പാറശ്ശാല: കര്‍ശന പരിശോധനകള്‍ക്കിടയിലും തമിഴ്നാട് അതിര്‍ത്തി കടന്ന് രാസ ലഹരിയുടെ കുത്തൊഴുക്ക്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ വരെ ഉപയോഗപ്പെടുത്തിയാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസസഹരികള് കടത്തുന്നത്. അതിര്‍ത്തിയില്‍ നിന്ന് വാഹനങ്ങളില്‍ എത്തിക്കുന്ന ലഹരി കേരളത്തിലേക്ക് കടത്തുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത് പുതിയ ബൈപാസ് റോഡും.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 100 കിലോ കഞ്ചാവും 200 ഗ്രാം എംഡി എംഎയും ബൈപാസ് വഴി സഞ്ചരിച്ച യാത്രക്കാരില്‍ നിന്നും പോലീസ്,എക്സൈസ് വിഭാഗംപിടികൂടിയിട്ടുണ്ട്. അതിര്‍ത്തിയിലെ കോളജുകളിലെ വിദ്യാര്‍ഥികള്‍ മുതല്‍ നഗരത്തില്‍ നിന്നു വരെ ലഹരി വാങ്ങാന്‍ എത്തുന്നുണ്ട്. ബൈപാസിലെ തിരുപുറം ഭാഗത്ത്റോഡ് വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാറിനുള്ളില്‍ നിന്ന്എംഡിഎംഎയുമായി മൂന്നുപേരെ ദിവസങ്ങള്‍ക്ക് മുമ്പാണ് പൂവാര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ മാത്രം അമരവിള ചെക്പോസ്റ്റില്‍ അന്തര്‍ സംസ്ഥാന ബസുകളില്‍ വിവിധതരം ലഹരികളുമായി പന്ത്രണ്ട് പേരാണ് പിടിയിലായത്. ഒന്നര മാസം മുമ്പ് ബൈപാസില്‍ പോലീസിന്റെ റൂറല്‍ ഡാന്‍സാഫ് സംഘം രണ്ട് യുവാക്കളില്‍ നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ലഹരിയുമായി പിടികൂടുന്നതില്‍ അധികവും ഇടനിലക്കാരാണെന്ന് ഉദേ്യാഗസ്ഥര്‍ തന്നെ പറയുന്നു.യഥാര്‍ഥ പ്രതികളിലേക്ക്എത്താന് പല കേസുകളിലും സാധിക്കാറില്ല.
മുപ്പത് കിലോമീറ്ററോളം നീളുന്ന മലയോര അതിര്‍ത്തി പ്രദേശത്തു കൂടിയും ദേശീയ പാത വഴിയും കടത്തുന്ന ലഹരി കണ്ടുപിടിക്കണമെങ്കില്‍ എക്സൈസിന് കൂടുതല്‍ സംവിധാനങ്ങളും വാഹന പരിശോധനകളും വേണ്ടിവരും. അതിര്‍ത്തി മേഖലയില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറം അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. അമരവിളയില്‍ നിന്നെത്തുന്ന എക്സൈസ്അധികൃതരുടെയും സഞ്ചരിക്കുന്ന പരിശോധനവാഹന ത്തിന്റെയും രഹസ്യ വിവരങ്ങളുടെയു മൊക്കെ അടിസ്ഥാനത്തിലാണ് നിലവില്‍ പരിശോധനകള്‍ നടക്കുന്നത്.അതിര്‍ത്തിയില്‍ പോലീസിന്റെ വാഹന പരിശോധനകള്‍ കാര്യമായി കുറഞ്ഞതും ലഹരിക്കടത്ത് സുഗമമാക്കുന്നുണ്ട്.
സ്കൂള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ലഹരി ഉപഭോക്താക്കളാണെന്നും അവര്‍ ക്രമേണ കടത്തുകാരായി മാറുകയാണെന്നും എക്സൈസ് തന്നെ സമ്മതിക്കുന്നുണ്ട്. അതിര്‍ത്തിയിലെ നൂറ്റാണ്ടു പിന്നിട്ട സ്കൂളിലെ വിദ്യാര്‍ത്ഥി വീട്ടിലെത്തിയാലുടന്‍ ഉറങ്ങാന്‍ തുടങ്ങുന്നത് പതിവാകുന്നത് നിരീക്ഷിച്ചു വന്നപ്പോഴാണ് സ്കൂളില്‍ നിന്നും ലഹരി ഉപയോഗിക്കുന്ന വിവരം പുറത്തായത്. പ്രദേശത്തെ പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ലഹരിയുമാ യി പിടിയിലായ സംഭവങ്ങളുമുണ്ട്.
സ്കൂള്‍സമയങ്ങളില്‍ ബൈക്കുകളില്‍ സ്കൂളുകള്‍ക്കു മുന്നില്‍ യുവാക്കളുടെ അഭ്യാസങ്ങള്‍ ലഹരിയുടെ മറ്റൊരു പ്രകടനമായി മാറുകയാണ്. അമിതവേഗതയിലുള്ള ഇവരുടെ സഞ്ചാരം വിദ്യാര്‍ഥികളുടെ ജീവനു തന്നെ ഭീഷണിയാണ്. വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിടുന്ന സമയത്താണ് സംഘം റോഡിലെത്തുന്നത്. അമിതശബ്ദത്തിലും അമിതവേഗതയിലും എത്തുന്ന ഇക്കൂട്ടര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൂടി അപകടകരമായ തരത്തിലാണ് വാഹനം ഓടിക്കുന്നത്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ദൃശ്യമല്ലാത്ത തരത്തിലാണ് വാഹനങ്ങള്‍. സ്കൂള്‍ പരിസരത്തിന് പുറമെ വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്ക്കുന്ന ബസ്റ്റോപ്പു കള്‍ക്ക് സമീപവും അഭ്യാസപ്രകടനം പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: