ 45 ദിവസത്തില്‍ തോണിക്കാരന്‍ ഉണ്ടാക്കിയത് 30 കോടിരൂപ

Published by

പ്രയാഗ് രാജ്: കോടിക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തിയ പ്രയാഗ് രാജിലെ കുംഭമേള പൂര്‍ത്തിയായപ്പോള്‍ ജീവിതം മാറിയവര്‍ നിരവധിയാണ്. റിക്ഷക്കാരന്‍ മുതല്‍ ചായക്കടക്കാരനും ധാബ(ഹോട്ടല്‍) ഉടമയും ബൈക്ക് ടാക്‌സിക്കാരുമെല്ലാം ലക്ഷക്കണക്കിന് രൂപയാണ് കുംഭമേളക്കാലത്ത് സമ്പാദിച്ചത്. എന്നാല്‍ ഏറ്റവും വലിയ വാര്‍ത്ത പുറത്തുവരുന്നത് തോണിക്കാരന്‍ പിന്റു മഹാരയുടെ സാമ്പത്തിക നേട്ടമാണ്. കുംഭമേളയ്‌ക്ക് മുന്നോടിയായി അറുപതിലധികം പുതിയ തോണികള്‍ വാങ്ങിയ പിന്റു കുംഭമേളയുടെ നാല്‍പ്പത്തഞ്ചു ദിവസം കൊണ്ട് നേടിയത്‌ 30 കോടി രൂപയാണ്. പിന്റുവിന്റെ കുടുംബാംഗങ്ങളായ നൂറോളം പേരാണ് തോണികള്‍ തുഴഞ്ഞത്. കുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകരെ ത്രിവേണി സംഗമത്തിലെത്തിച്ച് സ്‌നാനം നടത്തി മടക്കുകയെന്ന ജോലിയാണ് പിന്റുവും കൂട്ടരും നടത്തിയത്.
2019ല്‍ നടന്ന കുംഭമേളയില്‍ യോഗി സര്‍ക്കാര്‍ നല്‍കിയ തോണി ഉപയോഗിച്ച് ജോലി ചെയ്ത അനുഭവത്തിലാണ് ഇത്തവണത്തെ കുംഭമേളയ്‌ക്കായി പിന്റു മുന്നൊരുക്കങ്ങള്‍ നടത്തിയത്. അരൈല്‍ ഘട്ട് മുതല്‍ സംഗം വരെ പത്തുപേരുമായി തോണി പോകുന്നതിന് 6000 രൂപയാണ് പിന്റുവും കൂട്ടരും വാങ്ങിയത്. എന്നാല്‍ തോണിക്ക് ഇരുപത്തയ്യായിരം രൂപ വരെ നല്‍കിയവരുണ്ടെന്നാണ് കുംഭമേളക്കാലത്ത് പുറത്തുവന്ന വാര്‍ത്തകള്‍. സിഎന്‍ജി എഞ്ചിനുകള്‍ ഘടിപ്പിച്ച ബോട്ടുകള്‍ അടക്കം സൗജന്യമായി നല്‍കി യുപി സര്‍ക്കാര്‍ വലിയ ക്രമീകരണങ്ങളാണ് കുംഭമേളയ്‌ക്കായി തയ്യാറാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by