Entertainment

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനായി; വധു ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ്

Published by

ബംഗളൂരു: ബംഗളൂരു സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. ബെംഗളൂരുവിലെ കനകപുര റോഡിലെ റിസോർട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഇരുകുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്.

ബുധനാഴ്ച വൈകുന്നേരത്തോടെ വിവിധ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ 10.45ഓടെയാണ് തേജസ്വി സൂര്യ ശിവശ്രീക്ക് താലി ചാർത്തിയത്. കേന്ദ്രമന്ത്രി വി സോമണ്ണ നവദമ്പതികളെ ആശീർവദിക്കാനെത്തി. റിസപ്ഷൻ മാർച്ച്‌ 9ന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. ദേശീയ, സംസ്ഥാന തലത്തിലെ രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ റിസപ്ഷനില്‍ പങ്കെടുക്കും.

ചെന്നൈ സ്വദേശിയാണ് ശിവശ്രീ. കർണാടിക്, പിന്നണി ഗായികയാണ്. പൊന്നിയിൻ സെല്‍വൻ 1-ലെ കാതോട് സൊല്‍ എന്ന പാട്ടിന്റെ കന്നഡ പതിപ്പ് പാടിയത് ശിവശ്രീയാണ്. ശാസ്ത്ര യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോ എഞ്ചിനീയറിങ് ബിരുദം നേടിയ ശിവശ്രീ ചെന്നൈ സർവകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് മദ്രാസ് സംസ്കൃത കോളേജില്‍ നിന്ന് സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സംഗീത രംഗത്തേക്ക് തിരിഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by